Uncategorized

“ഒരു മനുഷ്യനിൽ നിന്ന് ഒരു രാഷ്ട്രം”

വചനം

എബ്രായർ 11 : 12

അതുകൊണ്ടു ഒരുവനു, മൃതപ്രായനായവനു തന്നേ, പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണൽപോലെയും സന്തതി ജനിച്ചു.

നിരീക്ഷണം

യഹൂദാ ജനതയുടെ മഹാനായ പ്രവാചകനും ഗോത്രപിതാവുമായ അബ്രഹാമിനെക്കുറിച്ചാണ് എഴുത്തുകാരൻ ഇവിടെ എഴിതിയിരിക്കുന്നത്. അബ്രഹാം എന്ന ഒരു വ്യക്തിയിൽ നിന്നും എണ്ണിയാൽ ഒടുങ്ങാത്ത ജനതയുളള ഒരു രാഷ്ട്രം ഉടലെടുത്തു എന്നത് അതിശകരമാണ്. അബ്രഹാമിന് നൂറുവയസ്സ് തികയുന്നതുവരെ വാഗ്ദത്ത സന്തതിയായ യിസഹാക്ക് ജനിച്ചിട്ടുണ്ടായിരുന്നില്ല.  മച്ചിയായ തന്റെ ഭാര്യ സാറയ്ക്ക് തൊണ്ണൂറ് വയസ്സ് ആയിട്ടും അബ്രഹാം ദൈവത്തിന്റെ വാഗ്ദത്തത്തിൽ നിന്നും പതറിയില്ലെന്നും പൂർണ്ണമായി വിശ്വസിക്കുക മാത്രം ചെയ്തുവെന്നും വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നൂറാം വയസ്സിൽ ദൈവം വാഗ്ദത്തം ചെയ്ത യിസഹാക്ക് എന്ന ഏക ജാതൻ ജനിച്ചു. ആ മകനിൽ നിന്ന് യിസ്രായേൽ എന്ന ലോക രാഷ്ട്രം തന്നെ ഉടലെടുത്തു.

പ്രായോഗികം

“ഒറ്റ വ്യക്തി മാത്രം മതി,” പൈതൃകത്തിന്റെ കാര്യത്തിൽ ശരിക്കും ഒരു സന്തതിയെ മാത്രമേ ആവശ്യമുളളൂ എന്നതാണ് വാസ്തവം.  പാരമ്പര്യം ഒരു ആൺ സന്തതിയിൽ നിന്ന് ആരംഭിക്കുക എന്നതാണ് പരംമ്പരാഗതമായി കാണുന്നത്.  സാധാരണയായി വാർദ്ധക്യമായവരിൽ സന്തതികള്‍ ഉണ്ടാകാറില്ല എന്നാൽ, അബ്രഹാമും സാറയും വിശ്വാസത്താൽ ഉറച്ചുനിന്നപ്പോള്‍ മഹാദൈവം തന്റെ വാഗ്ദത്തം അവരുടെ ജീവിതത്തിൽ നിറവേറ്റി.  ആകയാൽ ജീവിതത്തിൽ മുന്നോട്ട് പോകുന്നത് അസാധ്യമെന്ന് ഓർത്ത് വിഷമിക്കുന്ന ദൈവ പൈതലേ, നീ ദൈവ വചനത്തിൽ വിശ്വസിക്കുമെങ്കിൽ നിനക്കുവേണ്ടി പ്രവർത്തിക്കുന്ന ദൈവം ഇന്നും ജീവിക്കുന്നു. അബ്രഹാമിനും സാറയ്ക്കും വേണ്ടി പ്രവർത്തിച്ച ദൈവം ഇന്നു നീ ഭാരപ്പെടുന്ന ഏതു വിഷയത്തിനു വേണ്ടിയും പ്രവർത്തിപ്പാൻ ശക്തനാണ്. അബ്രഹാമിന്റെ സന്തതിയായ യിസഹാക്കെന്ന ഒരു തലമുറയെകൊണ്ട് യിസ്രായേൽ എന്ന ഒരു രാഷ്ട്രത്തെ സൃഷ്ടിക്കുവാൻ ദൈവത്തിന് കഴിഞ്ഞെങ്കിൽ നിന്റെ ഏതു വിഷയത്തിനു വേണ്ടിയും പ്രവർത്തിക്കുവാൻ കഴിവുള്ളവനാണ് നമ്മുടെ ദൈവം. ഒരുകാര്യം മാത്രം ചെയ്യുക, ‘വിശ്വസിക്കുക’, അതെ, വിശ്വാസത്തോടെ പ്രാർത്ഥിക്കുക, ദൈവം പ്രവർത്തിക്കും.

പ്രാർത്ഥന

കർത്താവേ,

എനിക്ക് ഒരു ആപ്പിളിലെ വിത്തുകള്‍ എണ്ണാം എന്നാൽ ദൈവത്തിന് മാത്രമേ ഒരു വിത്തിലെ ആപ്പിളിനെ എണ്ണുവാൻ കഴിയൂ, എന്നതുപോലെ എന്നിലൂടെ അങ്ങ് എന്ത് ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ അപ്രകാരം ചെയ്യുവാൻ ഞാൻ എന്നെ സമർപ്പിക്കുന്നു. അങ്ങയിലുളള വിശ്വാസത്തിൽ അനുദിനം വർദ്ധിച്ചുവരുവാൻ എന്നെ സഹായിക്കേണമേ. ആമേൻ