Uncategorized

“ബാലിന്റെയും അധാർമീകതയുടെയും ദൈവം”

വചനം

യിരമ്യാവ് 19 : 5

ബാലിന്നു ഹോമബലികളായി തങ്ങളുടെ പുത്രന്മാരെ തീയിൽ ഇട്ടു ദഹിപ്പിപ്പാൻ ബാലിന്നു പൂജാഗിരികളെ പണികയും ചെയ്തിരിക്കുന്നു. അതു ഞാൻ കല്പിച്ചിട്ടില്ല, അരുളിച്ചെയ്തിട്ടില്ല, എന്റെ മനസ്സിൽ വന്നിട്ടുമില്ല.

നിരീക്ഷണം

യഹൂദാജനത്തിന് വരാനിരിക്കുന്ന ന്യായവിധിയെക്കുറിച്ച് യഹോവയായ ദൈവം യിരമ്യാ പ്രവാചകനിലൂടെ അരുളിചെയ്ത വാക്കുകളാണ് നാം ഇവിടെ വായിക്കുന്നത്.  ദൈവജനം ദൈവത്തിൽ നിന്ന് അകന്നുമാറി മനുഷ്യനിർമ്മിത ദൈവമായ ബാലിനെ പ്രസാദിപ്പിക്കുവാനായി തങ്ങളുടെ മക്കളെ തീയിൽ ദഹിപ്പിച്ചു. യഹൂദാ ജനം അവരുടെ ജീവിതം മുഴുവനും മരവും കല്ലും കൊണ്ട് നിർമ്മിച്ച ബാൽ ദൈവത്തിന് സമർപ്പിക്കുവാൻ തയ്യാറായി. മനുഷ്യ കരങ്ങളാൽ നിർമ്മിതമായ വിഗ്രഹങ്ങളാകയാൽ അവയ്ക്കൊന്നും ജനത്തിന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുവാൻ കഴിയുകയില്ല. യഹോവയായ ദൈവം തന്റെ ജനത്തോട് കൽപ്പിക്കുകയോ മനസ്സിൽപ്പോലും നിരൂപിക്കുകയോ ചെയ്യാത്ത പ്രവൃത്തിയാണ് ജനം ദൈവമുൻപാകെ പ്രവൃത്തിച്ചത്.

പ്രായോഗീകം

ഒരു സമൂഹം സ്വന്തം മക്കളുടെ ജീവൻ അവരുടെ പ്രാർത്ഥന കേള്‍ക്കുവാൻ കഴിയാത്ത ദൈവത്തിന് ബലിയായി അർപ്പിക്കുവാൻ തയ്യാറാകുമ്പോള്‍ തന്നെ ആ സമുഹത്തിന്റെ നിലവാരം നമുക്ക് മനസ്സിലാക്കുവാൻ കഴിയും. ഇവിടെ യഹൂദാജനം തങ്ങളുടെ മക്കളെ തങ്ങളുടെ ദേവനായ ബാലിന് തീയിൽ ദഹിപ്പിക്കുകയായിരുന്നു. നാം ഇന്ന് ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ലക്ഷകണക്കിന് കുഞ്ഞുങ്ങളെ ഗർഭപാത്രത്തിൽ വച്ച് തന്നെ ഗർഭഛിദ്രം ചെയ്യുന്നു. പഴയ നിയമത്തിൽ കേള്‍ക്കുവാനോ, കാണുവാനോ, പ്രവൃത്തിപ്പാനോ കഴിയാത്ത ബാൽ ദേവന് ബലിയായി കുഞ്ഞുങ്ങളെ ദഹിപ്പുച്ചുവെങ്കിൽ ഇന്ന് ദുർനടപ്പിന്റെ ദേവന് കുഞ്ഞുങ്ങളെ ഗർഭഛിദ്രത്തിലുടെ അർപ്പിക്കുന്നു. ഗർഭഛിദ്രത്തെക്കുറിച്ച് ഒന്ന് ചിന്തിച്ചാൽ ചിലസാഹചര്യങ്ങളിൽ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ നഷ്ടപ്പെടും എന്നും കുഞ്ഞിനെവളർത്തുവാൻ അമ്മയുണ്ടാകില്ല എന്നും ഉള്ള അവസ്ഥയിൽ ചെയ്യുന്ന ഗർഭഛിത്രം നമ്മുക്ക് മനസ്സിലാകും. എന്നാൽ ഒരു സ്ത്രിയും പുരുഷനും അല്പ ജഢീക സുഖത്തിനുവേണ്ടി ശാരീരികബന്ധത്തിൽ ഏർപ്പെടുകയും അതുമൂലം ജനിക്കുന്ന കുഞ്ഞിനെ വളർത്തുവാനുളള ഉത്തരവാദിത്വം ഇല്ലാതെ ഗർഭഛിദ്രം ചെയ്യുകയും ചെയ്യുന്നത് മ്ലേച്ഛതയാണ്. ഇപ്പോള്‍ കോടതികള്‍ വരെ അതിനെ ജനന നിയന്ത്രണ മാർഗ്ഗമായി കാണുന്ന കാലമാണ്. യഹൂദാജനം ബാലിന് കുഞ്ഞുങ്ങളെ ബലിയായി അർപ്പിച്ചതുപോലെ ഇന്ന് കാമത്തിന്റെ ദേവന് കുഞ്ഞുങ്ങളെ കൊടുക്കുന്ന ഒരു പുതീയ കാഴചയാണ് കാണുവാൻ കഴിയുന്നത്. ഇവരണ്ടും ഒന്നു തന്നെ.  എന്നാൽ ഇത് ദൈവത്തിന് അനിഷ്ടമാണെന്നും ദൈവം ഒരിക്കലും ആഗ്രഹിക്കുകയോ ചിന്തിക്കുകയോ ചെയ്യുന്നില്ലയെന്നും ദൈവ വചനപ്രകാരം മനസ്സിലാക്കുവാൻ കഴിയും. ദൈവത്തെ അനുസരിക്കുമെന്നും ഈ ലോക മ്ലേച്ഛതയിൽ വീഴുകയില്ലായെന്നും നാം ഉറച്ച തീരുമാനം എടുക്കണം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ വചനം അനുസരിക്കുവാനും ഈ ലോക മ്ലേച്ഛതയിൽ വീഴാതെ ജീവിക്കുവാനും എന്നെ സഹായിക്കേണമേ. എന്റെ ശരീരത്തെ ജീവനും വിശുദ്ധിയും ദൈവത്തിന് പ്രസാദവുമായുളള യാഗമായി സമർപ്പിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ