Uncategorized

“നാം ആയിരിക്കുന്ന നാടിന്റെ സമാധാനവും സമൃദ്ധിയും തേടുക”

വചനം

യിരമ്യാവ് 29 : 7

ഞാൻ നിങ്ങളെ ബദ്ധന്മാരായി കൊണ്ടുപോകുമാറാക്കിയ പട്ടണത്തിന്റെ നന്മ അന്വേഷിച്ചു അതിന്നുവേണ്ടി യഹോവയോടു പ്രാർത്ഥിപ്പിൻ; അതിന്നു നന്മ ഉണ്ടെങ്കിൽ നിങ്ങൾക്കും നന്മ ഉണ്ടാകും.

നിരീക്ഷണം

യെഹൂദാ ജനം ദൈവത്തെ വിട്ട് പിൻമാറിയതുകൊണ്ട് അവരെ ബാബിലോണ്യ അടിമത്വത്തിലേക്ക് അയക്കുകയും എഴുപതു വർഷം അവർ അടിമകളായി അവിടെ പാർക്കുകയും ചെയ്തു. അവർ ആയിരിക്കുന്ന അടിമത്വത്തെ ഓർത്ത വിലപിക്കുന്നതിനുപകരം  അവർ പാർക്കുന്ന ദേശത്തിന്റെ സമാധാനവും സമൃദ്ധിയും അന്വേഷിക്കുവാൻ ദൈവം യിരമ്യാ പ്രവാചകനിലുടെ അരുളിചെയ്തു.  അവർ പാർക്കുന്ന ദേശം അഭിവൃദ്ധി പ്രാപിച്ചാൽ ആ നന്മ അവർക്കും പ്രാപിക്കുവാൻ കഴിയും എന്നതാണ് ദൈവീക വാഗ്ദത്തം. ദൈവം അവരെ ബാബിലോണിൽ അയച്ചിരുന്ന  ശിക്ഷാവിധിയുടെ നാളുകളിൽ അവർ അവിടെ താമസിക്കുവാനും നല്ല വീടുകള്‍ പണിയുവാനും, പൂന്തോട്ടങ്ങള്‍ നട്ടു പിടിപ്പിക്കുവാനും, കൃഷി ചെയ്ത് നല്ലഭക്ഷണം കഴിക്കുവാനും, വിവാഹം കഴിക്കുവാനും, എണ്ണത്തിൽ പെരുകുവാനും എല്ലാം അവർക്ക് അനുവാദം നൽകി. അവർ എണ്ണത്തിൽ കുറയുകയല്ല പെരുകുകതന്നെ  വേണമെന്ന് ദൈവം ആഗ്രഹിച്ചു.

പ്രായോഗീകം

ഈ വചനം ജനത്തിന് വളരെ പ്രചോദനം നൽകുന്നതായിരുന്നു.  യിസ്രായേൽ ജനം ദൈവത്തിൽ നിന്ന് വളരെ അകന്നു പോകുകയും അതിന്റെ അനന്തരഫലം അനുഭവിക്കുകയും ചെയ്തു. പ്രവാസത്തിലേക്ക് പോകേണ്ടി വന്ന ജനത്തെ ദൈവം അവടെയും കൈവിട്ടില്ല. അവർ ആയിരിക്കുന്ന ദേശത്തിന്റെ സമാധാനവും സമൃദ്ധിയും അന്വേഷിപ്പാനും അതിൽകൂടി അവർക്കും  നന്മ ഉണ്ടാകും എന്നും ദൈവം അരുളി ചെയ്തു. നാം ഈ ലോകത്തിൽ എവിടെ ആയിരുന്നാലും വിജയിക്കുവാൻ ദൈവം നമ്മോട് അരുളി ചെയ്യുന്നു. നാം ചിലപ്പോള്‍ യേശുവിനെ അറിയാത്ത ജനങ്ങളുടെ ഇടയിലായിരിക്കാം പാർക്കുന്നത്. അവിടെ ഒരു പക്ഷേ പ്രവാസിയെപ്പോലെ നിങ്ങള്‍ ആയിരിക്കാം എങ്കിലും ക്രിസ്തീയ വിശ്വാസം മുറുകെ പിടിച്ചുകൊണ്ട് ക്രിസ്തീയ മൂല്ല്യങ്ങളെ ഉയർത്തി പിടിക്കുക. അപ്രകാരം ജീവിച്ചുകൊണ്ട് ദേശത്തിന്റെ അഭിവൃദ്ധിക്കായി പ്രാർത്ഥിക്കേണ്ടത് നമ്മുടെ കടമയാണ്. നാം ആയിരിക്കുന്ന സാഹചര്യങ്ങളെ നോക്കി പരാതി പറയുകയും, ദൂഃഖിച്ചും കരഞ്ഞും കൊണ്ട് മുന്നോട്ടുപേകുകയും അല്ല വേണ്ടത് നാം ആയിരിക്കുന്നിടത്ത് സന്തോഷത്തോടെ പാർത്ത് നിങ്ങള്‍ക്കും ആ ദേശത്തിനും നന്മയുണ്ടാകുവാൻ പ്രാർത്ഥിക്കയാണ് വേണ്ടത്. അങ്ങനെ നാം ചെയ്യുമ്പോള്‍ ദൈവം പ്രാർത്ഥന കേട്ട് നിങ്ങളേയും നിങ്ങള്‍ ആയിരിക്കുന്ന ദേശത്തേയും അനുഗ്രഹിക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ പാർക്കുന്ന എന്റെ ദേശത്ത് വളരെ പ്രതികൂലങ്ങളും പ്രശ്നങ്ങളും ഉണ്ട് എന്നാൽ അതിൽ നിന്ന് എന്റെ ദേശത്തെ വിടുവിക്കേണമേ. എന്റെ ദേശത്ത് നല്ല അഭിവൃദ്ധിയും സമാധാനവും ഉണ്ടാകുവാൻ ഞാൻ പ്രർത്ഥിക്കുന്നു. അവിടുന്ന് അതിനായി സാഹായിക്കേണമേ. ആമേൻ