Uncategorized

“ദൈവത്തിന്റെ വലിയ ആഗ്രഹം”

വചനം

സങ്കീർത്തനങ്ങള്‍ 81 : 13

അയ്യോ എന്റെ ജനം എന്റെ വാക്കു കേൾക്കയും യിസ്രായേൽ എന്റെ വഴികളിൽ നടക്കയും ചെയ്തുവെങ്കിൽ കൊള്ളായിരുന്നു.

നിരീക്ഷണം

യഹോവയായ ദൈവം യിസ്രായേൽ ജനത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണിവ. ദൈവം പറയുകയാണ്, യിസ്രായേൽ ജനം  ദൈവത്തിന്റെ വാക്കുകള്‍ കേട്ട് അനുസരിച്ചിരുന്നു എങ്കിൽ അവർക്കു വേണ്ടി എന്തുമാത്രം അനുഗ്രഹങ്ങള്‍ ഞാൻ ചെയ്യുമായിരുന്നു. അവർ ദൈവത്തിന്റെ വചനം കേള്‍ക്കുവാനും അനുസരിക്കുവാനും വിസമ്മതിച്ചു. യിസ്രായേൽ ജനത്തോട് ദൈവത്തിന് എപ്പോഴും ഒരു ബന്ധമുണ്ടായിരുന്നു എന്നാൽ പലകാരണങ്ങളാൽ ഈ ജനത്തിന് തിരിച്ച് ദൈവത്തോടുളള ബന്ധം നിലനിർത്തുവാൻ കഴിഞ്ഞില്ല. പകരം അവർ മറ്റു ദൈവങ്ങളുമായി പറ്റിചേർന്ന് തങ്ങളെ തിരഞ്ഞെടുത്ത ദൈവത്തിൽ നിന്നും പിന്മാറി. ദൈവത്തിന്റെ നീറുന്ന ഹൃദയവേദനയാണ് നാം ഈ വചനത്തിൽ കാണുന്നത്.

പ്രായോഗീകം

എയ്രയോ തവണ നാം വിഡ്ഢിത്തം കാണിച്ചതിനുശേഷം സ്വയം ചിന്തിച്ചിട്ടുണ്ട് സ്വന്തം ഇഷ്ടം ചെയ്യുന്നതിനു പകരം ദൈവ ഇഷ്ടം ചെയ്താൽ മതിയായിരുന്നുവെന്ന്. ചില സമയത്ത് നമ്മുടെ മാതാപിതാക്കള്‍ പറയുന്നതുപോലെ നാം അനുസരിക്കും. എന്നാൽ മറ്റു ചിലസാഹചര്യങ്ങളിൽ നാം അവർ പറയുന്നതിന് നേരെ വിപരീതമായി പ്രവർത്തിയ്ക്കും. അതിന്റെ അനന്തര ഫലം അനുഭവിക്കുമ്പോഴായിരിക്കും മാതാപിതാക്കളെ അനുസരിച്ചാൽ മതിയായിരുന്നുവെന്ന് നാം ചിന്തിക്കുന്നത്.  ദൈവത്തിന്റെ അതിയായ ആഗ്രഹം തന്റെ ജനം താൻ പറയുന്നത് കേള്‍ക്കണമെന്നാണ് കേള്‍ക്കുക മാത്രമല്ല അത് അനുസരിക്കുന്നവരും ആയിരിക്കേണം. അനുസരിക്കുന്നതുമൂലം നാം ദൈവത്തിന്റെ വാക്കുകള്‍ കേള്‍ക്കുന്നു എന്ന് ഉറപ്പിക്കാം. യിസ്രായേൽ ജനം ദൈവം പറയുന്നത് കേള്‍ക്കുവാൻ കൂട്ടാക്കിയില്ല കാരണം അവർക്ക് അനുസരിക്കുവാൻ മനസ്സില്ലായിരുന്നു. ചില വർഷങ്ങള്‍ യിസ്രായേൽ ജനം ഭൂപടത്തിൽ നിന്നു തന്നെ ഇല്ലാതായി കാരണം അവർ ദൈവത്തെ അനുസരിച്ചില്ല. ഒരിക്കലും അങ്ങനെ ആകേണ്ട ജനമായിരുന്നില്ല യിസ്രായേൽ എന്നാൽ അവർ ദൈവം ആഗ്രഹിച്ചത് ചെയ്തില്ല. പ്രീയ സുഹൃത്തേ, ഈ ദിവസം കർത്താവ് നമ്മോട് പറയുന്നത് എന്താണെന്ന് നമുക്ക് ശ്രദ്ധിക്കാം, കർത്താവ് അരുളിചെയ്യുന്നത് നമുക്ക് അനുസരിക്കാം. അതാണ് ദൈവത്തിന്റെ ആഗ്രഹം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്ത് അരുളിചെയ്താലും അതുപോലെ കേള്‍ക്കുക മാത്രമല്ല അത് അനുസരിക്കുവാനുമുള്ള കൃപ എനിക്കു നൽകുമാറാകേണമേ. അനുസരണക്കേടിനാൽ അങ്ങയുടെ ഹൃദയത്തെ വേദനിപ്പിക്കുവാൻ എനിക്ക് ഇടയാകരുതേ. ആമേൻ