Uncategorized

“അന്ത്യകാല ലക്ഷണങ്ങൾ”

വചനം

വെളിപ്പാട് 9 : 20

ഇവയാലത്രേ കേടു വരുത്തുന്നതു. ഈ ബാധകളാൽ മരിച്ചുപോകാത്ത ശേഷം മനുഷ്യരോ ദുർഭൂതങ്ങളെയും, കാണ്മാനും കേൾപ്പാനും നടപ്പാനും വഹിയാത്ത പൊന്നു, വെള്ളി, ചെമ്പു, കല്ലു, മരം ഇവകൊണ്ടുള്ള ബിംബങ്ങളെയും നമസ്കരിക്കാതവണ്ണം തങ്ങളുടെ കൈപ്പണി വിട്ടു മാനസാന്തരപ്പെട്ടില്ല.

നിരീക്ഷണം

ഈ ദൈവത്തിന്റെ വചനം നമ്മെ ഓർമ്മപ്പെടുത്തുന്നത് ആർക്കും ആരെയും ഭയപ്പെടുത്തി സ്വർഗ്ഗത്തിൽ കൊണ്ടുപോകുവാൻ കഴയുകയില്ല എന്നതാണ്. അന്ത്യകാലത്തിന്റെ ഭാവി എന്തായിരിക്കും എന്നത് അപ്പോസ്തലനായ യോഹന്നാൻ ആത്മവിവശതയിൽ ദർശിച്ചു.  മുകളിൽ പറഞ്ഞ ദൈവ വചനം എഴുതിയിരിക്കുന്നത് ഈ ഭൂമിയൽ വരാനിരിക്കുന്ന എഴ് വർഷത്തെ മഹാ കഷ്ടകാലത്തു സംഭവിക്കുന്ന കാര്യങ്ങളാണ്.  അവ ഇനിയും ഈ ഭൂമിയിൽ വരുവാനിരിക്കുന്ന ദൈവത്തിന്റെ ന്യായവിധികളാണ്. വെളിപ്പാടു പുസ്തകം ഒൻപതാം അദ്യായത്തിൽ ദൈവം ഭൂമിയിലെ മൂന്നിലെന്ന് മനുഷ്യരെ ന്യായവിധിയാൽ നശിപ്പിക്കും എന്ന് ഓർപ്പിക്കുന്നു. മാത്രമല്ല ആ സമയത്ത് ജനങ്ങള്‍ കഷ്ടതകൊണ്ട് മരിക്കുവാൻ ആഗ്രഹിച്ചിട്ടും മരിക്കുവാൻ കഴിയാതെ നിലവിളിക്കുകയും ചെയ്യും. എന്നാൽ ഈ ന്യായവിധിക്കുശേഷവും അവശേഷിച്ച ജനങ്ങള്‍ അവരുടെ പാപങ്ങളെ ഓർത്ത് പശ്ചാതപിക്കുകയോ ദൈവത്തിങ്കലേയ്ക്ക് മടങ്ങിവരുകയോ ചെയ്തില്ല എന്ന് അവിടെ വായിക്കുവാൻ കഴിയും.

പ്രായോഗീകം

വെളിപ്പാടു പുസ്തകത്തിൽ ജനങ്ങള്‍ ഇത്രയും കഷ്ടം അനുഭവിച്ചിട്ടും അവരുടെ പാപങ്ങളെ വിട്ട് മാനസാന്തരപ്പെട്ടില്ല എന്നത് വളരെ അതിശയിപ്പിക്കുന്ന കാര്യം തന്നെ. ദൈവത്തിന്റെ കോപം ജ്വലിക്കുവാൻ തക്കവണ്ണം മനുഷ്യർ തങ്ങളുടെ പാപങ്ങളെ വർഷങ്ങളായി ആവർത്തിച്ചു കൊണ്ടിരിക്കുന്നു. ഒരു കാര്യം ഓർക്കുക ഒരിക്കലും നമുക്ക് ദൈവത്തെ ഭയപ്പടുത്തുവാൻ കഴിയുകയില്ല.  നമ്മുടെ ചുറ്റുപാടുകളിലേയ്ക്ക് ഒന്ന് നോക്കിയാൽ എത്ര അവസരങ്ങള്‍ കിട്ടിയാലും ദൈവത്തിന്റെ വഴിയിലേയ്ക്ക് മടങ്ങവരുവാൻ മനസ്സില്ലാതെ ജീവിക്കുന്ന അനേകരെ കാണുവാൻ കഴിയും.  അവരെ വചനപ്രകാരം തിരുത്തുവാൻ ശ്രമിച്ചാൽ അവർ അത് അംഗീകരിക്കുവാൻ തയ്യാറാകാതെ മാറിപ്പോകുന്നത് കാണുവാൻ കഴിയും. സ്നേഹവാനായ ദൈവത്തെ മറുതലിച്ചാൽ അങ്ങനെയുള്ളവരുടെ ഭാവി ശോഭനമാകുകയില്ല. ഒരു കാര്യം സത്യമാണ്  ആരെയും ഭയപ്പെടുത്തി സ്വർഗ്ഗത്തിലേയ്ക്ക് കൊണ്ടുപോകുവാൻ സാധ്യമല്ല. വെളിപ്പാടു പുസ്തകത്തിലെ പ്രവചനങ്ങളും, അന്ത്യകാല സംഭവങ്ങളും എല്ലാം അത് വളരെ വ്യക്തമാക്കുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

ന്യായവിധിയിൽ അകപ്പെടാതെ ദൈവ വചനപ്രകാരം ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ഈ ലേഖനം വായിക്കുന്ന എന്റെ പ്രീയ സുഹൃത്തിനേയും അങ്ങ് അതിനായി സഹായിക്കേണമേ. ആമേൻ