Uncategorized

“വേദപുസ്തക പ്രവചനങ്ങള്‍”

വചനം

യെശയ്യാ 21 : 3

അതുകൊണ്ടു എന്റെ അരയിൽ വേദന നിറഞ്ഞിരിക്കുന്നു; നോവു കിട്ടിയ സ്ത്രീയുടെ നോവുപോലെയുള്ള വേദന എന്നെ പിടിച്ചിരിക്കുന്നു; എനിക്കു ചെവി കേട്ടു കൂടാതവണ്ണം ഞാൻ അതിവേദനപ്പെട്ടിരിക്കുന്നു; കണ്ണു കാണാതവണ്ണം ഞാൻ പരിഭ്രമിച്ചിരിക്കുന്നു.

നിരീക്ഷണം

ബാബിലോൺ സാമ്രാജ്യത്തിന്റെ പതനത്തിന് 200 വർഷങ്ങള്‍ക്കു മുമ്പ് യെശയ്യാ പ്രവാചകനിലൂടെ ദൈവം അരുളിചെയ്ത വചനങ്ങളാണിത്. ബാബിലോണിലെ അവസാന രാജാവായ ബേൽശസ്സർ ഒരു വലിയ വിരുന്ന് ഒരുക്കുന്നത് കണ്ടപ്പോള്‍ യെശയ്യാ പ്രവാചകൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. കാരണം ആ വിരുന്നിന്റെ പര്യവസാനം ദൈവം പ്രവാചകന് കാണിച്ചു കൊടുത്തപ്പോള്‍ പ്രവാചകൻ വളരെ ആകുലപ്പെട്ടു.  യെശയ്യാ 14, 17 അദ്ധ്യായങ്ങളിൽ ഈ സംഭവത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്.  എന്നാൽ ഈ ആദ്ധ്യായത്തിൽ ഏകദേശം 70 വർഷത്തിനുശേഷം യെരുശലേമിനും യഹൂദാ ജനത്തിനും നാശം വിതച്ച ബേൽശസ്സർ രാജാവ് അന്നുണ്ടായിരുന്ന പ്രഭുക്കന്മാർക്ക് ഒരു വലിയ വിരുന്ന് ഒരുക്കുകയും എല്ലാവരും വിരുന്നിൽ തിന്നു കുടിച്ചു മതി മറന്ന് സന്തോഷിക്കുകയും ചെയ്ത രാത്രിയിൽ, പേർഷ്യൻ രാജാവായ കോരെശും സൈന്യവും കടന്നവന്ന് ബേൽശസ്സറിനെയും അവന്റെ ഭരണത്തെയും അവസാനിപ്പിച്ച് രാജ്യം കീഴടക്കി. ബേൽശസ്സറിന്റെയും ബാബിലോൺ സാമ്രാജ്യത്തിന്റെയും അതിധാരുണമായ അന്ത്യം യെശയ്യാ പ്രവാചകൻ 200 വർഷങ്ങള്‍ക്ക് മുമ്പ് ദർശനത്തിൽ കാണുന്ന ഭാഗമാണ് മുകളിൽ ഉദ്ധരിച്ചിരിക്കുന്നത്.  

പ്രായോഗികം

വേദപുസ്തക പ്രവചനത്തിന്റെ പ്രത്യേകത എന്തെന്നാൽ, അത് അക്ഷരാർത്ഥത്തിൽ സംഭവിക്കും എന്നതാണ്.  ഈ പ്രശക്ത ഭാഗം പുരാതനകാലത്തു സംഭവിച്ച ഒരു പ്രവചന നിവർത്തിയാണ്.  അന്ന് വാഹനങ്ങളോ, വിമാനങ്ങളോ, ട്രെയിനുകളോ കണ്ടുപിടിച്ചിരുന്നില്ല.  അച്ചടിയന്ത്രങ്ങളും, ടെലിഫോണുകളും, ടെലിവിഷനുകളും, കമ്പ്യൂട്ടർ ചിപ്പുകളും ഒന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്തകാലം.  ഭൂമി എങ്ങനെ ഭ്രമണം ചെയ്യുന്നുവെന്നതിനെക്കുറിച്ചുളള അറിവോ പ്രപഞ്ചത്തെക്കുറിച്ച് ഇന്ന് ലഭ്യമാകുന്ന അറിവുകളോ ഇല്ലാത്ത അപരിഷ്ക്കൃത കാലഘട്ടം.  എന്നാൽ ഇവയെല്ലാത്തിനും കാരണഭൂതനായ ഒരു നിത്യദൈവം ഉണ്ടെന്ന് യെശയ്യാ പ്രവാചകന് നേരത്തെ തന്നെ അറിയാമായിരുന്നു.  കൂടാതെ, ബാബിലോൺ ഒരു പ്രബല സാമ്രാജ്യം ആകുന്നതിന് മുമ്പ്  ബാബിലോൺ സാമ്രാജ്യത്തിന്റെ ഭാവി എന്താകുമെന്ന് ദർശിക്കുവാൻ യെശയ്യാ പ്രവാചകന് കഴിഞ്ഞു എന്നത് അത്ഭുതകരമാണ്. ആയിരക്കണക്കിന് വർഷങ്ങള്‍ക്കുമുമ്പ് പ്രപഞ്ചത്തിൽ നടക്കുവാൻ പോകുന്നത് നേരത്തേ കാണുവാൻ കഴിഞ്ഞ ഒരു ദീർഘ ദൃഷ്ടിയുളള വ്യക്തി ആയിരുന്നു യെശയ്യാ പ്രവാചകൻ എന്നത് എത്രയോ ശ്രേഷ്ടകരമാണ്.  നമ്മുടെ ദൈവം ആദിയും അന്തവും ആകുന്നു.  ആദിയിൽ തന്നെ അവസാനവും കാണാൻ കഴിയുന്ന ദൈവത്തിന്റെ മാറ്റമില്ലാത്ത പ്രവചനപുസ്തകമായ വേദപുസ്തകസത്യത്തിൽ ഉറച്ചു നിൽക്കാം.  മനുഷ്യന്റെ വീക്ഷണങ്ങള്‍ക്ക് അതീതമാണ് വേദപുസ്തക പ്രവചനങ്ങള്‍.

പ്രാർത്ഥന

കർത്താവേ,

ഈ പ്രപഞ്ചത്തിന്റെ അധിപധി അങ്ങ് അണെന്നും ലോകരാഷട്രങ്ങളെ നിയന്ത്രക്കുന്നത് അങ്ങാണെന്നും, വേദപുസ്തകത്തിന്റെ അടിസ്ഥാനത്തിൽ മനസ്സിലാക്കുവാൻ എനിക്കു കഴിഞ്ഞു.  അങ്ങയുടെ വചനം വാസ്തവമാണെന്നും അതിലെ പ്രവചനങ്ങള്‍ എല്ലാം തന്നെ നിറവേറുന്നുവെന്നും ഞാൻ അറിയുന്നു. ആയതിനാൽ, എത്രയും പെട്ടെന്ന് നിറവെറേണ്ട പ്രവചനം അങ്ങയുടെ രണ്ടാമത്തെവരവാണ്. അതും നിറവേറും എന്ന് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു.  അതിനായി എന്നെ തന്നെ ഒരുക്കി കാത്തിരിക്കുവാൻ എനിക്ക് കൃപ നൽകേണമേ.  ആമേൻ!