Uncategorized

“മികച്ച ജീവിതം ഇപ്പോള്‍ നയിക്കൂ”

വചനം

ന്യായാധിപന്മാർ 12 : 14

എഴുപതു കഴുതപ്പുറത്തു കയറി ഓടിക്കുന്ന നാല്പതു പുത്രന്മാരും മുപ്പതു പൌത്രന്മാരും അവന്നുണ്ടായിരുന്നു; അവൻ യിസ്രായേലിന്നു എട്ടു സംവത്സരം ന്യായാധിപനായിരുന്നു.

നിരീക്ഷണം

യിസ്രായേലിനു ന്യായപാലനം ചെയ്ത ന്യായാധിപന്മാരിൽ ഒരുവനായിരുന്നു ഹില്ലോലിന്റെ മകനായ അബ്ദോൻ. വളരെ മാന്യമായ ജീവിതം നയിക്കുകയും വളരെ സമ്പന്നനുമായി തീർന്ന അബ്ദോൻ എട്ട് വർഷം ദൈവജനത്തെ ദൈവ വഴികളിൽ നടത്തുവാൻ പ്രാപ്തനായി.  അദ്ദേഹത്തിന് നാല്പതു പുത്രന്മാരും മുപ്പതു പൌത്രന്മാരും ഉണ്ടായിരുന്നു എന്ന് വചനം പറയുന്നു.  അതുകൂടാതെ അവരെല്ലാം കഴുതപ്പുറത്ത് കയറി ഓടിക്കുന്നവരായിരുന്നു എന്നും എഴുതിയിരിക്കുന്നു. അബ്ദോൻ വളരെ സമ്പന്നനുമായിരുന്നു എന്നതിന്റെ മുഖമുദ്രയാണ് നമുക്ക് ഇതിൽ നിന്നും മനസ്സിലാക്കുവാൻ കഴിയുന്നത്.  അബ്ദോൻ തന്റെ കുടുംബത്തൊടൊപ്പം ജീവിക്കുകയും, അവരെ നയിക്കുകയും, സ്നേഹിക്കുകയും ചെയ്യുക മാത്രമല്ല, എട്ട് വർഷം അവൻ യിസ്രായേലിൽ സമാധാനം നിലനിർത്തുകയും ചെയ്തു.

പ്രായോഗികം

ന്യായാധിപനായിരുന്ന അബ്ദോന്റെ കാലഘട്ടത്തിൽ ഏറ്റവും മികച്ച ജീവിതം നയിച്ചിരുന്നതാരായിരുന്നു എന്ന് ചോദിച്ചാൽ അബ്ദോന്റെ പേരുതന്നെ ഒരു പക്ഷേ പറയേണ്ടിവരും. തന്റെ കുടുംബത്തെ സ്നേഹിക്കുകയും, അവരൊടൊപ്പം ജീവിക്കുകയും അവരെ നയിക്കുകയും ചെയ്യുന്നതിനേക്കാള്‍ മികച്ചത് മറ്റെന്താണ്?  എട്ട് വർഷത്തോളം യിസ്രായേൽ മക്കള്‍ക്ക് മാതൃകയാകുവാൻ ഒരു അസാധാരണ കുടുംബം ഉണ്ടായിരുന്നു.  അബ്ദോന്റെ മരണ ശേഷം തന്റെയോ, തന്റെ തലമുറകളുടെയോ വിവരങ്ങള്‍ ഒന്നും വേദപുസ്തകത്തിൽ പിന്നെ നാം കാണുന്നുല്ല.  നമുക്ക് ഓരോരുത്തർക്കും ലഭിച്ചതെല്ലാം യേശുവിനായി നൽകി ഒരു മികച്ച ജീവിതം നയിക്കുവാനുളള അവസരം ഇപ്പോഴാണ്. നാം ഈ ലോകത്തു നിന്നും പോയ്മറഞ്ഞാലും. നമ്മുടെ സുഹൃത്തുക്കള്‍മാത്രമല്ല നമ്മെ അറിഞ്ഞിരുന്നവർ ഒക്കെയും നമ്മെക്കുറിച്ച് പറയും അവൻ എപ്പോഴും “മികച്ച ജീവിതം നയിച്ചിരുന്നു” എന്ന്.

പ്രാർത്ഥന

പ്രീയ യേശുവേ,

കഴിഞ്ഞനാളുകളിലെല്ലാം എന്നെ എന്റെ സ്വന്തം കുടുംബത്തൊടൊപ്പം ജീവിക്കുവാനും, അവരെ നയിക്കുവാനും സ്നേഹിക്കുവാനും സഹായിച്ചതിനായി നന്ദി പറയുന്നു. ഞാൻ ഒരു മികച്ച ജീവിതം നയിക്കുന്ന ഒരു വ്യക്തിയായി മാറുവാൻ എന്നെ സഹായിക്കേണമേ. ആമേൻ