Uncategorized

“ദൈവത്തെക്കുറിച്ചുളള അറിവിൽ വളരുക”

വചനം

കൊലൊസ്സ്യർ 1 : 10

“നിങ്ങള്‍ പൂർണ്ണപ്രസാദത്തിനായി കർത്താവിനു യോഗ്യമാകുംവണ്ണം നടന്നു, ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ സൽപ്രവൃത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുളള പരിജ്ഞാനത്തിൽ വളരേണമെന്നും”

നിരീക്ഷണം

അപ്പോസ്തലനായ പൌലോസ് തുർക്കിയിലെ കൊലൊസ്സ്യ എന്ന സ്ഥലത്ത് രൂപം കൊണ്ട പുതിയ സഭയ്ക്ക് എഴുതീയ ചില വാക്കുകളാണിത്. തന്റെ അനുയായികളും താനും പുതിയ സഭയെകുറിച്ച് കേട്ടപ്പോള്‍ മുതൽ അവർ ദൈവത്തെക്കുറിച്ചുളള അറിവിൽ വളരണമെന്ന് പ്രാർത്ഥിച്ചുകൊണ്ടിരുന്നതായി അദ്ദേഹം അവരോടു പറയുന്നു.  അങ്ങനെ അവർക്ക് കർത്താവിന് യോഗ്യമായ ഒരു ജീവിതം നയിക്കാനും എല്ലാകാര്യങ്ങളിലും കർത്താവിനെ പ്രസാദിപ്പിക്കുവാനും കഴിയും. മാത്രമല്ല, അവർ ചെയ്യുന്ന സൽപ്രവൃത്തിയിലും ഫലം കായ്ക്കേണമെന്ന് പൌലോസ് ആഗ്രഹിക്കുകയും അവർക്കു വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.  അവർ തുടർച്ചയായി, “ദൈവത്തെക്കുറിച്ചുളള അറിവിൽ വളരുന്ന” ആളുകളായിരിക്കണമെന്ന് പൌലോസ് ആഗ്രഹിച്ചു.

പ്രായോഗികം

നിങ്ങളുടെ സമയം എവിടെ? എങ്ങനെ ചിലവഴിക്കുന്നു? കുടുംബസ്ഥരാണെങ്കിൽ, കുടുംബത്തിനുവേണ്ടി അദ്ധ്വാനിക്കണം.  അതിന് നമ്മുക്ക് ജോലിതരുന്ന വ്യക്തികളെ നാം പ്രീതിപ്പെടുത്തേണ്ടിവരാം.  കൂടാതെ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണം.  മാത്രമല്ല, തുടർച്ചയായി ജോലി ചെയ്യേണ്ടതിന് ശാരീരികമായ ശക്തി ആവശ്യമാണ് അതിനായി വിശ്രമത്തിന് സമയം മാറ്റിവയ്ക്കാൻ മറക്കരുത്.  ഇതെല്ലാം നമ്മുക്ക് അത്യാവശ്യമാണ്. എന്നാൽ ഒരു ചോദ്യം ചോദിക്കട്ടെ!  നിങ്ങള്‍ “ദൈവത്തെക്കുറിച്ചുളള അറിവിൽ വളരുകയാണോ?”  മറ്റെല്ലാത്തിനും നിങ്ങള്‍ സമയം മാറ്റിവയ്ക്കുമ്പോള്‍ ഒരു നിശ്ചിത സമയം “ദൈവത്തെക്കുറിച്ചുളള അറിവിൽ വളരാൻ” സമയം കണ്ടെത്തേണ്ടതാണ്. കാരണം യേശു നിങ്ങളിൽ വളരുന്നില്ലെങ്കിൽ നിങ്ങള്‍ ശരിക്കും വളരുന്നില്ല അങ്ങനെയെങ്കിൽ വാസ്തവത്തിൽ നിങ്ങള്‍ മരിക്കുകയാണ്.  അതൊരിക്കലും പാടില്ല. അങ്ങനെയെങ്കിൽ ഒരു ക്രമീകരണം ആവശ്യമാണ്. നാളെ അല്ല, അതിന് ഇന്ന് തന്നെ തുടക്കം കുറിക്കാം.  അങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ ജീവിതം തന്നെ അത്ഭുതമാകും അതിനായി ദൈവം നമ്മെ സഹായിക്കട്ടെ.

പ്രാർത്ഥന

കർത്താവേ,

ഇന്ന് ഒരിക്കൽക്കൂടി അങ്ങയോടൊപ്പം സമയം ചിലവഴിക്കാൻ എന്നെ സഹായിച്ചതിന് നന്ദി.  അതിനാൽ അങ്ങയെക്കുറിച്ചുളള അറിവിൽ എനിക്ക് വളരുവാൻ കഴിയുന്നു. എല്ലാ ദിവസവും കൂടുതൽ സമയം അങ്ങയോടൊപ്പം ചിലവഴിക്കാൻ എന്നെ സഹായിക്കേണമേ. ആമേൻ