Uncategorized

“ദിവസം മുഴുവനും”

വചനം

സങ്കീർത്തനം 25 : 4,5

“യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ, നിന്റെ പാതകളെ എനിക്കു ഉപദേശിച്ചു തരേണമേ, നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ, നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ, ദിവസം മുഴുവനും ഞാന്‍ നിങ്കൽ പ്രത്യാശവെക്കുന്നു”.

നിരീക്ഷണം

സര്‍വ്വശക്തനായ, സര്‍വ്വജ്ഞാനിയായ , സര്‍വ്വവ്യാപിയായ ദൈവത്തെ സേവിക്കുന്ന എനിക്കോ, നിങ്ങള്‍ക്കോ, ഒരു പക്ഷേ ദാവീദ് രാജാവിനെപ്പോലെ ഒരു വ്യക്തിക്കോ, ദൈവത്തിന്റെ വഴികളെ പലപ്പോഴും തിരിച്ചറിയാൻ കഴിയാറില്ല. അതുകൊണ്ടായിരിക്കണം ദാവീദ് ഇപ്രകാരം പ്രാർത്ഥിക്കുവാൻ ഇടയായത് “കര്‍ത്താവേ, അങ്ങയുടെ വഴികള്‍ എനിക്കു കാണിച്ചു തരേണമേ, അങ്ങയുടെ പാതകള്‍ എനിക്ക് ഉപദേശിച്ചു തരേണമ, അങ്ങയുടെ സത്യത്തിൽ നടക്കാൻ എന്നെ പഠിപ്പിക്കേണമേ”. “ഒരു ദിവസത്തിന്റെ പൂർണ്ണ സമയവും” ദൈവം അപ്രകാരം തന്നെ ചെയ്യണമെന്ന് ദാവീദ് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.

പ്രായോഗികം

അല്പം ഗൗരവമായി ഇതിനെ ചിന്തിച്ചാൽ, സ്നേഹ നിധിയായ സ്വര്‍ഗ്ഗീയ പിതാവിനെക്കാള്‍ മറ്റാരെയാണ് അല്ലങ്കിൽ മറ്റെന്താണ് നമ്മുക്ക് വേണ്ടത്?  നാം ഈ ഭൂമിയിൽ ആയിരിക്കുന്ന നാളുകള്‍ ഈ ദൈവത്തെക്കുറിച്ച് പഠിക്കുവാനും അറിയുവാനും നമ്മുക്ക് കഴിയേണം. അപ്പോള്‍ മാത്രമാണ് നാം നമ്മുടെ ജീവിതം യഥാർത്ഥമായി ജീവിക്കുവാനും നമ്മുടെ ജീവതം അര്‍ത്ഥ പൂര്‍ണ്ണമാകുവാനും തുടങ്ങുന്നത്. ഈ ലോകത്തിൽ ഒരു മകന് അല്ലെങ്കിൽ മകള്‍ക്ക് അവരുടെ ജീവിതത്തിൽ തങ്ങളുടെ പിതാവിനെ എത്രമാത്രം ആവശ്യമാണ് എന്ന് നമ്മുക്ക് അറിയാം. മക്കള്‍ പിതാവിന്റെ ജീവിതത്തെ നിരീക്ഷിക്കുകയും അനുകരിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് നമ്മുക്ക് മനസ്സിലാക്കുവാൻ കഴിയും. അപ്രകാരം സ്വര്‍ഗ്ഗീയ പിതാവിനെ നോക്കി ആ ദൈവത്തെ അനുഗമിക്കാൻ നമ്മുക്ക് കഴിയണം “എന്റെ സ്വര്‍ഗ്ഗീയ പിതാവ് എന്നെ അറിയണമെന്നും, എന്നെക്കുറിച്ച് അഭിമാനിക്കണമെന്നും, എപ്പോഴും എന്നെ സഹായിക്കണമെന്നും നാം ആഗ്രഹിക്കണം”.  “ദിവസം മുഴുവനും” ഈ ദൈവത്തെ അനുഗമിക്കുവാൻ നമ്മുക്ക് ഇടയായി തീരട്ടെ!

പ്രാര്‍ത്ഥന

ദൈവമെ “ദിവസം മുഴുവനും” അവിടുത്തെ ദൃഷ്ടി എന്റെ മേൽ വെച്ചതിന് ഞാൻ നന്ദി പറയുന്നു. ഈ സത്യം ഞാൻ മനസിലാക്കുവാൻ വളരെ സമയമെടുത്തു എങ്കിലും അങ്ങയോട് ഞാൻ വളരെ നന്ദിയുളളവനാണ്. അങ്ങയെ അടുത്തറിഞ്ഞ് അങ്ങയെപ്പോലെ ആയി തീരുവാൻ എന്നെ സഹായിക്കേണമേ! ആമേൻ.