Uncategorized

“പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും”

വചനം

റോമർ 8 : 26

“അവ്വണ്ണം തന്നേ ആത്മാവു നമ്മുടെ ബലഹീനതെക്കു തുണനില്ക്കുന്നു. വേണ്ടും പോലെ പ്രാർത്ഥിക്കേണ്ടതു എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവു തന്നേ ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാൽ നമ്മുക്കു വേണ്ടി പക്ഷാവാദം ചെയ്യുന്നു”.

നിരീക്ഷണം

ഇവിടെ പൌലോസ് അപ്പോസ്തലൻ പറയുന്നു നാം പ്രാർത്ഥിക്കുമ്പോള്‍ എന്തിനുവേണ്ടി പ്രാർത്ഥിക്കുന്നു എന്ന് അറിയാവുന്ന അവസരങ്ങള്‍ ഉണ്ട്, എന്നാൽ ചിലപ്പോഴെങ്കിലും എങ്ങനെ പ്രാർതിഥിക്കണം എന്ന് അറിയാത്ത സമയങ്ങള്‍ നമ്മുടെ ജീവിതത്തിലും നാം അനുഭവിച്ചിട്ടുണ്ടാകാം. ചിലപ്പോള്‍ വല്ലാത്ത ഒരു ഭാരംതോന്നും പക്ഷേ ആ ഭാരം എന്താണെന്ന് അറിയില്ലായിരിക്കാം. ആ സമയങ്ങളിൽ വാക്കുകളില്ലാത്ത ഞരക്കങ്ങളോടെ പ്രാർത്ഥിക്കുവാൻ പിശുദ്ധാത്മാവ് നമ്മെ സഹായിക്കുമെന്ന് പൌലോസ് പറയുന്നു. അടുത്തവാക്യത്തിൽ പറയുന്നു ആ നിമിഷം ദൈവഹിതം എന്താണെന്ന് നമ്മുക്ക് അറിയില്ല എന്നാൽ പരിശുദ്ധാത്മാവിനറിയാം അതുകൊണ്ടാണ് നാം പോലും അറിയാത്ത ഞരക്കങ്ങളാൽ പരിശിദ്ധാത്മാവ് നമുക്കായി പ്രാർത്ഥിക്കുന്നത്.

പ്രായോഗികം

പരിശിദ്ധാത്മാവിൽ നിറഞ്ഞവർക്ക് നാം പോലും അറിയാത്ത ഈ മനസ്സിലാകാത്ത വാക്കുകളാൽ നാം ദൈവത്തോട് സംസാരിക്കുന്നതാണ് എന്ന് അറിയാം.  പെന്തകൊസ്തു നാളിൽ മാളിക മുറിയിൽ നടന്ന പരിശുദ്ധാത്മ പകർച്ച നമുക്ക് എല്ലാവർക്കും അറിവുളളതാണ്.  നമ്മുടെ ജീവിതത്തിൽ പലപ്പോഴും എങ്ങനെ പ്രാർത്ഥക്കണമെന്ന് അറിയാതെ ആത്മാവിൽ ഞരങ്ങി മുട്ടുമടക്കി ദൈവസന്നിധിയിൽ ഇരിക്കുമ്പോള്‍ നാം തന്നെ അറിയാത്ത ഭാഷകളിൽ ദൈവത്തോട് സംസാരിക്കും. ആ വാക്കുകളുടെ അർത്ഥം നാം അറിയുന്നില്ല എങ്കിലും അന്യഭാഷകളിൽ സ്വർഗ്ഗീയ ഭാഷയിൽ തന്നെ നമുക്ക് സംസാരിക്കാൻ കഴിയും.  അപ്രകാരം പ്രാർത്ഥിച്ചു കഴിയുമ്പോള്‍ ഹൃദയഭാരം മാറി വിജയം നേടുന്ന അനുഭവം ഉണ്ടാകും. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു? പരിശുദ്ധാത്മാവ് ദൈവഹിതം അറിഞ്ഞ് എന്നിലൂടെ ദൈവത്തോട് പ്രാർത്ഥിച്ചു എന്നതിനാൽ തന്നെ. ആയതിനാൽ നമ്മിൽ പരിശുദ്ധാത്മാവിന്റെ നിറവ് ആവശ്യമാണ്. കാരണം പ്രാർത്ഥിക്കേണ്ടത് എന്തെന്നോ, എങ്ങനെയെന്നോ നാം അറിയുന്നില്ല, ഈ പരിശുദ്ധാത്മാവിനെ പ്രാപിച്ചാൽ പരിശുദ്ധാത്മാവ് നമ്മുടെ ബലഹിനതകളിൽ തുണ നിൽക്കും.

പ്രാർത്ഥന

പ്രീയ യേശുവേ

ഞാൻ പ്രാർത്ഥിക്കേണ്ടത് എങ്ങനെയെന്ന് അറിയാതിരിക്കുമ്പോള്‍ പരിശുദ്ധാത്മാവിനാൽ എന്നെ നിറച്ച് സ്വർഗ്ഗീയ ഭാഷയിൽ പ്രാർത്ഥിക്കുവാൻ എനിക്ക് കൃപ നൽകുന്നതിനായി ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു.  ആ സ്വർഗ്ഗീയ ഭാഷയിൽ ഞാൻ പ്രാർത്ഥിക്കുമ്പോള്‍ എന്റെ ഹൃദയ ഭാരം മാറി എനിക്ക് വിജയം തരുന്നതിനായി നന്ദി. തുടർന്നും ആ ആത്മശക്തിയിൽ മുന്നോട്ടു പോകുവാൻ എന്നെ സഹായിക്കേണമേ.  ആമേൻ                                                                                                                                                

.