Uncategorized

“ഒരു പുതിയ ഗാനം”

വചനം

സങ്കീർത്തനങ്ങള്‍ 144 : 9

ദൈവമേ, ഞാൻ നിനക്കു പുതിയോരു പാട്ടുപാടും; പത്തു കമ്പിയുള്ള വീണകൊണ്ടു ഞാൻ നിനക്കു കീർത്തനം ചെയ്യും.

നിരീക്ഷണം

ജീവിച്ചിരുന്നവരിൽ ഏറ്റവും ക്രിയാത്മക മനുഷ്യരിൽ ഒരാളായിരുന്നു ദാവീദ് രാജാവ്. അദ്ദേഹം ഒരു അസാധാരണ പോരാളിയായിരുന്നു, ഒരു എഴുത്തുകാരനായിരുന്നു, ഒരു കവിയായിരുന്നു, ഒരു ഗായകനായിരുന്നു, ഒരു സംഗീതജ്ഞനായിരുന്നു, ഒരു നേതാവായിരുന്നു എല്ലാറ്റിലും ഉപരിയായി ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യനായിരുന്നു.  അത്തരത്തിൽ വളരെ പ്രവർത്തന നിരതനായ രാജാവായതുകൊണ്ട് തന്നെ ചിലപ്പോഴൊക്കെ തന്റെ അനുയായികള്‍ക്ക് ദാവീദിനൊപ്പം പ്രവൃത്തിച്ച് എത്തുക എന്നത് പ്രയാസകരമായിരുന്നു. കാരണം ദാവീദ് രാജാവ് ഒരു പ്രവൃത്തി കഴിഞ്ഞ ഉടനെ അടുത്തതിലേയ്ക്ക് കടക്കുന്ന വ്യക്തിയായിരുന്നു. ദാവീദ് ഒരിക്കലും തന്റെ പഴയ കാല പരാജയങ്ങളെ ഓർത്ത് പുതിയതു ചെയ്യുവാൻ മടിക്കുന്ന വ്യക്തി ആയിരുന്നില്ല.  ഈ വചനത്തിൽ ദാവീദ് പറയുകയാണ് എന്റെ ദൈവമേ ഞാൻ നിനക്കു പുതിയൊരു പാട്ടു പാടും.  ആയതിനാൽ ഈ ചിന്ത വായിച്ചുകൊണ്ടിരിക്കുന്ന പ്രീയ സുഹൃത്തേ, നിങ്ങളുടെ പഴയകാല അനുഭവങ്ങളിൽ തളർന്ന് അലസമായ ജീവിത രീതിയിൽ നിന്ന് പുറത്തുവരിക പുതിയത് ചിന്തിച്ച് പ്രവൃത്തന നിരതനാകുക.

പ്രായോഗീകം

സൃഷ്ടാവാം ദൈവവുമായി നമുക്ക് ആഴമായ ഒരു ബന്ധമുണ്ടോ അതോ വെറുമൊരു മതപരമായ ബന്ധം മാത്രമാണോ ഉള്ളത് എന്നത് ക്രിസ്തീയ ജീവിതത്തിൽ പരിശോധിക്കേണ്ട അതിപ്രധാനമായ സംഗതിയാണ്.  നമുക്ക് പലപ്പോഴും ഭക്തന്മാർ എഴുതിയ പഴയ പാട്ടുകള്‍ ഇഷ്ടമാണ്. അവ നമ്മെ പഴയ ഊഷ്മളമായ സമയങ്ങളിലേയ്ക്കും അതിശയകരമായ അനുഭവങ്ങളിലേയ്ക്കും തിരിഞ്ഞ് പഴയകാല അനുഭവങ്ങളെ ചിന്തിപ്പിക്കുവാൻ ഇടയാകും.  ചില പഴയ ആരാധനാ ഗീതങ്ങള്‍ നമ്മുടെ ജീവിത അനുഭവങ്ങളുമായി ബന്ധിപ്പിക്കുവാൻ കഴിയും. പഴയകാല അനുഭവങ്ങളിലേയ്ക്ക് ഓർമ്മകളെ കൊണ്ട് പോകുന്ന ആ പാട്ടുകള്‍ നമ്മെ പുതിയ പ്രവൃത്തികളിൽ നിന്നും ദൈവീകമായ പുതിയ അനുഭങ്ങളിൽ നിന്നും പിന്തിരിപ്പിക്കുവാൻ ഇടയാകരുത്. സങ്കീർത്തനക്കാരനായ ദാവീദ് ആവർത്തിച്ചു പറയുന്ന ഒരു കാര്യമുണ്ട് എന്റെ ദൈവമേ ഞാൻ നിനക്ക് ഒരു പുതിയ പാട്ടു പാടും.  എന്തുകൊണ്ട് അദ്ദേഹം അങ്ങനെ പറയുന്നു? കാരണം പുതിയ പാട്ടുകള്‍ നമ്മുടെ ഹൃദയത്തിൽ ദൈവം നൽകിയിരിക്കുന്ന സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കും എന്ന വിശ്വാസത്തിലാണ് പാടുന്നത്.  താങ്കള്‍ ഇന്നും പഴയപാട്ടുകള്‍ മാത്രം പാടി പഴയ അനുഭവങ്ങളിൽ തന്നെ ആയിരിക്കുന്നുവെങ്കിൽ ആ അവസ്ഥയിൽ നിന്ന് പുറത്തുവരിക. അതേ, വരാനിരിക്കുന്ന വലിയ കാര്യങ്ങളെക്കുറിച്ച് വിശ്വസിച്ചുകൊണ്ട് ഒരു പുതിയ ഗാനം ആലപിക്കുക. അതാണ് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത്. കാരണം നമ്മുടെ ദൈവം എന്നും പുതിയത് ചെയ്യുന്ന ദൈവമാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ജീവിത്തിൽ പലപ്പോഴും പഴയ കാര്യങ്ങളെ ഓർത്ത് ദുഃഖിക്കാറുണ്ട് എന്നാൽ ഇന്ന് കർത്താവിൽ ആശ്രയിച്ച് പുതിയ പാട്ടു പാടുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. എന്റെ ഭാവി ജീവിതത്തിൽ പുതിയ നന്മകള്‍ പ്രാപിക്കുന്നതോർത്ത് മുന്നേറുവാൻ എന്നെ സഹായിക്കേണമേ. ആമേൻ.