Uncategorized

“ദൈവം വെളിച്ചമാണ്”

വചനം

യെശയ്യാ 9 : 2

ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെ മേൽ പ്രകാശം ശോഭിച്ചു.

നിരീക്ഷണം

ആഹാസ് രാജാവിന്റെ നീചവും ഇരുണ്ടതുമായ ഭരണത്തിൻ കീഴിൽ ആയിരിക്കുമ്പോഴാണ്, യെശയ്യാ പ്രവാചകൻ ഈ വാക്കുകള്‍ പ്രവചിച്ചത്. എന്നാൽ ഈ പ്രവചനം വരാനിരിക്കുന്ന മശിഹയായ യേശു ക്രിസ്തുവിനെക്കുറിച്ചുളളതാണ്.  ബെത്ലഹേമിൽ ജനിച്ച് ഗലീലയിൽ വളർന്ന യേശു ജനിക്കുന്നതിന് നൂറുകണക്കിന് വർഷങ്ങള്‍ക്ക് മുമ്പായിരുന്നു ഈ പ്രവചനം. എന്നാൽ യെശയ്യാവിന്റെ ഈ പ്രവചനം, യിസ്രായേൽ ജനത്തിന് പുതിയ പ്രത്യാശ ഉളവാക്കി.  എന്തുകൊണ്ടെന്നാൽ അവർ അക്കാലത്ത് ഇരുണ്ട ജീവിതാനുഭവത്തിലായിരുന്നു. ആ ഇരുളിലേക്ക് വെളിച്ചം വരുന്നതിനെക്കുറിച്ചുളള ചിന്ത അവർക്ക് പ്രത്യാശ ഉളവാക്കി.  കാലത്തികവിൽ യേശു വെളിച്ചമായി തന്നെ ഈ ലോകത്തിലേക്ക് ഇറങ്ങിവന്ന് പ്രവചനം നിവർത്തീകരിച്ചു.

പ്രായോഗികം

ഏത് ഇരുണ്ട പ്രശ്നങ്ങളാണ് ജീവിതത്തിൽ അലട്ടുന്നത്?  വെളിച്ചം പുറത്തുണ്ടെങ്കിലും ജീവിതം ഇരുണ്ടതായിരിക്കാം, താങ്ങാനാവാത്ത ഭാരമായി മാറിയിരിക്കാം.  എന്നാൽ യേശു വെളിച്ചമാണ് ജീവിതത്തിൽ ഈ വെളിച്ചം വ്യാപരിച്ചാൽ നിങ്ങളുടെ ഭാരം യേശു ഏറ്റെടുക്കും എന്നത് വാസ്തവമായ കാര്യമാണ്.  വെളിച്ചം വരുമ്പോള്‍ ഇരുട്ട് അപ്രത്യക്ഷമാകുന്നതുപോലെ, യേശുവാകുന്ന വെളിച്ചം നിങ്ങളുടെ ജീവിതത്തിൽ വ്യാപരിക്കുമ്പോള്‍ ഇരുണ്ട ജീവിതാനുഭവങ്ങള്‍ക്കു പകരം പ്രകാശവും പ്രത്യാശയും നിറഞ്ഞ ജീവിതമായി മാറും.  അതുകൊണ്ട് ഈ വെളിച്ചമാകുന്ന യേശുവിനെ ജീവിതത്തിൽ സ്വീകരിച്ച് ഇരുട്ടാകുന്ന ജീവിതാനുഭവങ്ങളെ മാറ്റിക്കളയുവാൻ ദൈവം താങ്കളെ സഹായിക്കുമാറാകട്ടെ.

പ്രാർത്ഥന

കർത്താവേ,

അങ്ങ് എന്റെ വെളിച്ചവും രക്ഷയും ആയി മാറിയതിന് ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു.  എന്റെ ജീവിതത്തിലെ ഇരുണ്ട അനുഭവങ്ങളെ മാറ്റി സന്തോഷം  തന്നതിന് നന്ദി.  അങ്ങയുടെ വെളിച്ചത്തിൽ എന്നും ജീവിക്കുവാൻ എനിക്ക് കൃപ നൽകേണമേ. ആമേൻ!