Uncategorized

“ആഴമേറിയ വിശ്വാസം”

വചനം

മർക്കൊസ് 12 : 44

“എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നു ഇട്ടു; ഇവളോ തന്റെ ഇല്ലായ്മയിൽ നിന്നു തനിക്കുളളതു ഒക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു എന്നു അവരോടു പറഞ്ഞു.”

നിരീക്ഷണം

ഒരിക്കൽ യെരുശലേം ദൈവാലയത്തിന്റെ ഭണ്ഡാരത്തിൽ  പുരുഷാരം പണം നിക്ഷേപിക്കുന്നത് യേശു ശ്രദ്ധിച്ചുകൊണ്ടിരുന്നു.  അവിടെ ധനവാന്മാരും സാധുക്കളുമായുളളവർ വന്ന് പണം നിക്ഷേപിക്കുന്നുണ്ടായിരുന്നു.  എന്നാൽ ഒരു ദരിദ്രയായ വിധവ വന്നു അവളുടെ കൈയ്യിൽ ഉളളതുമുഴുവനും ആ ഭണ്ഡാരത്തിൽ നിക്ഷേപിക്കുന്നത്  യേശു കണ്ടാറെ തന്റെ ശക്ഷ്യന്മാരോടായി പറഞ്ഞ വാക്കുകളാണ് ഈ വാക്യത്തിൽ കാണുന്നത്. ധനവാന്മാർ എല്ലാം തങ്ങളുടെ സമൃദ്ധിയിൽ നിന്നും കൊടുത്തപ്പോള്‍ ഈ ദരിദ്രയായ വിധവ അവളുടെ ഇല്ലായ്മയിൽ നിന്നും തനിക്കുളളതൊക്കെയും തന്റെ ഉപജീവനം മുഴുവനും ആ ഭണ്ഡാരത്തിൽ ഇട്ടു.”

പ്രായോഗികം

പ്രസ്തുത വചനത്തിൽ നിന്നും നിരവധി സന്ദേശങ്ങള്‍ നാം പ്രസംഗിച്ചു കേട്ടിട്ടുണ്ടാവാം. ഈ ദരിദ്രയായ വിധവയുടെ ദൈവത്തിലുളള ആഴമായ വിശ്വാസവും ആശ്രയവും ആണ് അതിന് കാരണം. അവള്‍ക്ക് ആശ്രയിപ്പാൻ ഒരു കുടുംബമോ അവള്‍ തനിക്കായി എന്തെങ്കിലും കരുതി വച്ചിരുന്നതായോ വേദപുസ്തകത്തിൽ കാണുന്നില്ല. അവള്‍ തനിക്കുളളതെല്ലാം കർത്താവിന് നൽകി അവളുടെ വിശ്വാസം ഉറപ്പിച്ചു.   എന്റെ ജീവിതത്തിൽ എനിക്ക് മറ്റൊരു പ്രതീക്ഷയുമില്ല  എന്നെ പരിപാലിക്കുവാനും സഹായിക്കുവാനും ആരുമില്ല എങ്കിലും എന്നെ പരിപാലിക്കുന്ന, എന്നെ സഹായിക്കുന്ന ഒരു  ദൈവം എന്നെ കാണുന്നു എന്ന് അവള്‍ തീർച്ചയായും ചിന്തിച്ചിട്ടുണ്ടാകാം. അവള്‍ തനിക്കായി തന്നെ കരുതി വയ്ക്കാതെ എല്ലാം ദൈവത്തിനു കൊടുത്തു എന്ന വസ്തുത അവള്‍ക്ക് കർത്താവിലുളള ആഴമായ വിശ്വാസത്തെയും സ്നേഹത്തെയും കാണിക്കുന്നു.  കർത്താവിലുളള ആഴമായ വിശ്വാസം എപ്രകാരമാണെന്ന് ഈ ദരിദ്രയായ വിധവ തന്റെ പ്രവൃത്തിയിലൂടെ നമ്മെ പഠിപ്പിക്കുന്നു. ആ നല്ല മാതൃക നമുക്കും പിൻതുടരാം.

പ്രാർത്ഥന

പ്രീയ യേശുവേ,  

എന്റെ ആശ്രയം പൂർണ്ണമായി അങ്ങയിൽ അർപ്പിക്കുന്നില്ല എന്ന കുറവ് ഞാൻ തിരിച്ചറിയുന്നു.  നിന്നിൽ വിശ്വാസമർപ്പിക്കുവാൻ അനുവദിക്കാതെ എന്റെ മുന്നിൽ നിൽക്കുന്ന എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യുവാൻ എന്നെ സഹായിക്കേണമേ. ഞാൻ ഈ ഭൂമിയിൽ നിന്ന് അകന്നുപോകുന്നതിനു മുമ്പേ ഒരു മാതൃകാ ജീവിതം ജീവിക്കുവാൻ എന്നെ സഹായിക്കേണമേ.  അങ്ങയിലുളള ആഴമായ വിശ്വാസം എനിക്ക് നൽകേണമേ. ആമേൻ