Uncategorized

“നീതി പ്രവൃത്തികളാലല്ല കൃപയാലത്രേ”

വചനം

ആവർത്തനപുസ്തകം 9 :  6

“ആകയാൽ നിന്റെ ദൈവമായ യഹോവ നിനക്കു ആ നല്ലദേശം അവകാശമായി തരുന്നതു നിന്റെ നീതി നിമിത്തം അല്ലെന്നു അറിഞ്ഞുകൊള്‍ക; നീ ദുഃശ്ശാഠ്യമുളള ജനമല്ലോ;”

നിരീക്ഷണം

ഈ അദ്ധ്യായത്തിന്റെ പ്രാരംഭ ഭാഗത്തുതന്നെ മോശ ഇപ്രകാരം യിസ്രായേൽ ജനത്തോട് പറഞ്ഞു, “നിങ്ങളുടെ നീതിയോ വിശ്വസ്തതയോ നിമിത്തമല്ല, ഞാൻ നിങ്ങള്‍ക്ക് ഈ ദേശം തരുന്നത് മറിച്ച് ആ ദേശത്തിലെ ജാതികളുടെ ദുഷ്ടത കൊണ്ടാണ് ഞാൻ അവരെ നീക്കുന്നത്” അങ്ങനെ നിങ്ങള്‍ക്ക് ആ ദേശം അവകാശമാകും. ആറാം വാക്യത്തിൽ അല്പംകൂടി വ്യക്തമായി പറയുന്നത്; നിങ്ങള്‍ക്ക് ഈ ദേശം ലഭിക്കുവാൻ പോകുന്നത് നിങ്ങളുടെ നീതികൊണ്ട് അല്ല കാരണം “നിങ്ങള്‍ ദുഃശ്ശാഠ്യമുളള” ജനം തന്നെ.

പ്രായോഗികം

വാഗ്ദത്ത ദേശം പ്രാപിക്കുന്നതിന് യിസ്രായേൽ മക്കള്‍ ചെയ്തിട്ടുളള ഒരു നീതി പ്രവർത്തിയും കാരണമായിട്ടില്ല. പകരം ആ ദേശത്തിലെ ജനങ്ങള്‍ നികൃഷ്ടന്മാരും പാപികളുമായതിനാൽ അവരെ അവിടെ നിന്ന് നീക്കി ദേശം യിസ്രായേൽ മക്കള്‍ക്ക് ദാനമായി നൽകി.  ദൈവം തന്റെ സ്നേഹം നിമിത്തം ജാതികളുടെ ദേശം യിസ്രായേലിനു നൽകി.   പുതിയ നിയമത്തിലും നാം നമ്മടെ നീതി പ്രവർത്തികള്‍ കാരണമല്ല വീണ്ടെടുക്കപ്പെട്ടത് എന്ന് വ്യക്തമാണ്.  തീത്തോസിനു എഴുതീയ ലേഖനത്തിൽ അതിന്റെ ലേഖന കർത്താവായ പൌലോസ് അപ്പോസ്തലനിലൻ ഇപ്രകാരം എഴുതി നമ്മുടെ നീതി പ്രവൃത്തികളാലല്ല മറിച്ച് തന്റെ കരുണപ്രകാരമത്രെ വീണ്ടും ജനനവും പരിശുദ്ധാത്മാവെന്ന ദാനവും തന്ന് നമ്മെ രക്ഷിച്ചത്. അത് ജീവിതത്തിൽ തിരിച്ചറിയുന്നവർ ആയിരിക്കേണം നാമും.

പ്രാർത്ഥന

പ്രീയ യേശുവേ,  

അങ്ങയുടെ കൃപയ്ക്ക് ഞാൻ അർഹനാകാതിരുന്നപ്പോഴും നീ എന്നെ സ്നേഹിക്കുകയും എന്നോട് ക്ഷമിക്കുകയും എന്നെ വീണ്ടെടുക്കുകയും ചെയ്തതിനായി ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു.  എന്റെ നീതി പ്രവർത്തികള്‍ അല്ല എന്നെ രക്ഷിച്ചത് എന്ന സത്യം ഇന്നു ഞാൻ തിരിച്ചറിയുന്നു. തുടർന്നും എന്റെ ജീവകാലം മുഴുവൻ അപ്രകാരം തന്നെ ദുഃശ്ശാഠ്യം ഒന്നും ഇല്ലാതെ ജീവിക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ