Uncategorized

“ദൈവത്തിൽ പ്രത്യാശിക്കുക”

വചനം

സങ്കീർത്തനം  43 :  5

“എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉളളിൽ ഞരങ്ങുന്നതു എന്തു? ദൈവത്തിൽ പ്രത്യാശവെക്കുക;  അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും.”

നിരീക്ഷണം

ലോകം ഇന്ന് പലവിധമായ പ്രശ്നങ്ങളിൽകൂടി കടന്നു പോകുന്നു.  വളരെ അടുത്തനാളുകളിൽ നാം സാക്ഷ്യം വഹിച്ച ചില പ്രശ്നങ്ങളാണ് കൊവിഡ് മഹാമാരിയും റഷ്യൻ – ഉക്രയിൻ യുദ്ധവുമെല്ലാം. ഈ വാർത്തകളെല്ലാം മാധ്യമങ്ങള്‍ വഴി നമ്മുടെ അടുക്കലേക്ക് എത്തുമ്പോള്‍ അവ  മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കാറുണ്ട്. എന്നാൽ ഇതിന്റെയെക്കെ അവസാനം എപ്പോഴാണെന്ന് ആർക്കും പ്രവചിക്കുവാൻ കഴിയുകയില്ല. ഇങ്ങനെയുളള പ്രശ്നങ്ങളുടെ നടുവിൽ നാം അസ്വസ്ഥരാകുമ്പോള്‍ എന്തു ചെയ്യണം എന്ന് അറിയാതെ പലപ്പോഴും ആശങ്കാഭരിതരായിതീരുന്നു.

പ്രായോഗികം

ഭൂമിയുടെ നാല് കോണുകളിൽനിന്നും ഇരുപത്തിനാലു മണിക്കൂറും പ്രവഹിക്കുന്ന അനന്തമായ വാർത്തകളും, നമ്മുടെ സ്വന്തം ജീവിതത്തിലെ ദുഃഖങ്ങളും പരീക്ഷകളുമൊക്കെയാണ് നമ്മുടെ മനസ്സിനെ തളർത്തുന്നത്. നല്ല വാർത്തകള്‍ വളരെ അപൂർവ്വമായും   മനസ്സിനെ അസ്വസ്തമാക്കുന്ന വാർത്തകള്‍ വളരെ സുലഭമായും നമ്മുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. ദാവീദിന്റെ കാലത്ത് ഇന്റർനെറ്റോ മറ്റ് മാധ്യമങ്ങളോ ഒന്നും ഇല്ലാതിരുന്നിട്ടും തന്നെ അസ്വസ്തമാക്കുന്ന അനേക പ്രശ്നങ്ങള്‍ ദാവീദിന്റെ ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഈ വചനത്തിൽ നിന്ന് നമ്മുക്ക് മനസ്സിലാക്കുവാൻ കഴിയും.  രാജാവാകുവാൻ അഭിഷേകം ചെയ്യപ്പെട്ട ദാവീദ് ശൗൽ രാജാവിന്റെ അടുക്കൽ നിന്നും പ്രാണ രക്ഷാർത്ഥം ഓടി ഒളിച്ച എണ്ണമറ്റ ദിവസങ്ങളെക്കുറിച്ച് ചിന്തിക്കുക. അപ്പോഴെല്ലാം തന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായിതീർന്നുവെങ്കിലും തന്റെ പ്രത്യാശ കർത്താവിലാണെന്ന് അവൻ ഉറപ്പിച്ചപ്പോള്‍ ധൈര്യം ലഭിക്കുകയുണ്ടായി.  പ്രതിസന്ധിയുടെ മദ്ധ്യേയും താൻ തന്റെ ദൈവത്തെ സ്തുതിക്കുകയും അത് അവന് ആശ്വാസമാവുകയും ചെയ്തു. ഈ പുത്തൻ ദിനത്തിൽ നമ്മുക്കും അപ്രകാരം തന്നെ ആയിരിക്കാം. 

പ്രാർത്ഥന

പ്രീയ യേശുവേ,  

എന്റെ മനസ്സ് അസ്വസ്തമാകുപ്പോള്‍, എന്നിൽ ആശങ്കകള്‍ വർദ്ധിക്കുമ്പോള്‍ അങ്ങയിൽ കൂടുതൽ ആശ്രയിപ്പാൻ എനിക്ക് കൃപ നൽകേണമേ. എന്റെ ജീവിതകാലം മുഴുവൻ അങ്ങയിൽ പ്രത്യാശവെക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ