Uncategorized

“ഇത്രത്തോളം യഹോവ സഹായിച്ചു”

വചനം

സങ്കീർത്തനങ്ങള്‍ 118 : 13

ഞാൻ വീഴുവാൻ തക്കവണ്ണം നീ എന്നെ തള്ളി; എങ്കിലും യഹോവ എന്നെ സഹായിച്ചു.

നിരീക്ഷണം

ദാവീദ് രാജാവിന്റെ വാക്കുകളാണിത്. ദാവീദിനെ വീഴ്ത്തുവാൻ തക്കവണ്ണം ആരാണ് ശ്രമിച്ചത് എന്ന് ഈ ഭാഗത്ത് വ്യക്തമല്ല, എങ്കിലും പഴയ നിയമം നാം പഠിക്കുമ്പോള്‍ ദാവീദിന്റെ ജീവിതത്തിൽ നിരവധി ശത്രുക്കള്‍ ഉണ്ടായിരുന്നതായി കാണാം. എന്നാൽ യിസ്രായേലിൽ ഒന്നാമത്തെ  രാജാവായ ശൗൽ തന്റെ ജീവനെ എടുക്കുവാൻ പലതവണയായി അസ്രാന്ത പരിശ്രമം നടത്തിയത് നമുക്ക് കാണുവാൻ കഴിയും.   ദുരാത്മാവ് ബാധിച്ച ശൗലിന്റെ ആശ്വാസത്തിനായി കിന്നരം വായിച്ചുകൊണ്ടിരുന്ന ദാവീദിനെ കുന്തം എറിഞ്ഞ് വീഴ്ത്തുവാൻ ശൗൽ  ശ്രമിച്ചു.  യാതൊരു പ്രകോപനവും കൂടാതെ ദാവീദിനെ ഉന്മൂലനാശം ചെയ്യുവാൻ പലതവണയായി ശൗൽ ദാവീദിനെ പിൻതുടർന്നു.  ദാവീദിന് രണ്ടു തവണ ശൗലിനെ കൊല്ലുവാൻ അവസരം ലഭിച്ചു എന്നാൽ അത് ചെയ്യാതെ ശൗലിനെ വെറുതെ വിട്ടു. ദൈവം അഭിഷേകം ചെയതവനെ തൊടുകയില്ലെന്ന ഉറപ്പ് ദാവീദിന് ഉണ്ടായിരുന്നു എങ്കിലും  ഇങ്ങനെ തന്നെ കൊല്ലുവാൻ പിന്നാലെ വന്നവനെ വെറുതെ വിടുവാൻ ദാവീദിന് എങ്ങനെ കഴിഞ്ഞു എന്ന് ചിന്തിച്ചാൽ ദാവീദ് പറയും കർത്താവ് എന്നെ സഹായിച്ചു.

പ്രായോഗീകം

ഈ സങ്കീർത്തനം മുഴുവനും ദാവീദ് രാജാവിന്റെ ജീവിത്തിൽ ദൈവം രക്ഷയ്ക്കായി ചെയ്ത അത്ഭുത പ്രവൃത്തികളെ ഓർത്ത് ദൈവത്തിനു സ്തുതി പാടുന്നതാണ്. ദാവീദ് തന്റെ ഇന്നലകളിലേയ്ക്ക് തിരിഞ്ഞ് നേക്കി ദൈവത്തെ സ്തുതിക്കുമ്പോള്‍ ദാവീദിന്റെ ഇന്നത്തെ ജീവിതം സമാധാനപൂർണ്ണമാണ്.  ചിലപ്പോള്‍ നാം നമ്മുടെ ജീവിതത്തിന്റെ ഇന്നലകളിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോള്‍ നമ്മുടെ ജീവിതത്തിലുണ്ടായ തിക്ത അനുഭവങ്ങളായിരിക്കാം ഓർമ്മയിൽ വരുന്നത്.  ജീവിതത്തിലുണ്ടാകുന്ന തിക്ത അനുഭവങ്ങളുടെ നടുവിൽ നാം എങ്ങനെ ആയിരിക്കണമെന്നാണ് ദാവീദ് നമ്മെ ഇവിടെ പഠിപ്പിക്കുന്നത്. ദാവീദിന്റെ ഇന്നലകളിൽ കഷ്ടവും, സങ്കടവും, നിന്ദയും, പരിഹാസവും, അസമാധാനവുമൊക്കെ ആയിരുന്നു അനുഭവം എന്നാൽ ദൈവത്തിൽ ആശ്രയിച്ച ദാവീദിനെ യഹോവ സഹായിച്ചു!  ഇന്ന് സന്തോഷവും, സമാധാനവും, അധികാരവും കിരീടവും തനിക്ക് സ്വന്തമായിരിക്കുന്നു. നാം വിശ്വസിക്കുന്ന ദൈവത്തിന്റെ സഹായത്താൽ നാം എപ്പാഴും അഭിവൃത്തി പ്രാപിക്കുകയും ദൈവത്തെ സ്തുതിച്ചു മഹത്വപ്പെടുത്തുകയും ചെയ്യും എന്നതുകെണ്ട് ഉദ്ദേശിക്കുന്നത് അതാണ്.  ഇത് വായിക്കുമ്പോള്‍ പ്രീയ സുഹൃത്തേ, താങ്കള്‍ക്കും ജീവിത്തിൽ അനേകം തിക്ത അനുഭവങ്ങള്‍ ഓർക്കുവാൻ ഉണ്ടായിരിക്കാം. ചില സന്ദർഭങ്ങളിൽ ജീവിതം അവിടെ അവസാനിച്ചു എന്നുപോലും തോന്നിയിട്ടുണ്ടാവാം എന്നാൽ ആ സന്ദർഭങ്ങളിൽ കർത്താവാണ് താങ്കളെ സഹായിച്ചത്. എന്റെ അന്നത്തെ കഷ്ടങ്ങളിൽ എന്റെ ദൈവം എന്നെ സഹായിച്ചില്ലായിരുന്നു എങ്കിൽ ഇന്ന് എനിക്ക് സമാധാനത്തോടെ ജീവിക്കുവാൻ കഴിയുകയില്ലയിരുന്നെന്ന് താങ്കള്‍ക്ക് പറയുവാൻ കഴിയുമോ? എന്നാൽ ഇനിയുളള ജീവിതം പഴയ കാല ജീവിത്തെ ഓർത്ത് ദുഃഖിക്കാതെ ദാവീദിനെപ്പോലെ ദൈവത്തിന് സ്തുതിപാടി സന്തോഷത്തോടെ ജീവിക്കുവാൻ തീരുമാനിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ  ജീവിത്തിൽ വന്ന കഷ്ടതയുടെ കാലങ്ങിളിൽ അങ്ങ് എന്ന സഹായിച്ചു. മരണനിഴലിന്റെ താഴ്വരയിലും അവിടുന്ന് എന്നെ വിടുവിച്ചു. ആയതിനാൽ ഇന്ന് ഞാൻ സന്തോഷത്തോടെ ആയിരിക്കുന്നു. അങ്ങ് എന്നെ ഇതുവരെ നടത്തിയതിന് നന്ദി. ഇനിയും പഴയകാല തിക്ത അനുഭങ്ങളെ ഓർത്ത് വിഷമിക്കാതെ അവിടുന്ന് നടത്തിയ വഴികളെയോർത്ത് സന്തോഷിക്കുവാനും ഇന്ന് ഞാൻ ക്രിസ്തുവിൽ ആയിരിക്കുന്നു എന്ന് ഓർത്ത് ആനന്ദിക്കുവാനും കൃപ നൽകുമാറാകേണമേ. ആമേൻ