“തെളിയിക്കപ്പെട്ട വഴി”
വചനം
യിരമ്യാവ് 6 : 16
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ വഴികളിൽ ചെന്നു നല്ലവഴി ഏതെന്നു പഴയ പാതകളെ നോക്കി ചോദിച്ചു അതിൽ നടപ്പിൻ; എന്നാൽ നിങ്ങളുടെ മനസ്സിന്നു വിശ്രാമം ലഭിക്കും.
നിരീക്ഷണം
ഈ വചനം എഴുതുന്ന സമയത്ത് യെരുശലേം ഉപരോധത്തിലായിരുന്നു. ദൈവജനത്തിന് സാഹചര്യങ്ങൾ അത്ര അനുകൂലമായിരുന്നില്ല. എന്നാൽ സത്യമെന്തെന്നാൽ, അവർക്ക് തങ്ങളുടെ ഏറ്റവും വലിയ ശത്രുക്കൾ അവർ തന്നെയായിരുന്നു. അവിശ്വാസികളായ ജനതകൾ ആരാധിച്ചരുന്നതുപോലുള്ള കല്ലുകൊണ്ടും മരം കൊണ്ടുമുള്ള ദേവന്മാരെ ആരാധിക്കുവാനാണ് അവർ നിരന്തരം തീരുമാനിച്ചത്. ഈ വേദഭാഗത്ത് ദൈവം അവരോട് ഇപ്രകാരം അരുളിചെയ്യുന്നു. വഴി രണ്ടായി പിരിയുന്ന ഒരിടത്ത് എത്തുമ്പോൾ, തെളിയിക്കപ്പെട്ടവഴി തിരഞ്ഞെടുക്കുക. ഏതാണ് ഏറ്റവും നല്ലവഴിയെന്ന് ചുറ്റുമുള്ളവരോട് ചോദിച്ചറിയുക. ആ വഴി നിങ്ങൾ പിന്തുടരുകയാണെങ്കിൽ, നിങ്ങൾക്ക് സമാധാനവും വിശ്രമവും ലഭിക്കും.
പ്രായോഗീകം
നിരാശയോ ആശയക്കുഴപ്പമോ നിറഞ്ഞ സാഹചര്യങ്ങളിൽ, ഒരു പുതിയ ബ്രാൻഡ് കെട്ടിപ്പടുക്കാനോ അല്ലെങ്കിൽ പരിഹാരമെന്ന് തോന്നുന്ന ഒരു പുതിയ വഴി കണ്ടെത്താനോ ആണ് നാം പലപ്പോഴും ശ്രമിക്കാറുള്ളത്. പുതിയത് എപ്പോഴും മികച്ചതാണ് എന്നൊരു ചിന്ത നമ്മുടെ മനസ്സിൽ ഉറച്ചുപോയിട്ടുണ്ട്. എന്നാൽ തെളിയിക്കപ്പെട്ട വഴി
അന്വേഷിക്കാനാണ് ഈ വചനത്തിലൂടെ ദൈവം നമ്മോട് പ്രത്യേകം പറയുന്നത്, അതായത്, മുൻപ് ഫലപ്രദമെന്ന് തെളിയിക്കപ്പെട്ട വഴി കണ്ടെത്തുക. വാസ്തവത്തിൽ, ഇക്കാര്യത്തിൽ നാം എന്താണ് ചടെയ്യേണ്ടത്? എന്ന് മറ്റൊരാളോട് ചോദിക്കുവാൻ മടിക്കേണ്ടതില്ല. തെളിയിക്കപ്പെട്ട ആ വഴിയിലൂടെ മുൻപ് സഞ്ചരിച്ചിട്ടുള്ള ഒരാളോട് ചോദിക്കുന്നത് എളിമയുടെ അടയാളമാണ്. എളിമയുള്ള ഹൃദയത്തെ ദൈവം എപ്പോഴും മാനിക്കുന്നു.
പ്രാർത്ഥന
പ്രീയ യേശുവേ,
തെളിയിക്കപ്പെട്ട ആ വഴി എനിക്ക് വളരെ വ്യക്തമായി കാണിച്ചുതരേണമെന്ന് ഞാൻ വീണ്ടും അങ്ങയോട് അപേക്ഷിക്കുന്നു. ജീവിതയാത്രയിൽ ഇത്രയധികം വഴിത്തിരുവുകളിൽ ഞാൻ എങ്ങനെ എത്തിപ്പെടുന്നു എന്ന് എനിക്കറിയില്ല, എങ്കിലും, ഇതാ ഞാൻ വീണ്ടും അത്തരമൊരു ഘട്ടത്തിൽ എത്തിനിൽക്കുന്നു എന്നെ സഹായിക്കുമാറാകേണമേ. ആമേൻ
