Uncategorized

“ശക്തമായി മുന്നേറുക”

വചനം

സംഖ്യാപുസ്തകം 34 : 19

“അവർ ആരെല്ലാമെന്നാൽ: യെഹൂദാഗോത്രത്തിൽ യെഫുന്നെയുടെ മകൻ കാലേബ്”

നിരീക്ഷണം

യിസ്രായേൽ മക്കള്‍ വാഗ്ദത്ത ഭൂമിയായ കനാനിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ എല്ലാ ഗോത്രങ്ങള്‍ക്കും അതിരുകള്‍ നിശ്ചയിക്കണമെന്ന് യഹോവയായ ദൈവം മോശയോട് കൽപ്പിച്ചു.  വാഗ്ദത്ത കനാനിൽ ഓരോ ഗോതത്തിനും ലഭിക്കേണ്ടുന്ന ഭൂമിയുടെ അതിർവരമ്പുകള്‍ യഹോവയായ ദൈവത്തിന്റെ ഹിതപ്രകാരം തന്നെ നിശ്ചയിക്കപ്പടേണം. ദേശത്തെ അവകാശമായി ജനത്തിനു വിഭാഗിച്ചു നൽകുവാൻ ദൈവം ഓരോ ഗോത്രത്തിൽനിന്നും ഓരോ പ്രഭുക്കന്മാരെ തിരഞ്ഞെടുക്കുവാൻ കൽപ്പിച്ചു.  അപ്രകാരം യഹൂദാ ഗോത്രത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു യെഫുന്നയുടെ മകനായ കാലേബ്.

പ്രായോഗികം

യിസ്രായേൽ മക്കള്‍ മിസ്രയിമിൽ നിന്ന് പുറപ്പെടുന്ന സമയം മുതൽ കാലേബ് അവരോടൊപ്പം ഉണ്ടായിരുന്നു. ഗോത്രങ്ങളെ പ്രതിനിധീകരിച്ച് പത്രണ്ട് പേർ കനാൻ ദേശം ഒറ്റു നോക്കാൻ പോയകൂട്ടത്തിലും കാലേബ് ഉണ്ടായിരുന്നു. പന്ത്രണ്ടിൽ പത്തു പേരും വാഗ്ദത്ത ദേശത്തെ പിടിച്ചെടുക്കുവാൻ കഴിയില്ല എന്ന അവിശ്വാസത്തിന്റെ അഭിപ്രായം പറഞ്ഞപ്പോള്‍, യോശുവയും കാലേബും മാത്രം ദേശം നമുക്ക് പിടിച്ചെടുക്കുവാൻ കഴിയും എന്ന് ഉറച്ച വിശ്വാസത്തിന്റെ പ്രഖ്യാപനം നടത്തി. ആയതുകൊണ്ട് തന്നെ ദേശം ഉറ്റുനോക്കുവാൻ പോയ പന്ത്രണ്ട് പേരിൽ യോശുവയും കാലേബും മാത്രമല്ലാതെ ആരും തന്നെ വാഗ്ദത്ത ദേശത്ത് പ്രവേശിച്ചില്ല.  മരുഭൂമിയിൽ അവർ നാല്പ്പതു വർഷം അലഞ്ഞു നടക്കേണ്ടി വന്നു എങ്കിലും വാഗ്ദത്തദേശം പിടിച്ചെടുക്കും വരെ കാലേബ് യിസ്രായേൽ ജനത്തോടുകൂടെ ഉണ്ടായിരുന്നു എന്ന് മാത്രമല്ല അദ്ദേഹത്തിന് നല്ലോരവകാശം വാഗ്ദത്തദേശത്ത് ലഭിക്കുകയും ചെയ്തു.  എന്തു വന്നാലും “ശക്തമായി മുന്നേറുക” എന്ന ദൃഢനിശ്ചയം കാലേബിന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു. കാലേബിനെപ്പോലെ എന്തുതന്നെ പ്രതിസന്ധികള്‍ വന്നാലും ഉറച്ച തീരുമാനത്തോടെ “ശക്തമായി മുന്നേറുക” . 

പ്രാർത്ഥന

പ്രീയ യേശുവേ,  

ഇതുവരെ എന്റെ ക്രിസിതീയ ജീവിതത്തെ കൊണ്ടു വന്നതിനായി ഞാൻ നന്ദി പറയുന്നു.  അന്ത്യത്തോളം അങ്ങയുടെ വാഗ്ദത്തങ്ങളിൽ ആശ്രയിച്ച് പ്രതിസന്ധികളെ ധരണം ചെയ്തു “ശക്തമായി മുന്നേറുവാൻ” എന്നെ സഹായിക്കേണമേ. ആമേൻ