Uncategorized

“ഇനി ഉപയോഗമില്ലാത്തതല്ല”

വചനം

യെഹെസ്കേൽ 15 : 5

അതു മുഴുവനായിരുന്നപ്പോൾതന്നേ ഒരു പണിക്കും കൊള്ളാതിരുന്നു; തീ അതിനെ ദഹിപ്പിക്കയും അതു ദഹിച്ചുപോകയും ചെയ്തശേഷം വല്ല പണിക്കും കൊള്ളുമോ?

നിരീക്ഷണം

ഈ അദ്യായത്തിൽ യഹോവയായ ദൈവം യിസ്രായേൽ ജനത്തെ ഉപയോഗമില്ലാത്ത ഒരു മുന്തിരിവള്ളിയോട് ഉപമിച്ചിരിക്കുന്നു. തീ ദഹിപ്പിക്കുന്നതിനു മുൻപ്പ്ത്തന്നെ യിസ്രായേൽ എന്ന മുന്തിരിവള്ളി ഉപയോഗശൂന്യമായിരുന്നു എന്നാൽ ഇപ്പോള്‍ അതിന്റെ രണ്ട് അറ്റവും മദ്ധ്യത്തിലും തീപിടിച്ചിരിക്കുന്നു. ഈ അവസ്ഥയിൽ ഇനി എങ്ങനെ ഉപയോഗപ്രദമാകും എന്ന് യഹോവയായ ദൈവം ചോദിക്കുന്നു. ഇതാണ് ഇപ്പോഴത്തെ യിസ്രായേലിന്റെ അവസഥ.  തീയുടെ അവസ്ഥയിൽ നിന്നും ജീവനോടെ പുറത്തുവന്നാലും അവർ പിന്നെയും ദൈവത്താൽ ശിക്ഷിക്കപ്പെടും കാരണം അവർ ദൈവത്തവിട്ട് പാപം ചെയ്തു. ആയതുകൊണ്ട് അവർ തീയുടെ അവസ്ഥയ്ക്ക് മുമ്പും ഉപയോഗമില്ലാത്തവർ അതിനുശേഷവും അങ്ങനെ തന്നെ.

പ്രായോഗീകം

യിസ്രായേൽ ജനത്തെപ്പോലെ നാമും ഒരേ തെറ്റുകള്‍ വീണ്ടും വീണ്ടും ചെയ്യാറില്ലേ? അതുപോലെ ആയിരുന്നു പ്രവാചകൻ ഈ അദ്യായം എഴുതുമ്പോള്‍ യിസ്രായേൽ ജനത്തിന്റെ അവസ്ഥ. ദൈവം തിരഞ്ഞെടുത്ത ജനമായിരുന്നു യിസ്രയേൽ എന്നാൽ അവർ ദൈവ വഴി വിട്ട് പാപം ചെയ്ത് അവരുടെ ഉള്ളിൽ പശ്ചാതാപമോ, കുറ്റബോധമോ ഇല്ലാതായി തീർന്നു. യിസ്രായേൽ ജനം മുമ്പും ഉപയോഗമില്ലാത്തവരായിരുന്നു എന്നാൽ അഗ്നിശോധനയിലുടെ കടന്ന് പോയിട്ടും ദൈവം അവരെ ജീവനോടെ പുറത്തുകൊണ്ടുവന്നെങ്കിലും അവർ ഇപ്പോഴും ഉപയോഗമില്ലാത്തവർ തന്നെ. ആ അവസ്ഥയിൽ നിന്ന് മടങ്ങിവരുവാൻ ദൈവം അവരോട് ഇടവിടാതെ അരുളിചെയ്തുകൊണ്ടിരുന്നു എന്നാൽ അവർ ദൈവത്തിന്റെ അരുളപ്പാടുകളെ അനുസരിച്ചില്ല . ഈ വചനം ഇന്ന് നമ്മോടും അന്ന് എന്ന പോലെ സംസാരിക്കുന്നു. നാം നമ്മുടെ ജീവിതത്തിലെ പാപവഴികളെ വിട്ട് മടങ്ങി വരുവാനുളള എത്രയേ അവസരങ്ങള്‍ പാഴാക്കി ജീവിതത്തെ ഉപോയാശൂന്യമായി തീർത്തു. എന്നാൽ ദൈവം കരുണാ സമ്പന്നൻ ആയതുകൊണ്ട് വീണ്ടും നമ്മെ വീണ്ടെടുത്ത് ഉപയോഗമുള്ള പാത്രമാക്കി മാറ്റി.  ഇത് വായിക്കുന്ന പ്രീയ സ്നേഹിതാ, താങ്കളുടെ അവസ്ഥ ഇന്ന് എങ്ങനെയായിരിക്കുന്നു?  താങ്കള്‍ ദൈവ കൃപയാൽ വീണ്ടെടുക്കപ്പെട്ട വ്യക്തിയാണോ? അതോ ഇന്നും പാപത്തിന്റെ വഴിയിലുടെ സഞ്ചരിച്ച് കുഴഞ്ഞ അവസ്ഥയിലാണോ? അതോ കഷ്ടതയാകുന്ന തീയിലൂടെ കടന്നുപോകുന്ന വ്യക്തിയാണോ? ദൈവ വഴികളിൽ തന്നെ നടക്കുവാൻ ഇന്ന് ഒരു തീരുമാനം എടുക്കുവാൻ കഴിഞ്ഞാൽ താങ്കള്‍ കടന്നുപോകുന്ന തീയുടെ അവസ്ഥയിൽ നിന്ന് താങ്കളെ ജീവനോടെ പുറത്തുകൊണ്ടു വരുവാൻ ദൈവം ആഗ്രഹിക്കുന്നു. അങ്ങനെ ആയാൽ താങ്കള്‍ ഉപോയഗശൂന്യമല്ല മറിച്ച് കർത്താവിന്റെ മാനപാത്രമായിമാറും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്നെ പാപമാകുന്ന കുഴഞ്ഞ അവസ്ഥയിൽ നിന്നു രക്ഷിച്ചതിനു നന്ദി. അങ്ങ് എന്നെ കഷ്ടതയാകുന്ന തീയിൽ പരിശോധന കഴിച്ചാൽ ഞാൻ വീണ്ടും പഴയ പാപ അവസ്ഥയിൽ കടന്നുപോകാതെ  ദൈവത്തിൽ ആശ്രയിച്ച് പൊന്നുപോലെ പുറത്തുവരുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ