Uncategorized

“ലക്ഷ്യങ്ങള്‍ സാദ്ധ്യമാക്കുവാൻ വിലകൊടുക്കേണ്ടിവരും”

വചനം

മർക്കൊസ് 10 : 33

“ഇതാ, നാം യെരൂശലേമിലേക്കു പോകുന്നു; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ മരണത്തിനു വിധിച്ചു ജാതികള്‍ക്കു ഏല്പിക്കും.”

നിരീക്ഷണം

യെരുശലേമിലേക്കുളള യേശുക്രിസ്തുവിന്റെ വിജയകരമായ ആ പ്രവേശനത്തിനു മുമ്പേ അവസാനമായി ഒരിക്കൽക്കൂടി തന്റെ മരണത്തെ പ്രവചിക്കുന്ന സാഹചര്യമാണ് നാം ഇവിടെ വായിക്കുന്നത്.  മനുഷ്യപുത്രൻ യെരുശലേമിൽ മഹാപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കയ്യിൽ ഏൽപ്പിക്കപ്പെടും അവർ അവനെ മരണത്തിന് വിധിക്കും എന്ന വസ്തുത അറിയാമായിരുന്നിട്ടും യേശുക്രിസ്തു യെരുശലേമിലേക്ക് കടന്നു പോയതു കണ്ടിട്ട് ശിഷ്യന്മാർ ആശ്ചര്യപ്പെട്ടു.

പ്രായോഗികം

മനുഷ്യ വർഗ്ഗത്തിന്റെ പാപങ്ങളെ മോചിക്കുവാനും, സമൃദ്ധിയായ ജീവൻ നൽകുവാനും മാത്രമല്ല, ഒരു ക്രിസ്ത്യാനി ഈ ഭൂമിയിൽ എങ്ങനെയായിരിക്കണം എന്ന് പഠിപ്പിക്കുവാൻ കൂടിയാണ് യേശുക്രിസ്തു ഈ ലോകത്തിൽ വന്നത്. ലോകസ്ഥാപനത്തിനു മുമ്പ് കർത്താവിന്റെ വരവിന്റെ ഉദ്ദേശം നിശ്ചയിക്കപ്പെട്ടിരുന്നു. സകല മനുഷ്യരുടെയും പാപങ്ങള്‍ക്കു പ്രായശ്ചിത്ത യാഗമായിതീരുവാൻ കർത്താവ് ഭൂമിയിലേക്ക് വന്നു.  യേശുക്രിസ്തു മരിച്ചു, മരിച്ചവരിൽനിന്നും ഉയർത്തെഴുന്നേറ്റശേഷം ദൈവത്തിന്റെ വലത്തു ഭാഗത്തേക്ക് കയറിപ്പോകയും ഇന്നും ജീവിച്ചിരുന്ന് മനുഷ്യരാശിക്കുവേണ്ടി പക്ഷപാതം ചെയ്യുകയും ചെയ്യുന്നു.  വലിയ വില കൊടുത്ത് തന്റെ പ്രാണനെ തന്നെ വെടിഞ്ഞ് ക്രിസ്തുയേശു തന്റെ ലക്ഷ്യത്തെ സാധ്യമാക്കിതീർത്തു. ഇതുപോലെ ദൈവമക്കളായ നമുക്കോരോരുത്തർക്കും ക്രിസ്തീയ ജീവിതത്തിൽ ചില ലക്ഷ്യങ്ങള്‍ ഉണ്ട്. ചിലപ്പോള്‍ അവ പൂർത്തികരിപ്പാൻ വലീയ വിലകൊടുക്കേണ്ടി വന്നേക്കാം. ഒരു പക്ഷേ നമ്മുടെ ജീവൻ തന്നെ അർപ്പിക്കേണ്ടി വന്നാലും ലക്ഷ്യങ്ങളേയും ഉത്തരവാദിത്വങ്ങളെയും പൂർത്തീകരിപ്പാൻ നാം തയ്യാറാകണം.

പ്രാർത്ഥന

പ്രീയ യേശുവേ,  

എന്റെ ജീവിതം അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുവാൻ എന്നെ സഹായിച്ചതിനായി ഞാൻ നന്ദി പറയുന്നു.  അവിടുത്തെ ഹിതം നിറവേറ്റുക എന്നതാണ് എന്റെ ജീവിത ലക്ഷ്യം. അവ ഒരു മടിയുംകൂടാതെ നിറവേറ്റുന്നതിനായി എന്റെ ജീവനെ അർപ്പിക്കുവാനും ഞാൻ തയ്യാറാണ് അതിനായി എന്നെ സഹായിക്കേണമേ. ആമേൻ