Uncategorized

“എന്റെ പ്രശ്നം ഒഴിഞ്ഞുമാറലാണോ?”

വചനം

അപ്പോസ്ഥലപ്രവൃത്തികള്‍ 7 : 22

മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു.

നിരീക്ഷണം

ആദിമ സഭയിൽ അപ്പോസ്ഥലന്മാർ നിയമിച്ച ആദ്യത്തെ ഏഴ് മൂപ്പന്മാരിൽ ഒരുളായിരുന്നു സ്തെഫാനൊസ്.  അക്കാലത്ത് സ്തെഫാനൊസ് പരിശുദ്ധാത്മ ശക്തിയാൽ അനേക അത്ഭുതങ്ങളും അടയാളങ്ങളും ചെയതു. കുറേനക്കാരും കിലിക്യരും എഴുന്നേറ്റ് സ്തെഫാനൊസിനോട് തർക്കിച്ചു. അതുകൊണ്ട് യിസ്രായേലിന്റെ ഭരണപരമായ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്ന ന്യായാധിപസംഘത്തനു മുൻപാകെ തന്നെ വിസ്തരിക്കുവാൻ കൊണ്ടു ചെന്നു അപ്പോള്‍ സ്തെഫാനൊസ് അതിശക്തമായി ദൈവ വചനം അവരോട് വിസ്തരിച്ചു പറഞ്ഞു, അതിനിടയിൽ മോശയെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ് മോശ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു.

പ്രായോഗികം

ന്യായാധിപസംഘത്തനു മുൻപാകെ സ്തെഫാനൊസ് പ്രസംഗിച്ചതിൽ ആ ഒരു വരി മാത്രം അല്പം നിന്ന് ചിന്തിക്കേണ്ടതാണ്. യിസ്രായേൽ ജനത്തെ മിസ്രയിമ്യരുടെ അടിമത്വത്തിൽ നിന്ന് വിടുവിക്കുവാൻ ദൈവം മോശയോട് കത്തുന്ന മുള്‍പ്പടർപ്പിൽ നിന്നുകൊണ്ട് സംസാരിച്ചപ്പോള്‍ താൻ വിക്കനാകകൊണ്ട് തനിക്ക് അത് ചെയ്യുവാൻ കഴിയുകയില്ല എന്ന് മോശ പറഞ്ഞതായി നമുക്ക് പുറപ്പാട് പുസ്തകത്തിൽ വായിക്കുവാൻ കഴിയും. എന്നാൽ ദൈവം മോശയുടെ സഹോദരനായ അഹരോനെ കൂടെകൂട്ടുവാൻ ആവശ്യപ്പെട്ടു. മോശയ്ക്കു പകരം അഹരോൻ സംസാരിക്കും എന്ന് ദൈവം പറഞ്ഞു. എന്നാൽ നാം ദൈവ വചനം ഉടനീളം പരിശോദിച്ചാൽ യേശു കഴിഞ്ഞാൽ ഏറ്റവും നല്ലനേതാവായി മോശ പ്രവർത്തിച്ചതായി കാണുവാൻ കഴിയും. മാത്രമല്ല ഫറവോനോട് സംസാരിക്കുവാൻ മോശയോടുകൂടെ അഹരോൻ പോയതല്ലാതെ വേറെ ഒരിടത്തും മോശയ്ക്കുപകരം അഹരോൻ സംസാരിച്ചതായി കാണുന്നില്ല. മോശയുടെ പ്രശ്നം ദൈവനിയോഗത്തിൽ നിന്ന് പിൻമാറുവാനുള്ള ഒരു ഒഴികഴിവ് മാത്രം ആയിരിക്കുവാനാണ് സാധ്യത. പുതിയനിയമത്തിൽ ചരിത്ര പ്രസംഗം നടത്തിയ സ്തെഫാനൊസ് മോശയുടെ വിക്കിനെക്കുറിച്ച് ഒന്നും പരാമർശിച്ചിട്ടില്ല എന്നാൽ മോശ വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു എന്ന് വ്യക്തമായി എഴുതിയിരിക്കുന്നു. നാം നമ്മോട് തന്നെ ചോദിക്കുക ദൈവം തന്റെ പ്രവർത്തനങ്ങള്‍ക്കായി നമ്മെ വിളിച്ചപ്പോള്‍ എനിക്ക് അത് കഴിയില്ല എന്ന് പറഞ്ഞ് മാറിയത് ദൈവീക നിയേഗത്തിൽ നിന്ന് മാറുവാൻ ഒഴികഴിവ് പറഞ്ഞതാണോ? ഒരിക്കലും നാം അങ്ങനെ പറയാതിരിക്കുവാൻ ശ്രദ്ധിച്ചാൽ ദൈവത്തനുവേണ്ടി വൻകാര്യങ്ങളെ ചെയ്യുവാൻ ദൈവം നമ്മെ ശക്തീകരിക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

ഒരിക്കലും ഒഴികഴിവ് പറഞ്ഞ് അങ്ങ് നൽകുന്ന ദൗത്യത്തിൽ നിന്ന് പിൻമാറുവാൻ എനിക്ക് ഇയാകരുതേ. അങ്ങയുടെ വേല ചെയ്യുവാൻ അങ്ങ് എന്നെ നിയോഗിച്ചാൽ അത് ചെയ്യുവാനുള്ള കൃപ നൽകുമാറാകേണമേ. ആമേൻ