Uncategorized

“പകുതി മനസ്സോടെയുളള വിധേയത്വം”

വചനം

യോശുവ 16 : 10

“എന്നാൽ അവർ ഗെസേരിൽ പാർത്തിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; കനാന്യർ ഇന്നുവരെ എഫ്രയീമ്യരുടെ ഇടയിൽ ഊഴിയവേല ചെയ്തു പാർത്തു വരുന്നു”.

നിരീക്ഷണം

മനശ്ശെയുടെ സഹോദരനായിരുന്നു എഫ്രയും.  ഇവർ രണ്ടുപേരും യോസേഫിന്റെ പുത്രന്മാരായിരുന്നു. യിസ്രായേൽ ഗോത്രങ്ങള്‍ കീഴടക്കിയ ദേശത്തെ ജാതികളെ പുറത്താക്കുവാൻ യഹോവയായ ദൈവം കല്പന നൽകിയിരുന്നു.  എന്നാൽ യോസേഫിന്റെ മക്കള്‍ കനാന്യരെ പൂർണ്ണമായി പുറത്താക്കുവാൻ തയ്യാറായില്ല. കനാന്യർ അവർക്ക് ഊഴിയവേല ചെയ്യുന്നവരായിരുന്നു.  ദൈവത്തിന്റെ വാക്കുകള്‍ പൂർണ്ണമായി അനുസരിക്കാത്തതിനാൽ ദൈവം അവർക്കു നൽകിയ അനുഗ്രഹങ്ങളും സമാധാനവും ഒരിക്കലും പൂർണ്ണമായി അനുഭവിക്കുവാൻ അവർക്ക് കഴിഞ്ഞില്ല. പകുതിമനസ്സോടെയുളള വിധേയത്വം മാത്രം ആണ് മനശ്ശെ ഗോത്രത്തിന് ദൈവ സന്നിധിയിൽ ഉണ്ടായിരുന്നത്.

പ്രായോഗികം

കനാൻ ജനതയെ അവരുടെ ദേശത്തുനിന്ന് പൂർണ്ണമായി ഉന്മൂലനം ചെയ്യുവാൻ ദൈവം മനശ്ശെ ഗോത്രത്തോട് കല്പിച്ചു.  എന്നാൽ അവർ പൂർണ്ണഹൃദയത്തോടെ അനുസരിക്കുവാൻ തയ്യാറായില്ല ദൈവം നമ്മോട് എന്തെങ്കിലും കല്പിച്ചാൽ അത് ചെയ്യുവാനുളള കൃപയും ദൈവം തരും. എന്നാൽ ദൈവം പറയുന്നത് പൂർണ്ണമായി അനുസരിക്കുവാൻ നാം തയ്യാറാകണം. പൂർണ്ണഹൃദയത്തോടെ അനുസരിക്കുവാൻ തയ്യാറാകുമ്പോള്‍ നമ്മുടെ മുന്നിലെ അസാധ്യങ്ങളെ ദൈവം സാദ്ധ്യമാക്കി തരും. അസാധ്യതകള്‍ എന്നും അസാദ്ധ്യതയായി തന്നെ തുടരുന്നുവെങ്കിൽ നമ്മുടെ അനുസരണത്തിൽ എനിടെയോ ഭാഗപിഴ വന്നുപോയി എന്നു നാം തിരിച്ചറിയണം. ഭൂമി കൈവശമാക്കി നൽകിയ  ദൈവം പറഞ്ഞത് മനശ്ശെ ഗോത്രം അനുസരിച്ചില്ല അതുകൊണ്ട് അവരുടെ കഴിവുകളെ പൂർണ്ണമായി തിരിച്ചറിയുവാൻ അവർക്ക് കഴിയാതെപ്പോയി എന്ന് മാത്രമല്ല മനശ്ശെഗോത്രത്തിന് പരാജയം സമ്മതിക്കേണ്ടിവന്നു.  അസാധ്യങ്ങളെ ദൈവം സാധ്യമാക്കുന്നത് കാണുവാൻ  ആഗ്രഹിക്കുന്ന വ്യക്തിയാണ് താങ്കള്‍ എങ്കിൽ പകുതി മനസ്സോടെയുളള അനുസരണം ഉപേക്ഷിച്ച് പൂർണ്ണ ഹൃദയത്തോടെ ദൈവത്തെ അനുസരിക്കുവാൻ തയ്യാറാവണം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയെ പൂർണ്ണമായി ആശ്രയിക്കണമെന്നാണ് എന്റെ ആഗ്രഹം.  എന്നാൽ പലപ്പോഴും അങ്ങനെ ചെയ്യുവാൻ കഴിയാതെയിരുന്നിട്ടുണ്ട്.  എന്നാൽ പൂർണ്ണഹൃദയത്തോടെ അങ്ങയെ അനുസരിക്കുന്ന വ്യക്തിയായി അങ്ങയുടെ വീര്യ പ്രവൃത്തികള്‍ കാണുവാൻ എന്നെ സഹായിക്കേണമേ. ആമേൻ