Uncategorized

“നമ്മുടെ പ്രവൃത്തികള്‍ മറ്റുള്ളവർക്ക് പ്രയോജനമുളളതാണോ?”

വചനം

1 കൊരിന്ത്യർ 10 : 23

സകലത്തിന്നും എനിക്കു കർത്തവ്യം ഉണ്ടു; എങ്കിലും സകലവും പ്രയോജനമുള്ളതല്ല. സകലത്തിന്നും എനിക്കു കർത്തവ്യം ഉണ്ടു; എങ്കിലും സകലവും ആത്മികവർദ്ധന വരുത്തുന്നില്ല.

നിരീക്ഷണം

നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെയുള്ള ദൈവ കൃപ പാപത്തിന്റെയും മരണത്തിന്റെയും നിയമത്തിൽ നിന്ന് നമ്മെ സ്വതന്ത്രരാക്കി എന്നത് സത്യമാണ്. എങ്കിലും വിശ്വാസികള്‍ എന്ന നിലയിൽ, വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഒരുപോലെ വിശ്വാസപൂർണ്ണമായ ജീവിതത്തിന്റെ വിശുദ്ധ മാതൃകകളാകാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. അപ്പോസ്തലനായ പൌലോസ് 1 കൊരിന്ത്യർ 11:1 ൽ ഇപ്രകാരം പറഞ്ഞു “ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ.” അതുകൊണ്ട്, ഒരു വിശ്വാസിക്ക് തങ്ങള്‍ക്ക് ഇഷ്ടമുള്ളത് എന്തും ചെയ്യുവാനുള്ള അവകാശം തനിക്കുണ്ടെന്ന് ഒരിക്കലും ചിന്തിക്കരുത്. എന്നാൽ അവർ ക്രിസ്തുവിനുവേണ്ടി തന്നെത്താൻ താഴ്ത്തുവാൻ വിളിക്കപ്പെട്ടിരിക്കുന്നു എന്ന ചിന്തയോടെ ജീവിക്കേണ്ടത് ആവശ്യമാണ്. കർത്താവിന് പ്രസാദകരമായ ജീവിതം നയിക്കുവാൻ വിളിക്കപ്പെട്ടവരാണ് നാം എന്ന് ഏതൊരാളും തിരിച്ചറിയുമ്പോള്‍, മറ്റുളളവർക്ക് പ്രയോജനകരവും സൃഷ്ടിപരവും ആയ ജീവിതം നയിക്കുന്നവരായി മാറും.

പ്രായോഗീകം

നാം ഈ വചനം വായിക്കുമ്പോള്‍, എനിക്ക് ഈ ലോകത്തിൽ ഒറ്റയ്ക്ക് ജീവിക്കണമോ അതോ മറ്റുള്ളവരുമായി ഇടപഴകി ജീവിക്കുവാൻ കഴിയുമോ എന്ന ഒരു ചിന്തയുണ്ടാക്കുവാൻ ഇടയുണ്ട്. ദൈവവചനം നാം ഒരു സന്യാസ ജീവിതം നയിക്കണം എന്ന് പറയുന്നില്ല. നമുക്ക് ചുറ്റുമുള്ളവരുമായി നല്ല ബന്ധം പുലർത്തുവാൻ വിശ്വാസികളായ നമുക്ക് എപ്പോഴും കർത്താവിൽ ആശ്രയിച്ചുകൊണ്ട് കഴിയും. നമ്മെ ഒരു സമൂഹജീവിയായിട്ടാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നത്. നാം എല്ലാവരും തെറ്റിപ്പോകുന്നവരാണ്. എന്നാൽ നാം മനഃപ്പുർവ്വം നമ്മുടെ കാര്യ സാധ്യത്തിനുവേണ്ടി മറ്റുള്ളവരെ തെറ്റിലേയ്ക്ക് നയിച്ചിട്ട് നാം അതിൽനിന്ന് സ്വതന്ത്രരാകുന്നത്  ശരിയല്ല. ഒരു പ്രവർത്തി ചെയ്യുന്നതിന് മുമ്പ് ഞാൻ ഈ പ്രവർത്തി ചെയ്യുന്നതു മൂലം മറ്റാർക്കെങ്കിലും കൂടെ പ്രയോജനമുണ്ടാകുമോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയതിനുശേഷം ആ പ്രവർത്തി ചെയ്യുക ആയിരിക്കും ശരി.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ പ്രവൃത്തികള്‍ മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്നരീതിയിൽ പ്രവർത്തിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. മറ്റുള്ളവർക്ക് ദോഷം വരുന്ന ഒന്നും ചെയ്യാതിരിക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ