“വീണ്ടും അടിമപ്പെടരുത്”
വചനം
2 പത്രോസ് 2 : 19
ഒരുത്തൻ ഏതിനോടു തോല്ക്കുന്നുവോ അതിന്നു അടിമപ്പെട്ടിരിക്കുന്നു.
നിരീക്ഷണം
കള്ള പ്രവാചകരെ സൂക്ഷിച്ച് ഒഴിവാക്കുവാൻ യേശുവിനെ അനുഗമിക്കുന്നവരെ സഹായിക്കുവാനുള്ള അപ്പോസ്ഥലനായ പത്രോസിന്റെ ശ്രമങ്ങളെക്കുറിച്ചാണ് ഈ അധ്യായം മുഴുവനായും പ്രതിപാദിക്കുന്നത്. അക്കാലത്ത് പലരും കള്ള പ്രവാചകരാൽ വഞ്ചിക്കപ്പെടുന്നുണ്ടായിരുന്നു. കുളിപ്പിച്ച് വൃത്തിയാക്കിയ പന്നി വീണ്ടും ചെളിയിലേയ്ക്ക് മടങ്ങുന്നതുപോലെയാണ് അവർ എന്ന് പത്രോസ് പറഞ്ഞു (വാക്യം 22). തൽഫലമായി, എന്തിനെയെങ്കിലും തങ്ങളെ ഭരിക്കുവാൻ അനുവദിച്ചാൽ, അതിന് അവർ അടിമകളായിത്തീരുന്നു എന്ന് പത്രോസ് ഈ വചനത്തിലൂടെ വ്യക്തമാക്കുന്നു.
പ്രായോഗീകം
നമ്മുടെ പഴയ പാപപൂർണ്ണമായ ജീവിതത്തിൽ നിന്ന് യേശുവിന് പ്രസാദകരമായ ഒരു ജീവിതത്തിലേയക്ക് മാറുന്ന പ്രക്രിയയെ വിശുദ്ധീകരണം എന്ന് വിളിക്കുന്നു. മുമ്പ് നമ്മെ അടിമത്വത്തിൽ നിർത്തിയിരുന്ന ആശയങ്ങളും പ്രവൃത്തികളും യഥാർത്ഥത്തിൽ നമ്മെ പൂർണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലാക്കിയിരുന്നു. വാസ്തവത്തിൽ, ആ ചിന്തകൾക്കും പ്രവൃത്തികൾക്കും നാം അടിമകളായിരുന്നു. എന്നാൽ, നമ്മുടെ കർത്താവായ യേശുവിന്റെ കൃപയാൽ അത്തരം നിർബന്ധിത പ്രവൃത്തികളിൽ നിന്ന് നമുക്ക് വിടുതൽ ലഭിച്ചിരിക്കുന്നു. എന്നാൽ, നിങ്ങൾ വീണ്ടും പഴയ അടിമത്വത്തിന്റെ ജീവിതത്തിലേയ്ക്ക് വഴുതിവീഴുന്നതായി തോന്നുണ്ടെങ്കിൽ, ഒട്ടും വൈകരുത്, യേശുവിൽ ആശ്രയിച്ചുകൊണ്ട് കൃപയിൽ തന്നെ നിൽക്കുവാൻ ശ്രമിക്കുക.
പ്രാർത്ഥന
പ്രീയ യേശുവേ,
പാപത്തിന്റെ അടിമത്വത്തിൽ നിന്ന് അങ്ങ് എന്നെ രക്ഷിച്ചതിനായി നന്ദി, വീണ്ടും അതിലേയക്ക് വീഴാതെ എന്നെ തന്നെ സൂക്ഷിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
