Uncategorized

“പുതിയ വാതിൽ തുറക്കുന്നതുവരെ കാത്തിരിക്കുക”

വചനം

സഭാപ്രസംഗി 7 : 18

നീ ഇതു പിടിച്ചുകൊണ്ടാൽ കൊള്ളാം; അതിങ്കൽനിന്നു നിന്റെ കൈ വലിച്ചുകളയരുതു; ദൈവഭക്തൻ ഇവ എല്ലാറ്റിൽനിന്നും ഒഴിഞ്ഞുപോരും.

നിരീക്ഷണം

ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോനിൽ നിന്നുള്ള ഒരു നിർദ്ദേശം ആണിത്. ജീവിതത്തിൽ ഏത് തരത്തിലുള്ള മാറ്റങ്ങളും മുമ്പിൽ വരുമ്പോള്‍, നിങ്ങളുടെ കരത്തിലുള്ളതിനെ വിടുന്നതിനുമുമ്പ് പുതിയ കരാർ ഒപ്പിട്ടിട്ടുണ്ടെന്നും സീൽ ചെയ്തിട്ടുണ്ടെന്നു അത് നിങ്ങള്‍ക്ക് കിട്ടും എന്നും ഉറപ്പു വരുത്തിയിട്ടു മാത്രം കൈയ്യിലുള്ളതിനെ വിട്ടുകളയാവൂ എന്നാണ് ഇവിടെ ജ്ഞാനിയായ ശലോമോൻ വ്യക്തമാക്കുന്നത്.

പ്രായോഗികം

ജ്ഞാനിയായ ശലോമോന്റെ ഈ ഉപദേശം കൈകൊള്ളാതെ പോയ അനേക ആളുകളെ നമുക്ക് അറിയാം. പുതിയ ജോലികിട്ടും എന്ന് തോന്നി ഉണ്ടായിരുന്നതിനെ ഉപേക്ഷിച്ചു എന്നാൽ പുതിയത് കിട്ടിയില്ല. ഇവിടെ ആ വ്യക്തി ചെയ്ത തെറ്റ് എന്താണ്? ഈ ജ്ഞാനിയുടെ ഉപദേശം അനുസരിച്ചില്ല എന്നതുതന്നെ. ആയതിനാൽ നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും നല്ലത് വരുന്നതുവരെ ഉള്ളതിനെ ഉപേക്ഷിക്കാതെ തുറന്നുവരുന്ന വാതിലിനായി കാത്തിരിക്കുക. നിങ്ങളുടെ മാറ്റത്തിനുള്ള സമയം ആകുമ്പോള്‍ വാതിൽ തുറക്കും. അഥവാ ആ വാതിൽ തുറന്നില്ലെങ്കിൽ നിങ്ങള്‍ക്ക് നല്ലതു വരുന്നതുവരെ ഉള്ളതിനെ ഉപേക്ഷിക്കരുത്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ജീവിതത്തിലെ അടുത്ത ഒരു പടിയിലേയ്ക്ക് എപ്പോഴും നടത്തുന്നതിനായി നന്ദി. പുതിയ വാതിൽ തുറക്കുന്നതുവരെ കാത്തിരിക്കുവാനുള്ള കൃപ നൽകുമാറാകേണമേ. ആമേൻ