Uncategorized

“അവർ അതിൽ നിറഞ്ഞിരുന്നു”

വചനം

മത്തായി 12 : 34

സർപ്പസന്തതികളെ, നിങ്ങള്‍ ദുഷ്ടരായിരിക്കെ നല്ലതു സംസാരിപ്പാൻ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞു കവിയുന്നതിൽനിന്നല്ലോ വായ് സംസാരിക്കുന്നതു.

നിരീക്ഷണം

ശബത്തു ദിവസങ്ങളിലും യേശു അത്ഭുതങ്ങള്‍ പ്രവർത്തിക്കുകയും രോഗികളെ സൗഖ്യമാക്കുകയും ചെയ്യുക പതിവായിരുന്നു.  അത് പരീശന്മാർക്ക് യേശുവിനോട് വിരോധം ഉണ്ടാകുവാൻ ഇടയായി.  അങ്ങനെ ഒരിക്കൽ യേശു ശബത്തിൽ ഒരു മനുഷ്യനെ സുഖപ്പെടുത്തി എന്നാൽ യേശു ന്യായപ്രമാണ ലംഘനം നടത്തി എന്ന് യേശുവിന്റെ മേൽ പരീശന്മാർ കുറ്റം ആരോപിക്കുവാൻ തുടങ്ങി. എന്നാൽ യേശു അവരെ നോക്കി സർപ്പസന്തതികളെ നിങ്ങള്‍ ദുഷ്ടന്മാരായിരിക്കെ നല്ലതു സംസാരിപ്പാൻ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞ് കവിയുന്നതല്ലോ വായ് സംസാരിക്കുന്നത് എന്ന് പറഞ്ഞു.  പരീശന്മാർ സമ്പൂർണ്ണ കാപട്യം നിറഞ്ഞിരുന്നവർ എന്ന് യേശു മനസ്സിലാക്കി.

പ്രായോഗികം

നമ്മുടെ അധരങ്ങളിൽ നിന്നും പുറപ്പെടുന്നത് നമ്മുടെ ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതാണ്.  ദാവീദ് രാജാവ് ദൈവത്തോട് ഇപ്രകാരം പ്രാർത്ഥിച്ചു “ദൈവമേ, എന്നെ ശോധന ചെയ്ത് എന്റെ ഹൃദയത്തെ അറിയേണമേ, എന്നെ പരീക്ഷിച്ചു എന്റെ നിനവുകളെ അറിയേണമേ, വ്യസനത്തിനുളള മാർഗ്ഗം എന്നിൽ ഉണ്ടോ എന്നു നോക്കി, ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തേണമേ” (സങ്കീർത്തനങ്ങള്‍ 139 : 23,24). ദാവീദിന്റെ ജീവിതത്തിലും പാപ സ്വഭാവങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ദൈവഹിതം ആരായുന്നതിനു മുൻഗണനകൊടുത്തിരുന്നതിനാൽ ദൈവം ദാവീദിനെക്കുറിച്ച് തന്റെ ഹൃദയപ്രകാരം ഉളള മനുഷ്യൻ എന്ന് സാക്ഷ്യം പറഞ്ഞു. ആയതുകൊണ്ട് കർത്താവിനോട് ദിവസവും നമ്മെ ശോധനചെയ്ത് അവിടുത്തേയ്ക്ക് അനിഷ്ടമായതെന്തെങ്കിലും ഉണ്ടോയെന്ന് തിരിച്ചറിയുവാനുളള കൃപയ്ക്കായി അപേക്ഷിക്കാം. ദൈവത്തിന് അനിഷ്ടമായതെക്കെ നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കാം. ദൈവത്തെ പ്രസാദിപ്പിക്കുവാൻ ആത്മാർത്ഥമായി ആഗ്രഹിക്കാം. ദുഷ്ചിന്തകള്‍ ഹൃദയത്തിൽ നിക്ഷേപിക്കാതെ ക്രിസ്തു നമ്മിൽ വളരുവാൻ തക്ക ദൈവ വചനംകൊണ്ട് നിറയുവാൻ ഇടയായിതീരട്ടെ.

പ്രാർത്ഥന

പ്രീയ യേശുവേ,

പരീശന്മാരുടെതുപോലെ ഒരു ദുഷ്ടഹൃദയം ഉണ്ടാകാതെ എന്നെ സൂക്ഷിക്കണമേ.  അങ്ങയെ പ്രസാദിപ്പിക്കുവാൻ ആത്മാർത്ഥമായി ഞാൻ ആഗ്രഹിക്കുന്നു അതിനായി എന്നെ സഹായിക്കേണമേ. ആമേൻ