Uncategorized

“വിശ്വാസത്തിൽ നിലനൽക്കുക”

ചനം

അപ്പോ. പ്രവൃത്തികള്‍ 23 : 14

“അവർ മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ ചെന്നു ഞങ്ങള്‍ പൌലോസിനെ കൊന്നു കളയുവോളം ഒന്നും ആസ്വദിക്കയില്ല എന്നൊരു കഠിന ശപഥം ചെയ്തിരിക്കുന്നു”.

നിരീക്ഷണം

അപ്പോസ്തലനായ പൌലോസ് യെരുശലേമിൽ വളരെ തീവ്രമായി സുവിശേഷ ഘോഷണത്തിൽ ആയിരിക്കുമ്പോള്‍ ഒരു കൂട്ടം ആളുകള്‍ അദ്ദേഹത്തെ കൊന്നുകളയുവാൻ ഗൂഢാലോചന നടത്തി. അവർ മഹാപുരോഹിതന്മാരുടെയും, മൂപ്പന്മാരുടെയും അടുക്കൽ ചെന്ന് ഞങ്ങള്‍ പൌലോസിനെ കൊല്ലുന്നതു വരെ ഒന്നും ഭക്ഷിക്കില്ലെന്ന് ശപഥം ചെയ്തിരിക്കുന്നു എന്ന് പറഞ്ഞു.

പ്രായോഗികം

നമ്മുടെ രാജ്യമായ ഇന്ത്യയിലും ക്രൈസ്തവർക്കെതിരായുളള ഉപദ്രവങ്ങള്‍ സർവ്വസാധാരണമാണ്.  എന്നാൽ ഇത്തരത്തിലുളള പുതിയനിയമ സംഭവങ്ങളും, അപ്പോസ്തലന്മാരുടെ അനുഭവങ്ങളും ഈ കാലഘട്ടത്തിൽ ഉപദ്രവം അനുഭവിക്കുന്ന ദൈവമക്കള്‍ക്ക് ആത്മികമായി ധൈര്യം പകരുന്നവയാണ്. ആദിമ നൂറ്റാണ്ടിലെ സഭകളും, സഭാനേതാക്കളും വളരെ ഉപദ്രവങ്ങള്‍ സഹിച്ചുവെങ്കിലും അവർ വിശ്വാസ ജീവിതത്തിൽ നിലനിന്നു എന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയും. യേശുവിന്റെ അനുയായികള്‍ ഇത്തരത്തിൽ ഉപദ്രവിക്കപ്പെടുമ്പോള്‍ നമുക്ക് അതിൽ വേദന ഉണ്ടാകാറുണ്ടോ? അവർക്കായി പ്രാർത്ഥിക്കാറുണ്ടോ? ഓരോ ക്രിസ്ത്യനിയോടുമുളള സുപ്രധാനമായ ചോദ്യങ്ങളാണിവ. ഈ ഉപദ്രവങ്ങളുടെ മദ്ധ്യയും കര്‍ത്താവായ യേശുക്രിസ്തുവിന്റെ വരവ് അടുത്തിരിക്കുന്നു എന്ന യാഥാർത്ഥ്യം നമുക്ക് പ്രത്യാശ നൽകുന്നു. 

പ്രാര്‍ത്ഥന

കർത്താവായ യേശുവേ,

വിശ്വാസത്തിന്റെ പരിശോധനകള്‍ ക്രിസ്തീയ ജീവിതത്തിൽ കടന്നുവരുമ്പോള്‍ തളരാതെ നിൽപ്പാൻ എന്നെ ശക്തനാക്കേണമേ. ക്രിസ്തീയ മാർഗ്ഗത്തിൽ ആയെന്ന കാരണത്താൽ ഉപദ്രവം അനുഭവിക്കുന്ന ക്രിസ്തുവിൽ എന്റെ സഹോദര വർഗ്ഗത്തെ ഓർത്ത് പ്രാർത്ഥിക്കുന്നു. മുമ്പൊരിക്കലുമില്ലാത്തതുപോലെ അങ്ങയെ വാസ്തവമായി സേവിക്കുവാൻ ഞങ്ങളെ സഹായിക്കേണമേ. അത് അത്ര എളുപ്പമുളളകാര്യമല്ലെങ്കിലും ഞങ്ങളെ ശക്തരാക്കുന്ന അങ്ങയുടെ ശക്തിയാൽ ഞങ്ങള്‍ക്കതിനു കഴിയും. ആമേൻ.