Uncategorized

“ഗിലെയാദിലെ സുഗന്ധ തൈലം”

വചനം

യിരമ്യാവ് 8 : 22

ഗിലെയാദിൽ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യൻ ഇല്ലയോ? എന്റെ ജനത്തിൻ പുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്തു?

നിരീക്ഷണം

ഗിലെയാദ് എന്ന പട്ടണം പാലസ്തീനിലെ യെരീഹോവിലാണ് സ്ഥിതി ചെയ്തിരുന്നത്. അവിടെ മസ്റ്റിക് എന്നറിയപ്പെടുന്ന ഒരുതരം വൃക്ഷം ഉണ്ടായിരുന്നു. അതിൽ നിന്ന് ധാരാളം രോഗ ശാന്തിഗുണങ്ങളുളള സുഗന്ധതൈലം ഉണ്ടാക്കിയിരുന്നു. വളരെ ചിലവേറിയതും ആ പ്രദേശങ്ങളിലുടനീളം അറിയപ്പെട്ടിരുന്നതും രോഗശാന്തിക്കായി ഉപയോഗിച്ചിരുന്നതുമായ ഒരു ലേപനമായിരുന്നു അത്. എന്നാൽ ഇവിടെ ഈ വചനത്തിൽ പ്രവാചകൻ അതിനെ ഒരു ഉദാഹരണമായി ഉപയോഗിക്കുന്നു.  “ഇവിടെ ചോദിക്കുകയാണ് ഗിലെയാദിൽ സുഗന്ധതൈലം ഇല്ലയോ?” ബാൽ വിഗ്രഹങ്ങളെ ആരാധിക്കുന്ന ജാതികളെപ്പോലെ ദൈവ ജനമായ യിസ്രായേലും ദൈവഹിതമല്ലാത്തത് പ്രവൃത്തിച്ചു വളരെ പാപികള്‍ ആയിതീർന്നു. അവരുടെ പാപങ്ങളുടെ ഫലമായി അവർക്കുണ്ടായ മുറിവുകള്‍ സുഖപ്പെടുത്തുവാൻ പ്രത്യാശയും ആത്മീയ ലേപനവും ഇല്ലേ എന്ന് പ്രവാചകൻ ചോദിക്കുന്നു.

പ്രായോഗീകം

ഭാഗ്യവശാൽ, ഇന്ന് ഗിലെയാദിൽ ഒരു നല്ല വൈദ്യനുണ്ട് അവന്റെ പേരാണ് യേശുക്രിസ്തു.  പഴയനിയമത്തിലെ വ്യവസ്ഥകളെല്ലാം പരാജയപ്പെട്ടപ്പോള്‍ കാലക്രമേണ ഗിലെയാദിലെ സ്വർഗ്ഗീയ സുഗന്ധദ്രവ്യമായി യേശുക്രിസ്തു ഈ ലോകത്തിലേക്ക് ഇറങ്ങിവന്നു. കാൽവറി ക്രൂശിൽ ചൊരിയപ്പെട്ട തന്റെ രക്തത്തിലൂടെ എല്ലാ പാപങ്ങളെയും കഴുകികളയുവാനും എല്ലാരോഗങ്ങളെയും സുഖപ്പെടുത്തുവാനും കഴിയുന്നതായ പുതിയ നിയമ ലേപനമാണ് യേശുക്രിസ്തുവിന്റെ രക്തം. സ്വന്തം ജീവനെ ബലിയായി അർപ്പിച്ചുകൊണ്ടാണ് ഈ ലേപനം യേശുക്രിസ്തു  തയ്യാറിക്കിയിരിക്കുന്നത്. എല്ലാ രോഗങ്ങള്‍ക്കും നല്ല വൈദ്യനായ യേശുക്രിസ്തു തന്റെ സുഗന്ധതൈലവുമായി ജനത്തെ കാത്തിരിക്കുന്നു എങ്കിലും  അവർ ഇന്നും രോഗ സൗഖ്യത്തിനായും പാപ വിമോചനത്തിനായും അത് നൽകുവാൻ കഴിവില്ലാത്ത ഇടങ്ങളിലും ആളുകളിലും ആശ്രയിക്കുന്നു. ലളിതമായ പ്രാർത്ഥനയിലൂടെ ജനം ഗിലെയാദിലെ നല്ല വൈദ്യനെ അന്വേഷിച്ചാൽ വിടുതലിന്റെ യഥാർത്ഥ  സുഗന്ധതൈലവുമായി കാത്തിരിക്കുന്ന യേശുവിനെ കണ്ടെത്തുവാൻ കഴിയും. വർഷങ്ങള്‍ക്കുമുമ്പ് യിരമ്യാവിലൂടെ ഉണ്ടായ ചോദ്യം നിമിത്തം നിരാശരാകരുത്. കാരണം നമുക്ക് ഗിലെയാദിൽ ഒരു നല്ല വൈദ്യനുണ്ട് അവനാണ് കർത്താവായ യേശുക്രിസ്തു.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്റെ പാപത്തിന്റെയും രോഗത്തിന്റെയും പരിഹാരത്തിനായി കാൽവറിക്രൂശിൽ മരിച്ചതിനായി നന്ദി.  അങ്ങയുടെ വിലയേറിയ രക്തത്താലുളള ആത്മ രക്ഷയും രോഗസൗഖ്യവും തന്ന് എന്നെ രക്ഷിച്ചതിനായും നന്ദി.  തുടർന്നും അങ്ങയിൽ ആശ്രയിച്ചു ജീവിക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ