Uncategorized

“നിങ്ങള്‍ പ്രതീക്ഷിക്കാത്ത സമയത്ത്!”

വചനം

യെശയ്യാ 18 : 7

ആ കാലത്തു ദീർഘകായന്മാരും മൃദുചർമ്മികളും ആയ ജാതി, ആരംഭംമുതൽ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജാതി, അളക്കുന്നതും ചവിട്ടിക്കളയുന്നതും നദികൾ ദേശത്തെ വിഭാഗിക്കുന്നതുമായ ജാതി തന്നേ, സൈന്യങ്ങളുടെ യഹോവയുടെ നാമമുള്ള സ്ഥലമായ സീയോൻ പർവ്വതത്തിലേക്കു സൈന്യങ്ങളുടെ യഹോവെക്കു തിരുമുൽക്കാഴ്ച കൊണ്ടുവരും.

നിരീക്ഷണം

യെശയ്യാവ് ഈ ഭാഗത്ത് സൂചിപ്പിച്ചിരിക്കുന്നത് മിസ്രയീമ്യരെക്കുറിച്ചാണ് എന്നാണ് വേദപണ്ഡിതരുടെ നിഗമനം. സൻഹേരീബ് എന്ന് പേരുളള അശ്ശൂർ രാജാവിനെതിരായ ഒരു യുദ്ധത്തിൽ മിസ്രയീമ്യർ യഹൂദയുമായി സഖ്യത്തിലാകുകയും ദൈവത്തെയും യിസ്രായേലിനെയും പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്തു.  എന്നാൽ അതുമൂലം ആ രാജ്യങ്ങള്‍ കഷ്ടത്തിലാവുകയും വളരെ ഭയത്തേടെ പിന്നത്തേതിൽ ജീവിക്കേണ്ടതായും വന്നു.  എന്നിരുന്നാലും അശ്ശൂറിലെ ജനങ്ങള്‍ക്കെതിരായ അസാമാന്യമായ പ്രതിബന്ധങ്ങള്‍ക്കെതിരെ ദൈവം ഹിസ്ക്കീയാവിന് അത്ഭുതകരമായ വിജയം നൽകി. അതിനുശേഷം മിസ്രയീമ്യർ യഹൂദരുടെ ദൈവമായ സർവ്വശക്തനായ യഹോവയ്ക്ക് സമ്മാനങ്ങള്‍ കാഴ്ചവച്ചു.  ഈ ഭാഗം, ഒരുകാര്യം നമ്മെ ഓർമ്മിപ്പിക്കുന്നു ചിലപ്പോള്‍ നാം പ്രതീക്ഷിക്കാത്ത സമയത്ത് മിസ്രയീമ്യരെപ്പോലുളള അവിശ്വാസികളായവർപ്പോലും ദൈവത്തിൽ വിശ്വസിക്കും!

പ്രായോഗികം

യഹൂദമതം കാലക്രമേണ മിസ്രയീമിലേക്ക് വ്യാപിച്ചു.  മശിഹയായ യേശുക്രിസ്തുവിനുശേഷം ക്രിസ്തുമതം മിസ്രയീമിൽ കാലുറപ്പിച്ചു.  പ്രപഞ്ചത്തിലെ ഏക സത്യ ദൈവത്തിന്, നന്ദിയുടെ പാരിതോഷികം നൽകുന്ന മിസ്രയീമ്യരുടെ ഈ സ്വഭാവ മഹിമ നമ്മെ ആശ്ചര്യപ്പെടുത്തും. ഒന്ന് ചിന്തിച്ചാൽ, ഒരിക്കലും മാനസാന്തരപ്പെടില്ല എന്ന് നമ്മുടെ ഹൃദയത്തിൽ തോന്നുന്ന വ്യക്തികളുണ്ട്. എന്നാൽ ഈ ഭാഗം ധ്യാനിച്ചാൽ അത് വാസ്തവമല്ല. നമ്മുടെ പരിസരത്തുളള വ്യക്തികളുമായി, അവരുടെ സ്ഥാനമോ, മതമോ, അവസ്ഥയോ പരിഗണിക്കാതെ യേശുവിനെക്കുറിച്ചുളള സുവിശേഷം പങ്കിടുക എന്നതാണ് ഓരോ വിശ്വാസിയുടെയും ദൗത്യം. നമ്മുടെ ദൗത്യത്തിൽ വിശ്വസ്തരായിരുന്നാൽ “നിങ്ങള്‍ പ്രതീക്ഷിക്കാത്ത സമയത്ത്” ആരെങ്കിലും യേശുവിൽ വിശ്വസിക്കും, ആയതിനാൽ എല്ലാ സാഹചര്യങ്ങളിലും യേശുക്രിസ്തുവിന്റെ വചനം മറ്റുളളവരോട് പങ്കുവയ്ക്കുക. ആരും നശിച്ചുപോകാതെ, എല്ലാവരും നിത്യ ജീവൻ പ്രാപിക്കണമെന്ന് കർത്താവ് ആഗ്രഹിക്കുന്നു.

പ്രാർത്ഥന

കർത്താവേ,

സർവ്വരും അങ്ങയുടെ വചനം കേള്‍ക്കണമെന്ന് അങ്ങ് ആഗ്രഹിക്കുന്നു.  അതിനാൽ, അങ്ങയെക്കുറിച്ച് മറ്റുളളവരോട് പറയുക എന്ന എന്റെ ദൗത്യം നന്നായി ചെയ്യുവാൻ എനിക്കു കൃപ നൽകേണമേ. കാരണം എന്റെ പ്രതീക്ഷയ്ക്ക് അപ്പുറമായി മറ്റുളളവർ അങ്ങിൽ വിശ്വസിക്കുവാൻ ഇടയാകും. ഒരു സുവാർത്താ വാഹകനായി എന്നെ മാറ്റേണമേ. ആമേൻ!