Uncategorized

“ദുഷിച്ച പഴഞ്ചൊല്ല്”

വചനം

യെഹെസ്കേൽ 12 : 22

മനുഷ്യപുത്രാ, കാലം നീണ്ടുപോകും; ദർശനമൊക്കെയും ഒക്കാതെപോകും എന്നു നിങ്ങൾക്കു യിസ്രായേൽ ദേശത്തു ഒരു പഴഞ്ചൊല്ലുള്ളതു എന്തു?

നിരീക്ഷണം

യഹോവയായ ദൈവം യെഹെസ്കേലിനോട് ചോദിക്കുന്ന ഒരു ചോദ്യമാണ് ഈ വചനം. യിസ്രായേൽ ജനം പറയുകയാണ് ഞങ്ങള്‍ ദർശനങ്ങള്‍ കാണുന്നുണ്ട് എന്നാൽ അതു സംഭവിക്കുന്നില്ല. യഹോവയായ ദൈവം ഇപ്രകാരം പറയുന്നു ഈ പഴഞ്ചൊല്ല് എന്തു? ഞാൻ ഈ ദുഷിച്ച പഴഞ്ചൊല്ല് അവസാനിപ്പിക്കുവാൻ പോകുന്നു. അവർ കേട്ട എല്ലാ പ്രവചനങ്ങളും നിറവേറുവാൻ പോകുന്നു.  അങ്ങനെ യിസ്രായേൽ ജനം ഇനി ആ വാക്കുകള്‍ ഉച്ചരിക്കുകയില്ല.

പ്രായോഗീകം

പഴയ നിയമ പ്രവചന പുസ്തകത്തിലെ ഈ വചനം പുതിയ നിയമ വിശ്വാസികളുടെ ചിന്താഗതിയുമായി താരതമ്യം ചെയ്തു ചിന്തിക്കേണ്ടത് ആവശ്യമാണ്. നാം എത്ര നാളായി കേള്‍ക്കുന്ന ഒരു കാര്യമാണ് യേശുക്രിസ്തുവിന്റെ രണ്ടാം വരവ്. പെട്ടന്ന് കണ്ണിമെയ്ക്കുന്നതിനിടയിൽ കർത്താവ് വരികയും വിശുദ്ധിയോടെ ജീവിക്കുന്നവരെ  തന്നോടുകുടെ ചേർക്കുകയും ശേഷിക്കുന്നവർ ധാരാളം കഷ്ടങ്ങളിൽ കൂടെ കടന്നുപേകേണ്ടി വരും എന്ന് നാളുകളായി നാം പ്രസംഗങ്ങള്‍ കേള്‍ക്കുന്നു പക്ഷേ ഒന്നും സംഭവിക്കുന്നില്ല.  ഇത് വായിക്കുന്ന പ്രീയ സഹൃത്തേ, താങ്കളും ഇപ്രകാരമുളള പ്രസംഗങ്ങള്‍ കേട്ടിട്ടില്ലേ? ദൈവദാസന്മാർ ഉച്ചഭാഷണിയിലുടെ വിളിച്ചു പറയുന്നത് കേള്‍ക്കുമ്പോള്‍ ഇങ്ങനെ ഹൃദയത്തിൽ ചിന്തിച്ചിട്ടില്ലേ? ഇവർ ഇപ്രകാരം പറയുവാൻ തുടങ്ങിയിട്ട് കാലം കുറെ ആയി പക്ഷേ ഒന്നും സംഭവിക്കുന്നില്ല എന്ന്. ഇത് നടക്കാത്ത ഒരു പഴഞ്ചൊല്ലായി മാറി എന്നു താങ്കള്‍ കരുതുന്നുണ്ടാവാം. താങ്കള്‍ മാത്രമല്ല  ഈ ലോക ജനത മുഴുവൻ അതേ രീതിയിൽ ചിന്തിക്കുന്നവരായിരിക്കാം. എന്നാൽ യേശുക്രിസ്തുവിന്റെ മടങ്ങിവരവ് ഉടനെ സംഭവിക്കും, അതിന് താമസവുമില്ല. എന്നാൽ താങ്കള്‍ യേശുക്രിസ്തുവിനോടുകൂടെ പോകുവാൻ തയ്യാറാണോ എന്നതാണ് പ്രാധാന്യം. അല്ലെങ്കിൽ വചനത്തിൽ പറഞ്ഞിരിക്കുന്ന കഷ്ടത്തിലുടെ കടന്നുപോകേണ്ടിവരും. നമുക്കൊരോരുത്തർക്കും കർത്താവിന്റെ വരവിനായി ഒരുങ്ങാം. അത് ഒരിക്കലും താമസക്കുകയില്ല എത്രയും വേഗം സംഭവിക്കും! തീർച്ച!

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ മടങ്ങി വരവിനെക്കുറിച്ച് ഞാൻ ഒരിക്കലും സംശയിക്കുന്നില്ല.  അങ്ങയുടെ വരവിനായി എന്നെ തന്നെ ഒരുക്കി കാത്തിരിക്കാൻ എന്നെ സഹായിക്കേണമേ. കൂടാതെ ഇതു വായിക്കുന്ന എന്റെ സുഹൃത്തിനെയും കൂടെ ഒരുക്കേണമേ. ആമേൻ