Uncategorized

“എന്റെ പാപങ്ങളെ മായ്ച്ചുകളഞ്ഞിരിക്കുന്നു!”

വചനം

സങ്കീർത്തനം 103 : 12

ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു.

നിരീക്ഷണം

കിഴക്കും പടിഞ്ഞാറും തമ്മിൽ എത്രത്തോളം അകന്നരിക്കുന്നുവോ അത്രത്തോളം ദൈവം നമ്മുടെ പാപങ്ങളെ നമ്മിൽ നിന്ന് അകറ്റിയിരിക്കുന്നു എന്ന് ദാവീദ് രാജാവ് പറയുമ്പോൾ നമ്മുടെ പാപങ്ങളെ അകറ്റിയതിന്റെ ദൂരം ആർക്കും അളക്കുവാൻ കഴിയുകയില്ല എന്നാണ് ഉദ്ദേശിക്കുന്നത്.

പ്രായോഗികം

ഇതിനെക്കാൾ എങ്ങനെ ദൈവത്തിന് നമ്മോട് നമ്മുടെ പാപങ്ങളെ അകറ്റിയ അളക്കാനാവത്ത ദൂരത്തെക്കുറിച്ച് പറയുവാൻ കഴിയും? ഈ ദൈവ വചനം വായിക്കുമ്പോൾ നമുക്ക് ചിന്തിക്കുവാൻ കഴിയുന്നത് എന്റെ പാപം ഇല്ലാതായി എന്നതാണ്. ഉദയവും അസ്തമയവും തമ്മിലുള്ള ദൂരം എന്നു പറയുന്നത് കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ദൂരത്തെയാണ് ഉദ്ദേശിക്കുന്നത്, അത് അളക്കുവാൻ ഒരു മാർഗ്ഗവും ഇല്ല. നാം ഭൂമിയെ മാത്രമല്ല പ്രപഞ്ചത്തെയുകൂടെ ഉൾപ്പെടുത്തിയാൽ ഒരിക്കലും അളക്കുവാൻ കഴിയാത്ത അത്ര ദൂരം ആണെന്ന് മനസ്സിലാക്കുവാൻ കഴിയും. എന്നാൽ ഇവിടെ ഒരു ചോദ്യം ഉന്നയിക്കുവാൻ ആഗ്രഹിക്കുന്നു, കർത്താവ് നമ്മുടെ പാപങ്ങളെ ഇത്രയും അളക്കുവാൻ കഴിയാത്ത അത്ര ദൂരം അകറ്റിയെങ്കിൽ ഇപ്പോഴും ചില വിശ്വാസികൾക്ക് തങ്ങളുടെ പഴയകാല പാപങ്ങൾ ക്ഷമിക്കപെട്ടിട്ടില്ല എന്ന നിഗമനത്തിൽ എത്തുവാൻ എങ്ങനെ കഴിയും? അത് അവർക്ക് ദൈവത്തിലും ദൈവ വചനത്തിലും വിശ്വാസം ഇല്ലാത്തതുകൊണ്ടാണ് അങ്ങനെ ചിന്തിക്കുന്നത്. ഈ ദൈവ വചനത്തിലും ദൈവത്തിലും വിശ്വസിക്കുന്ന ഒരാൾക്ക് ഒരിക്കലും സംശയിക്കേണ്ട കാര്യമില്ല നമ്മുടെ സകലവിധ പാപങ്ങളെയും നാം ഏറ്റുപറഞ്ഞ് ഉപേക്ഷച്ചപ്പോൾ തന്നെ ദൈവം നമ്മുടെ പാപങ്ങളെ നമ്മിൽ നിന്ന് അകറ്റിക്കളഞ്ഞു. നമ്മുടെ അനേകവിധമായ പാപങ്ങളെ യേശുക്രിസ്തുവിന്റെ കാൽവറിക്രൂശിലെ മരണത്താൽ നമുക്കുവേണ്ടി ഒഴുക്കിയ രക്തത്തിലൂടെ സകല പാപവും പോക്കി നമ്മെ ശുദ്ധീകരിച്ചിരിക്കുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ അനേകവിധ പാപങ്ങളെ എന്നിൽ നിന്നും അകറ്റിയതിന് നന്ദി. തുടർന്നും പാപം ചെയ്യാതെ അങ്ങയിൽ ആശ്രയിച്ച് ജീവിക്കുവാൻ എനിക്ക് കൃപനൽകുമാറാകേണമേ. ആമേൻ