Uncategorized

“പ്രശ്നങ്ങളാകുന്ന കൊടുങ്കാറ്റ് അടിക്കുമ്പോള്‍”

വചനം

സങ്കീർത്തനങ്ങള്‍ 107 : 29

അവൻ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകൾ അടങ്ങി.

നിരീക്ഷണം

യിസ്രായേൽ ജനത്തിന് നേരിടുവാൻ കഴിയുന്നതിന്  അപ്പുറമുളള പ്രശ്നങ്ങള്‍ വ്യത്യസ്ത സാഹചര്യങ്ങളിൽ നേരിട്ടപ്പോഴെല്ലാം അവർ ദൈവത്തോട് നിലവിളിക്കുകയും ദൈവം അവർക്ക് അതിനെ  അതിജീവിക്കുവാനുളള സാഹചര്യങ്ങള്‍ ഒരുക്കികൊടുക്കുകയും ചെയ്തതിനെക്കുറിച്ചാണ് ഇവിടെ സങ്കീർത്തനക്കാരൻ എഴുതിയിരിക്കുന്നത്. അവർക്ക് നിലവിളിക്കുവാൻ കഴിയാത്ത വിധത്തിലുളള പ്രശ്നങ്ങള്‍ കടന്നു വന്നപ്പോള്‍പ്പോലും ദൈവം അവർക്കു വേണ്ടി വഴിയൊരുക്കി. ഒരിക്കൽ യേശുവും തന്റെ ശിഷ്യന്മാരും പടകിൽ യാത്ര ചെയ്യുന്ന വേളയിൽ കടലിൽ ഒരു വലീയ ചുഴലിക്കാറ്റ് ഉണ്ടായിട്ട് പടകിൽ തിര തളളിക്കയറുകയാൽ അത് മുങ്ങുമാറായി. ശിഷ്യന്മാരുടെ നിലവിളിയുടെ ശബ്ദത്തെപോലും അമർത്തുന്ന തിരമാലകളുടെ ശബ്ദത്തിന്റെ നടുവിലും യേശു അലറുന്ന തിമാലകളെ പൂർണ്ണമായി ശാന്തമാക്കി അവരുടെ പ്രശ്നത്തെ പരിഹരിച്ചു. എന്തൊരത്ഭൂതം! അലയടിച്ച് ഉയരുന്ന തിരമാലകള്‍പോലും നമ്മുടെ വലിയവനായ ദൈവത്തിന്റെ വാക്കിനാൽ അടങ്ങുന്നു.

പ്രായോഗീകം

ഇതു വായിക്കുന്ന താങ്കളുടെ ജീവിതം കൊടുങ്കാറ്റിന് സമാനമായ പ്രശ്നങ്ങളാൽ വലയുകയാണോ?  താങ്കളുടെ ജീവിത്തിലെ പ്രശ്നങ്ങളെ പരിഹരിക്കുവാൻ കഴിയുന്നില്ലെങ്കിൽ താങ്കള്‍ക്ക് ഇപ്പോള്‍ ചെയ്യുവാൻ കഴിയുന്ന ഒരു കാര്യം ഈ വലിയവനായ ദൈവത്തോട് നിലവിളിക്കുക എന്നതാണ്. സർവ്വശക്തനായ ദൈവം താങ്കളുടെ ജീവിത്തിലെ വലീയ പ്രശ്നമാകുന്ന കൊടുങ്കാറ്റിനെ പരിഹരിച്ചു നൽകും. ജീവിത്തിൽ വെറുക്കപ്പെടുന്ന അനുഭവത്തിന്റെ കൊടുങ്കാറ്റാണോ താങ്കള്‍ അഭിമുഖീകരിക്കുന്നത്?  ദൈവ സ്നേഹത്തിൽ നിലനിൽക്കുവാൻ ദൈവ കൃപയ്ക്കായി  പ്രാർത്ഥിക്കാം.  അതോ കുടുംബകലഹം എന്ന കൊടുങ്കാറ്റിലൂടെയാണോ താങ്കള്‍ കടന്നുപോകുന്നത്? ലോകത്താകമാനം പടർന്നു കൊണ്ടിരിക്കുന്ന ഈ ഭ്രാന്തമായ സ്വഭാവം മാറുവാനും കുടുംബങ്ങളിൽ യഥാർത്ഥ സ്നേഹം നിലനിൽക്കുവാനും ദൈവത്തോട് പ്രാർത്ഥിക്കാം.  സാമ്പത്തീക തകർച്ച എന്ന കൊടുങ്കാറ്റിലാണോ ആയിരിക്കുന്നത്?  സ്വർഗ്ഗകവാടം തുറന്ന് മതിവരുവോളം തരുവാൻ കഴിവുളള ദൈവത്തോട് പ്രാർത്ഥിക്കുക. അതുമല്ലെങ്കിൽ മദ്യപനം, മയക്കുമരുന്ന് എന്നീ കൊടുങ്കാറ്റിലാണോ താങ്കള്‍ ആയിരിക്കുന്നത്?  സമൂഹത്തിൽ ദശലക്ഷകണക്കിന് ആളുകളെ ഈ ചങ്ങലയിൽ ബന്ധിച്ച് കുടുംബ ബന്ധങ്ങളെ തകർക്കുന്ന ഈ വലീയ കൊടുങ്കാറ്റിനെ തകർക്കുവാൻ ദൈവത്തോട് ആഴമായി പ്രാർത്ഥിക്കുക.  പ്രീയ സഹോദരാ, സഹോദരി നിങ്ങളുടെ ജീവിതത്തിൽ പരിഹരിക്കുവാൻ കഴിയാത്ത ഏതു കൊടുങ്കാറ്റിനെയും അടക്കുവാൻ കഴിയുന്ന നമ്മുടെ മഹാദൈവമായ യേശുക്രിസ്തുവിനെ നോക്കി നിലവിളിച്ച് പ്രാർത്ഥിക്കാമോ? താങ്കളുടെ നിലവിളി കോള്‍ക്കുവാനും ഉത്തരം നൽകുവാനും ഈ ദൈവം ശക്തനാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ജീവിതത്തിൽ കടന്നു വന്ന കൊടുങ്കാറ്റുകളുടെ നടുവിൽ ഞാൻ നിലവിളിച്ചപ്പോഴൊക്കെയും എന്റെ നിലവിളികേട്ട് എന്നെ രക്ഷിച്ചതിനായി ഞാൻ അങ്ങയോട് നന്ദി പറയുന്നു. ഈ സന്ദേശം വായിക്കുന്ന എന്റെ സുഹൃത്ത് ഏതുതരം കൊടുങ്കാറ്റിന്റെ അനുഭവത്തിലൂടെ കടന്നു പോകുന്നുവെങ്കിലും അങ്ങ് അതിനെ അടക്കി അദ്ദേഹത്തെ രക്ഷിക്കേണമേ. ആമേൻ