Uncategorized

“ക്രിസ്തുവിന് പ്രസാദകരമായ സൌരഭ്യവാസനയാകുവീൻ”

വചനം

2 കൊരിന്ത്യർ 2 : 15

“രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ദൈവത്തിന്നു ക്രിസ്തുവിന്റെ സൌരഭ്യവാസന ആകുന്നു;”

നിരീക്ഷണം

കൊരിന്തിലെ സഭയ്ക്ക് വിശുദ്ധ പൌലോസ് അപ്പോസ്തലൻ രണ്ടാമതായി എഴുതിയ ലേഖനത്തിൽ നിന്നുളള വാക്കുകളാണിവ.  ദൈവത്തിനു താനും തന്റെ സഹ അപ്പോസ്തലന്മാരും, ദൈവസഭ പണിയുന്നവരും ക്രിസ്തുവിന്റെ സുഗദ്ധം പരത്തുന്നവരുമാകുന്നു എന്ന് ഇവിടെ ഓർപ്പിക്കുന്നു.  തങ്ങളുടെ സുവിശേഷ ഘോഷണത്തിലൂടെ ജനം ദൈവത്തിങ്കലേക്ക് വരുമ്പോഴും മറിച്ച് ജനം വചനം കൈകൊളളാതെയിരിക്കുമ്പോഴും അപ്പോസ്തലനായ പൌലോസും തന്റെ സഹപ്രവർത്തകരും ദൈവത്തിന്നു പ്രസാദകരമായ സൌരഭ്യ വാസനയാകുന്നു എന്ന് ഉറപ്പിച്ചു പറയുന്നു. ഏതുരീതിയിലും തങ്ങള്‍ ക്രിസ്തുവിന് പ്രസാദകരമായ സൌരഭ്യവാസനയായി തീരുന്നു.

പ്രായോഗികം

യേശുക്രിസ്തുവിനെ അറിയാത്തവരോട് യേശുക്രിസ്തുവിലുളള നമ്മുടെ വിശ്വാസത്തെക്കുറിച്ച് സാക്ഷ്യം വഹിക്കുക എന്നത് ഓരോ വിശ്വാസികളോടുമുളള ആഹ്വാനമാണ്. അങ്ങനെ നാം ചെയ്യുമ്പോള്‍ സർവ്വശക്തനായ ദൈവത്തിന്റെ സന്നിധിയിൽ നാം യേശുക്രിസ്തുവിന് സുഗന്ധം പരത്തുന്നവരാകുന്നു. കർത്താവായ യേശുവിനെ പിൻപറ്റുകയും യേശുവിനെക്കുറിച്ച് മറ്റുളളവരോട് പറയുകയും ചെയ്യുക എന്നത് ഏതൊരു ക്രിസ്ത്യാനിയുടെയും ഉത്തരവാദിത്വമാണ് . എല്ലാവരും ഒരുപോലെ സുവിശേഷത്തെ സ്വീകരിക്കുകയും പ്രതികരിക്കുകയും ചെയ്യണമെന്നില്ല എങ്കിലും യേശുവിലുളള വിശ്വാസം നാം മററുളളവരുമായി പങ്ക് വയ്ക്കുമ്പോള്‍ അത് ദൈവത്തിന് സൌരഭ്യവാസനയാണ്.  നാം കർത്താവിനുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്നത് “ക്രിസ്തുവിന് പ്രസാദകരമായ സൌരഭ്യവാസനയാണ്”.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങേയ്ക്കുവേണ്ടി ഒരു സൌരഭ്യവാസനയായ യാഗമായിതീരുവാൻ ഞാൻ ആഗ്രഹിക്കുന്നു.  അങ്ങയുടെ മഹത്വത്തിന്റെ സാക്ഷ്യം വഹിക്കുവാൻ ഞാൻ എന്നെ സമർപ്പിക്കുന്നു, അതിനായി എന്നെ സഹായിക്കേണമേ. ആമേൻ