Uncategorized

“ബഹുമാനിക്കുക”

വചനം

ആവർത്തനം 5 : 16

നിനക്കു ദീർഘായുസ്സു ഉണ്ടാകുവാനും നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു നന്നായിരിപ്പാനും നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.

നിരീക്ഷണം

ദൈവം ആദ്യത്തെ കല്പനയോടുകൂടെ ഒരു വാഗ്ദത്തവും നൽകിയിട്ടുണ്ട്. നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക എന്നതാണ് ആദ്യത്തെ കല്പന. അങ്ങനെ ചെയ്താൽ ദീർഘായുസ്സു ഉണ്ടാകുകയും നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു അനുഗ്രഹങ്ങളെ നൽകുകയും ചെയ്യും എന്ന് അരുളിചെയ്തു.

പ്രായോഗികം

നമ്മുടെ മാതാപിതാക്കള്‍ എപ്പോഴും നമുക്ക് നല്ലവരായിരിക്കും എന്ന് ദൈവം ഒരിക്കലും പറഞ്ഞിട്ടില്ല. ചിലർക്ക് നല്ല മാതാപിതാക്കള്‍ ഉണ്ടായിരിക്കും എന്നാൽ അനേകരുടെ മാതാപിതാക്കള്‍ അവർക്ക് ദോഷമായി പെരുമാറിയതായും കാണുവാൻ കഴിയും. ദൈവം അതൊന്നും പരാമർശിച്ചിട്ടില്ല. ഏതൊക്കെ സാഹചര്യം ആയിരുന്നാലും നമ്മുടെ ദൈവം കല്പിച്ചിരിക്കുന്നത് ബഹുമാനിക്കുക എന്നതാണ്. പിതാവിനെയും മാതാവിനെയും ബഹുമാനിക്കുന്ന വ്യക്തി മറ്റുള്ളവരെയും ബഹുമാനിക്കുന്നവൻ ആയിരിക്കും. നാം മറ്റുള്ളവരെ ബഹുമാനിക്കുന്ന വ്യക്തിയാണെങ്കിൽ മറ്റുള്ളവർ നമ്മെയും ബഹുമാനിക്കും. അങ്ങനെയുള്ള വ്യക്തികളെ അനേകർക്ക് പ്രവേശിക്കുവാൻ കഴിയാത്ത ഇടങ്ങളിൽ ദൈവം കൊണ്ടെത്തിക്കും. മറ്റള്ളവരെ ബഹുമാനിക്കുന്നവർ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നത് വ്യത്യസ്ഥ രീതിയിൽ ആയിരിക്കും. അതുകൊണ്ട് അവർക്ക് സമ്മർദ്ദങ്ങളിൽ നിന്ന് ഒഴിഞ്ഞിരിക്കുവാൻ കഴിയും. അങ്ങനെയുള്ളവർക്ക് നല്ല ആരേഗ്യവും, ദീർഘായിസ്സും ഉണ്ടായിരിക്കും. മാത്രമല്ല അവർ പോകുന്നിടത്തൊക്കെയും നല്ല സുഹൃത്തുക്കളും ഉണ്ടായിരിക്കും അതാണ് ബഹുമാനിക്കുന്ന വ്യക്തികള്‍ക്ക് ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്നത്.

പ്രാർത്ഥന

പ്രീയ യേശുവേ,

മറ്റുള്ളവരെ ബഹുമാനിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ, അതിലൂടെയുള്ള അനുഗ്രഹങ്ങളെ എനിക്ക് ദാനം ചെയ്യുമാറാകേണമേ. ആമേൻ