Uncategorized

“ഇതെല്ലാം ദൈവത്തിന്റെതാണ്”

വചനം

സങ്കീർത്തനങ്ങള്‍ 89 : 11

ആകാശം നിനക്കുളളതു, ഭൂമിയും നിനക്കുളളതു; ഭൂതലവും അതിന്റെ പൂർണ്ണതയും നീ സ്ഥാപിച്ചിരിക്കുന്നു.

നിരീക്ഷണം

സങ്കീർത്തനക്കാരൻ നമ്മോട് പറയുന്നു, “ഈ കാണുന്നതെല്ലാം ദൈവത്തിന്റെതാണ്”.  നമ്മുടെ ഈ വിശാലമായ പ്രപഞ്ചം മുഴുവൻ ദൈവത്തിന്റെ സൃഷ്ടിയാണ്.  ഒറ്റവാക്കിൽ സങ്കീർത്തനക്കാരൻ അവയെ എല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഇപ്രകാരം പറയുന്നു, ഭൂമിയും അതിന്റെ പൂർണ്ണതയും കർത്താവിന്റെതാണ്. ഈ ലോകവും അതിലുളളതൊക്കെയും ദൈവത്തിന്റെ കൈവേലയാണ്.

പ്രായോഗികം

ദാവീദ് രാജാവ് തന്റെ ഒരു സങ്കീർത്തനത്തിൽ ഇപ്രകാരം പ്രാർത്ഥിച്ചു “ദൈവമേ നീ മനുഷ്യനെ ഓർക്കുവാൻ അവൻ എന്ത്? ദൈവം തന്റെ സൃഷ്ടിയുടെ ആസൂത്രണത്തിലും സൃഷ്ടിപ്പിലും മനുഷ്യനെ ഉള്‍പ്പെടുത്തി എന്ന വസ്തുത മനിഷ്യന്റെ ചിന്തകള്‍ക്ക് മനസ്സിലാക്കാവുന്നതിലും അപ്പുറമാണ്. ലോകത്തിന്റെ പല ഭാഗങ്ങളും വെട്ടിപ്പിടിക്കുന്ന മനുഷ്യർ ചിന്തിക്കുന്നത് അത് അവരുടെ സ്വന്തമായി എന്നതാണ്.   ആധുനിക സംസ്കാരത്തിൽ നിരവധി കണ്ടുപിടിത്തങ്ങള്‍ നടത്തിയ മനുഷ്യൻ പലപ്പോഴും ഇതെക്കെ തന്റെ സ്വന്തമാണെന്ന് അഹങ്കരിക്കാറുണ്ട്. എന്നാൽ നാം മനസ്സിലാക്കേണ്ട വസ്തുത കഴിഞ്ഞ അനേകം വർഷങ്ങളായി നിരവധി കണ്ടുപിടിത്തങ്ങള്‍ നടത്തിയവരൊക്കെയും മരിച്ച് മൺമറഞ്ഞുപോയിരിക്കുന്നു. ഞാനും താങ്കളുമൊക്കെ ഈ വഴിയായി കടന്നു പോകേണ്ടതാണ് എന്ന ചിന്തയും നമുക്ക് എപ്പോഴും ഉണ്ടായിരിക്കട്ടെ.  നമ്മുക്ക് ഇവിടെ എന്തെങ്കിലും സ്വന്തമായി ഉണ്ടെന്ന്  പറയാനാവില്ല എല്ലാം വിട്ട് ഒരുനാള്‍ കടന്നുപോകേണ്ടവരാണ് നാം ഓരോരുത്തരും. എങ്കിലും ഈ കാണുന്നതെല്ലാം ദൈവത്തിന്റെ സ്വന്തവും ആകുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ മഹത്വത്തെയും പരമാധികാരത്തെയും കുറിച്ച് ചിന്തിക്കുമ്പോള്‍ ഞാൻ ഭയത്തോടെ അങ്ങയെ വണങ്ങുന്നു. അങ്ങ് എന്നെയും ഇത്രമേൽ ഓർക്കുന്നതിനാൽ ഞാൻ ഭാഗ്യവാനായി തീരുന്നു!  ഈ പ്രപഞ്ചവും അതിലുളളതൊക്കെയും അങ്ങയുടെതാണ് എന്ന സത്യം ഞാൻ ഒരിക്കലും മറക്കില്ല. ആമേൻ.