Uncategorized

 “ആദ്യം ദൈവം”

വചനം

ദാനിയേൽ 2 : 19

അങ്ങനെ ആ രഹസ്യം ദാനീയേലിന്നു രാത്രിദർശനത്തിൽ വെളിപ്പെട്ടു; ദാനീയേൽ സ്വർഗ്ഗസ്ഥനായ ദൈവത്തെ സ്തുതിച്ചുപറഞ്ഞതു:

നിരീക്ഷണം

ബാബിലോണിയൻ രാജാവായ നെബുഖദ്നേസർ ഒരിക്കൽ ഒരു സ്വപ്നം കണ്ടു.  കണ്ട  സ്വപ്നം രാജാവ് മറന്നു എങ്കിലും തന്റെ മനസ്സു വ്യാകുലപ്പെട്ടു. ആയതുകൊണ്ട് താൻ കണ്ട സ്വപനം പറയുവാൻ ആ രാജ്യത്തിലെ മന്ത്രവാദികളെയും, ആഭിചാരകന്മാരെയും, ക്ഷുദ്രക്കാരേയും വിളിച്ച് താൻ കണ്ട സ്വപ്നം പറയുവാൻ കല്പിച്ചു. എന്നാൽ ആർക്കും അത് പറയുവാൻ കഴിഞ്ഞില്ല. സ്വപ്നം  വിവരിക്കുവാൻ കഴിയാതെ ഇരുന്ന ദേശത്തിന്റെ മന്ത്രവാദികളെയും, ആഭിചാരകന്മാരെയും, ക്ഷുദ്രക്കാരേയും കുടുംബത്തോടെ കൊന്നു കളയുവാൻ രാജാവ് കല്പന പുറപ്പെടുവിച്ചു. അങ്ങനെ എബ്രായ പ്രവാസിയായ ദാനയേലും ഈ കല്പന അറിയുകയും താനും മരിക്കേണ്ടിവരും എന്ന് മനസ്സിലാക്കി രാജാവിനോട് പ്രാർത്ഥിക്കുവാൻ സമയം ചോദിച്ചു കാരണം ഈ സംഭവം തന്റെ ജീവിതത്തിൽ ആദ്യമായിരിുന്നു. രാജാവ് ദാനിയേലിന് സമയം അനുവദിച്ചുകൊടുത്തു.  ദാനിയേൽ ദൈവസന്നിധിയിൽ പ്രാർത്ഥിച്ചപ്പോള്‍ ദൈവം അവന് സ്വപനവും അതിന്റെ അർത്ഥവും കാണിച്ചുകൊടുത്തു.  സ്വപ്നവും അർത്ഥവും മനസ്സിലാക്കിയ ദാനിയേൽ ആദ്യം തന്നെ രാജാവിന്റെ അടുക്കൽ ഓടുന്നതിനു പകരം ദൈവത്തിന് നന്ദി പറയുകയും, പടിസ്തുതിക്കുകയും, ആരാധിക്കുകയും പ്രാർത്ഥനയിൽ സമയം ചിലവഴിക്കുകയും ചെയ്തു. ദാനിയേൽ തന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയിയായിരുന്നു കാരണം തന്റെ ജീവിതത്തിൽ മുഖ്യ സ്ഥാനം ദൈവത്തിന് കൊടുക്കുമായിരുന്നു.

പ്രായോഗീകം

നാം നമ്മുടെ ജീവിത്തിങ്കലോയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കാം. ഏതെല്ലാം വിഷയങ്ങളിൽ ദൈവം നമ്മെ സഹായിക്കുകയും നമ്മുടെ പ്രാർത്ഥനകേള്‍ക്കുകയും ചെയ്തിട്ടുണ്ട്. ചിലപ്പോഴൊക്കെ നാം ദൈവത്തിന് നന്ദി പറഞ്ഞിട്ടുണ്ടാവാം എന്നാൽ, പലപ്പോഴും നാം ഉത്തരം കിട്ടുമ്പോള്‍ ദൈവത്തെ സ്തുതിക്കുന്നതിനു പകരം ദൈവത്തിന് ഇതുമായി ഒരു ബന്ധവുമില്ലെന്ന മട്ടിൽ നാം പോകാറുണ്ട്. ഈ വചനത്തിൽ ദാനിയേൽ ദൈവത്തിന് കൊടുത്ത അതേ സ്ഥാനമാണ് യഥാർത്ഥ ദൈവമക്കള്‍ കൊടുക്കേണ്ടത്. ദാനിയേൽ വധശിക്ഷ അനുഭവിക്കേണ്ട സ്ഥാനത്ത് ദൈവം അവന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകിയപ്പോള്‍ ഉടനെ തന്നെ ദൈവത്തിന് നന്ദി പറഞ്ഞ് ദൈവത്തെ പാടി സ്തുതിച്ച് ആരാധിച്ചു. ബാബിലോൺ രാജാവ് തന്നെ എന്തുചെയ്യും എന്ന് താൻ ഓർത്തില്ല, സ്വർഗ്ഗത്തിലെ തന്റെ രാജാധി രാജാവ് ഇതിനകം ചെയ്തകാര്യങ്ങളെ ഓർത്ത് അദ്ദേഹം ഹൃദയങ്ങമായി ദൈവത്തെ മഹത്വപ്പെടുത്തി. ദാനിയേൽ തന്റെ കുടുംബത്തെക്കാളും, സുഹൃത്തുക്കളെക്കാളും, ഒരു രാജാവിനെക്കാളും ദൈവത്തിന് പ്രഥമ സ്ഥാനം നൽകി. അതുപോലെ നമുക്കും നമ്മുടെ ജീവിതത്തിൽ ദൈവത്തിന് പ്രഥമ സ്ഥാനം നൽകി ജീവിക്കുവാൻ താരുമാനിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്റെ ജീവിതത്തിൽ ചെയ്ത എല്ലാ നന്മയ്ക്കും അങ്ങേയ്ക്ക് നന്ദി പറയുന്നു. തുടർന്നും അങ്ങയെ എന്റെ ജീവിത്തിന്റെ പ്രധാന സ്ഥാനത്തു നിർത്തി ജീവിക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ