“യഹോവയുടെ ആലയത്തിനായുള്ള തീക്ഷണത”
വചനം
സങ്കീർത്തനം 69 : 9
നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളഞ്ഞു; നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണിരിക്കുന്നു.
നിരീക്ഷണം
ദാവീദ് രാജാവ് യഹോവയുടെ ആലയത്തെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്. ഇന്ന് നമുക്ക് സഭയെക്കുറിച്ച് എത്രപറഞ്ഞാലും മതിയാകുകയില്ല. ഇവിടെ അദ്ദേഹം കർത്താവിനോട് പറഞ്ഞത്, കർത്താവിന്റെ ആലയത്തോടുള്ള അദ്ദേഹത്തിന്റെ തീക്ഷണത അക്ഷരാർത്ഥത്തിൽ തന്നെ വിഴുങ്ങിക്കളഞ്ഞു എന്നാണ്.
പ്രായോഗീകം
രാജാവിന് യഹോവയുടെ ആലയത്തോട് അത്രയധികം സ്നേഹമുണ്ടായിരുന്നു, അതിലുപരി യഹോവയുടെ സാന്നിധ്യത്തോടും. സഭയെക്കുറിച്ചുള്ള ദാവീദിന്റെ ചില പ്രസ്താവനകൾ ഇതാ: നിന്റെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാൾ ഉത്തമമല്ലോ; ദുഷ്ടന്മാരുടെ കൂടാരങ്ങളിൽ പാർക്കുന്നതിനെക്കാൾ എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽ കാവൽക്കാരനായിരിക്കുന്നതു എനിക്കു ഏറെ ഇഷ്ടം (സങ്കി.84:10), യഹോവയുടെ ആലയത്തിൽ നടുതലയായവർ നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളിൽ തഴെക്കും. (സങ്കീ. 92:13). ദാവീദിന്റെ മകൻ ശലോമോൻ ഒരു ദിവസം കർത്താവിനായി ഒരു സ്ഥിരമായ ആലയം പണിയുവാൻ കഴിയേണ്ടതിന് അദ്ദേഹം വർഷങ്ങളോളം പദ്ധതികൾ തയ്യാറാക്കുകയും പണം സ്വരൂപിക്കുകയും ചെയ്തു. ദാവീദിന്റെ അഭിനിവേശത്തിന്റെ വെളിച്ചത്തിൽ, നാമെല്ലാവരും സ്വയം ചോദിക്കണം, എനിക്ക് യഹോവയുടെ ആലയത്തക്കുറിച്ചുള്ള തിക്ഷണത എത്രമാത്രം ഉണ്ട്?
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ ആലയത്തെക്കുറിച്ച് വളരെ തീക്ഷണതയുള്ളവനാകുവാനും അങ്ങയുടെ സാമിഭ്യം ഏറെ ആസ്വദിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
