Uncategorized

“താങ്കള്‍ക്കും അവകാശമുണ്ട്”

വചനം

യോഹന്നാൻ 1 : 12

അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.

നിരീക്ഷണം

യേശുവിന്റെ ഏറ്റവും അടുത്ത മൂന്ന് ശഷ്യന്മാരിൽ ഒരാളായിരുന്ന യോഹന്നാൻ അപ്പോസ്തലൻ ദൈവ നിയോഗത്താൽ എഴുതിയ വചനമാണിത്.  യോഹന്നാൻ 1 : 11 അപ്പോസ്തലൻ ഇപ്രകാരം പറയുന്നു അവൻ സ്വന്തത്തിലേക്കു വന്നു, അതായത് യഹൂദാ ജനത്തിനുവേണ്ടി എന്നാൽ സ്വന്തമായവരോ അവനെ കൈകൊണ്ടില്ല. എന്നാൽ യോഹന്നാൻ ഇവിടെ പറയുന്നു യേശുവിനെ സ്വന്ത രക്ഷിതാവായി സ്വീകരിക്കുന്ന ഏവർക്കും ദൈവ മക്കളാകുവാനുളള അവകാശം ദൈവം നൽകി.  ഇത് വായിക്കുന്ന നിങ്ങള്‍ ഓരോരുത്തരും യേശുവിൽ വിശ്വസിക്കുവാൻ തയ്യാറാകുന്നു എങ്കിൽ തീർച്ചയായും നിങ്ങളെയും ദൈവമക്കള്‍ എന്ന പദവിയിലേയ്ക്ക് ഉയർത്തുവാൻ ദൈവം ആഗ്രഹിക്കുന്നു.

പ്രായോഗീകം

പുതുതായി യേശുവിൽ വിശ്വസിച്ച് കടന്നുവരുന്ന വ്യക്തികളെ ചില പഴയ വിശ്വാസികള്‍ നിരസിക്കാറുണ്ട് കാരണം പുതിയതായി കടന്നുവരുന്ന വ്യക്തി അവരുടെ അഭിപ്രായത്തിൽ യേശുവിനെ അനുഗമിക്കുവാൻ മതിയായ വില അവർ നൽകിയിട്ടില്ല.  എന്നാൽ ഇവിടെ ദൈവ വചനം പറയുന്നു യേശുക്രിസ്തുവിന്റെ നാമത്തിൽ വിശ്വാസിക്കുക എന്നത് മാത്രമല്ലാതെ ഒരു വ്യക്തിയ്ക്ക് ദൈവ മകനോ മകളോ ആയി തീരുവാൻ മറ്റ് യാതൊന്നും വിലയായി ദൈവത്തിന് നൽകേണ്ടതില്ല. വാസ്തവത്തിൽ സകല മനുഷ്യർക്കും ദൈവത്തിന്റെ മക്കള്‍ ആകുവാൻ അവകാശമുണ്ട്.  യേശുവിന്റെ ജനനത്തിങ്കൽ ദൂതന്മാർ “സകല ജനത്തിനും ഉണ്ടാകുവാനുളള മഹാസന്തോഷം ഞാൻ നിങ്ങളെ അറിയിക്കുന്നു” എന്നാണ് പാടിയിരിക്കുന്നത്.  യേശുവിൽ വിശ്വസിക്കുക എന്നതിലുപരിയായി ആരെങ്കിലും നിങ്ങള്‍ മതപരമായ മറ്റ് വ്യവസ്ഥകളിൽ കൂടെ കടന്നുപോകണമെന്ന് പറയുന്നെങ്കിൽ അതിന് ചെവികൊടുക്കാതിരിക്കുക.  യേശുവിന്റെ നാമത്തിൽ വിശ്വസിച്ച് അവന്റെ കല്പനകള്‍ അനുസരിക്കുന്ന ഏവർക്കും ദൈവത്തിന്റെ മക്കളാകുവാൻ അവകാശമുണ്ട്.  കാരണം സർവ്വലോകരുടെയും വീണ്ടെടുപ്പുവില കർത്താവായ യേശുക്രിസ്തു കാൽവരിക്രൂശിൽ മരിച്ചതു മുഖാന്തിരം  നൽകി കഴിഞ്ഞു. യേശുവിൽ വിശ്വസിച്ചാൽ നിയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് കാൽവരിക്രൂശിൽ മരിച്ചതിലൂടെ എനിക്കും എന്റെ കുടുംബത്തിനും അവിടുത്തെ മക്കളാകുവാൻ അവകാശം തന്നതിനായി നന്ദി പറയുന്നു.  മറ്റുള്ളവരുടെ വാക്കുകേട്ട് പിൻതിരിയാതെ അങ്ങയിൽ വിശ്വസിച്ച്, അങ്ങയുടെ മക്കളായി ജീവിക്കുവാൻ ഞങ്ങളെ സഹായിക്കേണമേ. ആമേൻ