Uncategorized

“ദൈവം ഏല്പിച്ചതിൽ നിന്ന് ചാടിപ്പോകരുത്”

വചനം

അപ്പോസ്തലപ്രവൃത്തികൾ 13 : 13

പൌലൊസും കൂടെയുള്ളവരും പാഫൊസിൽനിന്നു കപ്പൽ നീക്കി, പംഫുല്യാദേശത്തിലെ പെർഗ്ഗെക്കു ചെന്നു. അവിടെവെച്ചു യോഹന്നാൻ അവരെ വിട്ടുപിരിഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോയി.

നിരീക്ഷണം

പൌലോസിന്റെ ആദ്യ മിഷനറി യാത്രയിൽ ബർണബാസിന്റെ ബന്ധുവായ യോഹന്നാൻ മർക്കോസ് ചില കാരണങ്ങളാൽ ഏല്പിച്ച ദൗത്യം ഉപേക്ഷിച്ച് യെരുശലേമിലേയ്ക്ക് മടങ്ങിപ്പോയി.

പ്രായോഗികം

ആദ്യ മിഷനറിയാത്ര പൂർത്തിയാക്കിയ പൌലോസും ബർണബാസും തങ്ങളുടെ രണ്ടാമത്തെ മിഷ്ണറി യാത്രയ്ക്ക് പുറപ്പെടാൻ തയ്യാറെടുത്തപ്പോൾ യോഹന്നാൻ മർക്കോസിനെ വീണ്ടും തങ്ങളോടൊപ്പം കൊണ്ടുപോകണമെന്ന് ബർണബാസ് നിർബന്ധിച്ചത് പൌലോസിന് ഇഷ്ടമായില്ല, അവർക്കിടയിൽ അതിനെച്ചൊല്ലി ഭിന്നതയുണ്ടായി. കാരണം ആദ്യ യാത്രയിൽ യോഹന്നാൻ മർക്കോസ് അവരെ വിട്ടുപിരിഞ്ഞുപോയത് പൌലോസിന് ഇഷ്ടമായില്ല. ബർണബാസ് യോഹന്നാൻ മർക്കോസിനെയും പൌലോസ് ശീലാസിനെയും അവരുടെ രണ്ടാം മിഷ്ണറിയാത്രയിൽ കൊണ്ടുപോയി. വർഷങ്ങൾക്കു ശേഷം ബർണബാസ് യോഹന്നാൻ മർക്കോസിനെ പത്രോസിന്റെ സഹായത്തിനായി അയച്ചു. അദ്ദേഹത്തോടൊപ്പം ആയിരുന്നതുകൊണ്ട് യോഹന്നാൻ മർക്കോസ് ഒരു മികച്ച നേതാവായി വളരുകയും രണ്ടാമത്തെ സുവിശേഷമായ “മർക്കോസിന്റെ സുവിശേഷം” എഴുതുകയും ചെയ്തു. യോഹന്നാൻ മർക്കോസ് തന്റെ ശുശ്രൂഷ്യ്ക്ക് പ്രയോജനം എന്ന് മനസ്സിലാക്കി തന്നോടൊപ്പം വിട്ടയക്കണമെന്ന് പൌലോസ് ആവശ്യപ്പെട്ടു. എന്തായാലും ദൈവം ഏല്പിക്കുന്ന ദൗത്യം പൂർത്തീകരിക്കാതെ ചാടിപ്പോകരുത് ഉറച്ചു നിന്നാൽ ദൈവം തന്റെ പ്രവർത്തി നമ്മിലൂടെ ചെയ്തെടുക്കുവാൻ ഇടയായി തീരും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് ഏല്പിച്ച ദൗത്യം നന്നായി പൂർത്തീകരിക്കുവാനും അതിൽ ഉറച്ചു നിൽക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ