“അവരെ രക്ഷിക്കൂ, കൊല്ലരുത്!
വചനം
യാക്കോബ് 5 : 20
പാപിയെ നേർവ്വഴിക്കു ആക്കുന്നവൻ അവന്റെ പ്രാണനെ മരണത്തിൽനിന്നു രക്ഷിക്കയും പാപങ്ങളുടെ ബഹുത്വം മറെക്കയും ചെയ്യും എന്നു അവൻ അറിഞ്ഞുകൊള്ളട്ടെ.
നിരീക്ഷണം
പാപം ചെയ്തവരെ വധിക്കുന്നതിനേക്കാൾ, പാപത്തിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിനാണ് കൂടുതൽ പ്രധാന്യമെന്ന് നമ്മുടെ കർത്താവിന്റെ സഹോദരനായ യാക്കേബ് അപ്പോസ്ഥലൻ ഇവിടെ വ്യക്തമാക്കുന്നു.
പ്രായോഗീകം
തിരുവെഴുത്തുകളിൽ ദൈവം മാത്രമാണ് “നീതിമാനായ ന്യായാധിപൻ” എന്ന് വിളിക്കപ്പെടുന്നത് (സങ്കീ. 7:11). മറ്റുള്ളവരോട് കരുണ കാണിക്കുന്നതിന് പകരം അവരെ വിധിക്കുന്നതിലേക്കാണ് നാം പലപ്പോഴും ചായവ് കാണിക്കുന്നത്. മറ്റുള്ളവരെ രക്ഷിക്കുന്നതിനോ കരുണ കാണിക്കുന്നതിനോ പകരം അവരെ നശിപ്പിക്കുന്നതിൽ അല്ലെങ്കിൽ വിധിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഒരു സ്വഭാവം എന്തുകൊണ്ടാണ് നമുക്കുള്ളത്? പാപത്തിൽ അകപ്പെട്ടവരെ രക്ഷിക്കുമ്പോൾ, അവരെ മരണത്തിൽ നിന്ന് രക്ഷിക്കുക മാത്രമല്ല, അവരുടെ അനേകം പാപങ്ങളെ മറയ്ക്കുക കൂടി ചെയ്യുന്നു എന്ന് ഈ വേദഭാഗം പ്രഖ്യാപിക്കുന്നു. പാപത്തിന്റെ ഒരു പ്രവൃത്തി ഒടുവിൽ എല്ലാവരെയും ബാധിക്കുന്നുവെങ്കിൽ, തീർച്ചയായും കൃപയുടെയും കരുണയുടെയും ഒരു പ്രവൃത്തിയും എല്ലാവരിലും എത്തിച്ചേരുന്നു. കടുത്ത വേദന അനുഭവിക്കുന്നവരുടെ കാര്യത്തിൽ, അവരെ നശിപ്പിക്കുകയല്ല, രക്ഷിക്കുകയാണ് വേണ്ടത് എന്ന് ഓർക്കുക.
പ്രാർത്ഥന
പ്രീയ യേശുവേ,
മറ്റുള്ളവരെ വിധിക്കുവാൻ തോന്നുമ്പോൾ ദൈവം എന്നെ രക്ഷിച്ചകാര്യം ഓർക്കുവാനും അങ്ങയുടെ സഹായത്താൽ മറ്റുള്ളവരെ സഹായിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
