Uncategorized

“ദൈവത്തിൽ നിന്ന് മനുഷ്യനിലേയ്ക്ക്”

വചനം

സങ്കീർത്തനങ്ങള്‍ 127 : 3

മക്കൾ, യഹോവ നല്കുന്ന അവകാശവും ഉദര ഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ.

നിരീക്ഷണം

സ്വർഗ്ഗത്തിലെ ദൈവം ഭൂമിയിലെ ജനങ്ങള്‍ക്കു നൽകുന്ന പ്രതിഫലം ആണ് മക്കള്‍ എന്ന് സങ്കീർത്തനക്കാരൻ പറയുന്നു. ഒരു വ്യക്തി യേശുവിനെ അനുഗമിച്ചാലും ഇല്ലെങ്കിലും, സമ്പന്നനായാലും ദരിദ്രനായാലും ദൈവം മക്കളെ ദാനമായി നൽകുന്നു. ഒരു കുടുംബത്തിൽ ദൈവം നൽകുന്ന മക്കള്‍ അവൻ ജനിക്കുന്ന ആ കുടുംബത്തെ തന്നെ ദാരിദ്ര്യത്തിൽ നിന്ന് സമൃദ്ധിയിലേയ്ക്ക് കൊണ്ട് എത്തിക്കുവാൻ കഴിവുള്ളവരായി തീരാറുണ്ട്. മക്കള്‍ നമ്മുടെ ജീവിതത്തിൽ കൊണ്ടുവരുന്ന നിരവധി നന്മകള്‍ ഉണ്ട് എന്നത് വാസ്തവമാണ്. തീർച്ചയായും മക്കള്‍ മാതാപിതാക്കള്‍ക്ക് ദൈവം നൽകുന്ന പ്രതിഫലമാണ്.

പ്രായോഗീകം

വിവാഹം കഴിക്കാത്ത ഒരു വ്യക്തിയോട് ദൈവം ജീവിതത്തിൽ നൽകിയ ഏറ്റവും വലിയ സമ്മാനം ഏത് എന്ന് ചോദിച്ചാൽ മാതാപിതാക്കള്‍, ഉന്നത വിദ്യാഭ്യാസം, ലഭിച്ച കഴിവുകള്‍, പണം, വീട്, സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള ഉത്തരങ്ങളായിരുക്കും അവർ നൽകുക. എന്നാൽ മാതാപിതാക്കളായവരോട് ചോദിച്ചാൽ അവർക്ക് എത്ര നന്മകള്‍ വേറെ ഉണ്ടെന്ന് പറഞ്ഞാലും ഏറ്റവും പ്രധാനപ്പെട്ടത് ദൈവം തന്ന തങ്ങളുടെ മക്കള്‍ തന്നെ എന്ന് അവർ തീർച്ചയായും  പറയും. ചില മാതാപിതാക്കള്‍ക്കു തങ്ങളുടെ കുഞ്ഞുങ്ങളെ വളർത്തുന്ന അവസരങ്ങളിൽ  വളരെ ബുദ്ധിമുട്ടുകളും വേദനകളും സഹിക്കേണ്ടി വന്നേക്കാം. എന്നാൽ അങ്ങനെ ആയിരിക്കുമ്പോഴും അതിലൂടെയും ചില പാഠങ്ങള്‍ മാതാപിതാക്കള്‍ പഠിക്കാറുണ്ട്. ഉദാഹരണത്തിന് മാനസീകമോ ശാരീരികമോ ആയ വെല്ലുവിളികള്‍ നേരിടുന്ന കുഞ്ഞുങ്ങളുളള മാതാപിതാക്കള്‍ അവരെ വളർത്തുവാൻ ഒത്തരി കഷ്ടപ്പെടേണ്ടിവരും. അങ്ങനെയുളള മാതാപിതാക്കള്‍ ഏന്തുകൊണ്ട് ഇത് ഞങ്ങള്‍ക്ക് ഇങ്ങനെ സംഭവിച്ചു എന്ന് പലപ്പോഴും ചോദിക്കാറുണ്ട്. എന്നാൽ അത്തരം ആളുകള്‍ പിന്നത്തേതിൽ അവരുടെ ജീവിതാനുഭവത്തിൽ നിന്നു പറയും ഇത് എനിക്ക് ദൈവവുമായുള്ള ബന്ധം ദൃഢമാക്കുവാൻ ദൈവം തന്ന ദാനം ആയിരുന്നു എന്ന്. ഇങ്ങനെ പറയുവാൻ നമുക്ക് കഴിയണം മക്കള്‍ യഹോവ നൽകിയ ദാനം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് ജീവിതത്തിൽ നൽകിയ എല്ലാ നല്ല ദാനങ്ങള്‍ക്കും ഞാൻ അങ്ങേയ്ക്ക് നന്ദിപറയുന്നു. മക്കള്‍ ദൈവത്തിന്റെ ദാനം എന്ന് ഞാൻ അറിയുന്നു. എല്ലാ മക്കളും അങ്ങേയ്ക്കുവേണ്ടി ജീവിക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ