Uncategorized

“കർഷകർക്കും ഇടയന്മാർക്കും ഒരു വാക്ക്”

വചനം

സദൃശ്യവാക്യങ്ങള്‍ 27 : 23

“നിന്റെ ആടുകളുടെ അവസ്ഥ അറിവാൻ ജാഗ്രതയായിരിക്ക, നിന്റെ കന്നുകാലികളിൽ നന്നായി ദൃഷ്ടി വെക്കുക.”

നിരീക്ഷണം

എല്ലാ “കർഷകരോടും ഇടയന്മാരോടും” മായുളള ജ്ഞാനിയുടെ വാക്കുകളാണിത്. ഒരു ഇടയൻ ആട്ടിൻക്കൂട്ടത്തിന്റെ അവസ്ഥ അറിഞ്ഞ് അവയെ പരിപാലിക്കേണ്ടത് അനിവാര്യമാണെന്ന് ജ്ഞാനിയായ ശലോമോൻ പ്രസ്താവിക്കുന്നു.  അതോടൊപ്പം പുല്ലിനെയും വൈക്കോലിനേയുംകുറിച്ച് പറയുന്നിടത്താണ് കർഷകരെ ഓർക്കേണ്ടത്.  വയലുകള്‍ നന്നായി പരിപാലിക്കപ്പെട്ടാൽ കന്നുകാലികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുവാനും മനുഷ്യരായ നമ്മുക്ക് പാലും, ഭക്ഷണവും, ഇതര ഉൽപ്പന്നങ്ങളും ലഭ്യമാകുകയും ചെയ്യും.  എന്നാൽ “കർഷകരും, ഇടയന്മാരും” അവരവരുടെ ഉത്തരവാദിത്വം അവഗണിക്കുകയാണെങ്കിൽ ജീവന്റെ നിലനിൽപ്പുതന്നെ തകിടം മറിയുന്നു.

പ്രായോഗികം

ദൈവ ദാസന്മാർ കർഷകരേയും, ഇടയന്മാരേയും പോലെ ആട്ടിൻ കൂട്ടത്തെ നയിക്കുന്നവരാണ്.   ഇടയന്മാർ തങ്ങളെ ഏല്പിച്ച ആടുകളെയും, കർഷകർ തങ്ങളുടെ തോട്ടത്തെയും പരിപാലിക്കുന്നിടത്തോളം എല്ലാം ഉത്തമമായിരിക്കും. എന്നാൽ തങ്ങളുടെ ഉത്തരവാദിത്വം മറക്കുകയോ, മടിപിടിക്കുകയോ, മറ്റാരെയെങ്കിലും എല്പിക്കുകയോ ചെയ്താൽ തോട്ടവും ആടുകളും നഷ്ടപ്പെടാൻ ഒറ്റ രാത്രിമതിയാകും.  നിങ്ങള്‍ ഒരു ഇടയനോ, കർഷകനോ, ദൈവദാസനോ ആണെങ്കിൽ നിങ്ങളുടെ ആട്ടിൻകൂട്ടത്തേയും തോട്ടങ്ങളെയും മറ്റൊരാള്‍ക്ക് പരിപാലിക്കാൻ വിട്ടുകൊടുക്കരുത്. ഒരു പക്ഷേ, നിങ്ങള്‍ ഒരു നേതാവല്ല എന്നിരിക്കട്ടെ, യാതൊരു നേതൃത്വത്തിലും ആയിരിക്കുന്ന വ്യക്തി അല്ലായിരിക്കും. പ്രത്യക്ഷത്തിൽ നിങ്ങള്‍ അങ്ങനെ അല്ലെങ്കിലും എവിടെ ദൈവം നിങ്ങളെ ആക്കിയിരിക്കുന്നുവോ അവിടെ നിങ്ങള്‍ ഒരു വിശ്വസ്തനായ ഇടയനോ, തോട്ടക്കാരനോ ആയിരിക്കണം. അത് ഭവനമോ, ജോലി സ്ഥലമോ, മറ്റ് സ്വാധീനതയുളള സ്ഥലങ്ങളോ ആയിരിക്കാം. അല്ലെങ്കിൽ, ഒരു ചെറിയ സമയത്തിനുളളിൽ ശത്രു അതിനെ പരിപാലിക്കാൻ കഴിയാതവണ്ണം നശിപ്പിക്കും. ആയതുകൊണ്ട് ഓരോരുത്തരെയും ഏല്പിച്ച ഉത്തരവാദിത്വം കൃത്യമായി നിറവേറ്റുവാൻ എത്രയും ജാഗ്രതയായിരിപ്പിൻ!

പ്രാർത്ഥന

പ്രീയ യേശുവേ,

എന്നെ ഏല്പിച്ച ഉത്തരവാദിത്വം നന്നായി നിർവ്വഹിക്കുവാൻ എന്നെ സഹായിക്കേണമേ.  എന്നെ ഇതുവരെ വളർത്തിയതിനും, ആരോഗ്യം നൽകിയതിനും, പോറ്റിപ്പുലർത്തിയതിനും നന്ദി.  അതിനെല്ലാം ഉപരിയായി എന്നെ രക്ഷിച്ചതിന് വളരെ നന്ദി. എനിക്ക് പ്രത്യശിക്കുവാനും പ്രതീക്ഷവയ്ക്കുവാനും ഉളളത് അങ്ങു മാത്രമാണ്. അങ്ങ് എന്നെ തുടർന്നും സഹായിക്കേണമേ. ആമേൻ