Uncategorized

“സിംഹം കരഞ്ഞു”

വചനം

യെഹെസ്കേൽ 19 : 1,2

നീ യിസ്രായേലിന്റെ പ്രഭുവിനെക്കുറിച്ചു ഒരു വിലാപം ചൊല്ലേണ്ടതു: നിന്റെ അമ്മ ആരായിരുന്നു; ഒരു സിംഹി തന്നേ; അവൾ സിംഹങ്ങളുടെ ഇടയിൽ കിടന്നു തന്റെ കുട്ടികളെ ബാലസിംഹങ്ങളുടെ ഇടയിൽ വളർത്തി.

നിരീക്ഷണം

യെഹെസ്കേൽ  പ്രവാചകന്റെ പുസ്തകം പത്തൊൻപതാം അദ്യായം ഒന്നാം വാക്യത്തിൽ യിസ്രായേലിലെ യുവ പ്രഭുക്കന്മാരെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്. യുവ പ്രഭുക്കന്മാരുടെ പ്രവർത്തികളെ കണ്ട് യഹോവയായ ദൈവം പ്രവാചകനോട് ഒരു വിലാപ ഗീതം രചിക്കുവാൻ ആവശ്യപ്പെടുന്നു. ഈ അദ്യായത്തിൽ സിംഹം എന്ന് പ്രതീകാത്മകമായി യഹൂദയെയാണ് കാണിച്ചിരിക്കുന്നത്.  ബാബിലോൺ രാജാവായ നെബുഖദ്നേസർ യിസ്രായേൽ ജനതയെ ബാബിലോണിലേയ്ക്ക് അടിമകളായി കൊണ്ട് പോകുന്നതിന് മുൻമ്പ് യെറുശലേം ഭരിച്ചിരുന്ന അവസാനത്തെ നീതിമാനായ രാജാവായിരുന്നു യോശീയാവ്.  അതിനുശേഷം കടന്നു വന്ന യുവ രാജാക്കന്മാർ യെഹോവാഹാസ്, യെഹോയാക്കീം, യെഹോയാഖീൻ, സിദക്കിയാവ് എന്നീ യുവ രാജാക്കന്മാരെല്ലാവരും ദൈവത്തെ വിട്ട് പാപം ചെയ്യുന്നവരായിരുന്നു. രാജാക്കന്മാർ ദൈവത്തെ അനുസരിക്കാതെ വരുമ്പോള്‍ ജനങ്ങളും ദൈവത്തെ വിട്ട് അകന്നു മാറും, അതുകൊണ്ടാണ് സിംഹം കരഞ്ഞത്.

പ്രായോഗീകം

യെഹെസ്കേൽ  പ്രവാചകന്റെ പുസ്തകം പത്തെൻപതാം അദ്യായം ഒരു സങ്കടകരമായ യിസ്രിായേലിന്റെ അവസ്ഥയാണ് കാണുവാൻ കഴിയുന്നത്. യെഹെസ്കേൽ  പ്രവാചകന്റെ കാലത്തെ യഹൂദാ രാഷ്ട്രമെന്ന സിംഹം  കരഞ്ഞുവെങ്കിൽ ഇന്ന് നാം ജീവിക്കുന്ന രാജ്യം കരയുന്നുണ്ടോ?  തീർച്ചയായും നാം യിസ്രായേലിനെപ്പോലെ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമല്ലായെങ്കിലും ദൈവത്തിന്റെ വചനം പ്രാചീനകാലം മുതൽക്കു തന്നെ മുഴങ്ങികേട്ട രാജ്യമാണ്. എന്നാൽ ഇന്നത്തെ നമ്മുടെ രാജ്യത്തിന്റെ അവസ്ഥ വളരെ ശോചനീയമാണ്. പഴയകാല പിതാക്കന്മാർ ദൈവത്തെ ആത്മാർത്ഥമായി ആരാധിച്ചിടത്ത് ഇന്ന് ചെറുപ്പക്കാർ ദൈവത്തെ വിട്ട് അകന്ന് സ്വന്ത ഇഷ്ടപ്രകാരം ജീവിക്കുന്നു. ആരെ ഓർത്താണ് ഇപ്പോള്‍ കരയേണ്ടത്? നമുക്ക് നമ്മുടെ യുവ സഹോദരങ്ങളെ ഓർത്ത് കരയേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.  യുവ തലമുറ ദൈവത്തെ വിട്ട് മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി അവരുടെ ജീവിതം നശിപ്പിക്കുന്നു. അന്ന് യഹൂദാ രാഷ്ട്രമെന്ന സിംഹം കരഞ്ഞുവെങ്കിൽ ഇന്ന് നമ്മുക്ക് ഒരുമിച്ച് ഇന്ത്യയുടെ യുവ തലമുറയ്ക്കുവേണ്ടി കരയാം.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞങ്ങളുടെ യുവ തലമുറ ദൈവത്തിങ്കലേയ്ക്ക് തിരിയുവാൻ അവർക്ക് കൃപ കൊടുക്കുമാറാകേണമേ. ഞങ്ങളുടെ രാജ്യത്തിന്റെ സമ്പത്തായ അവർ മയക്കുമരുന്നിലും മദ്യത്തിനും അടിമപ്പെട്ട് നശിക്കുവാൻ ഇടയാകരുതേ. ആമേൻ