Uncategorized

“മരിച്ചു ജീവിക്കുന്നവൻ”

വചനം

യോഹന്നാൻ 20 : 21

യേശു പിന്നെയും അവരോടു: നിങ്ങൾക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു.

നിരീക്ഷണം

യേശുവിന്റെ പുനരുത്ഥാനത്തിനുശേഷം യഹൂദന്മാരെ ഭയന്ന് ശിഷ്യന്മാർ കൂടിയിരുന്ന മുറിയിൽ യേശു പ്രത്യക്ഷപ്പെട്ട് അരുളിചെയ്ത വാക്കുകളാണിത്.  ആ സന്ദർഭത്തിൽ യേശു അനേക കാര്യങ്ങള്‍ പറഞ്ഞുവെങ്കിലും യേശുവിന്റെ ഈ വാക്കുകള്‍ വളരെ  ശ്രദ്ധേയമാണ്.  യേശുക്രിസ്തുവിനെ പിതാവായ ദൈവം ലോകത്തിലേയ്ക്ക് അയച്ചതുപോലെ യേശുക്രിസ്തുവും തന്റെ ശിഷ്യരായ നമ്മെ സത്യസുവിശേഷവുമായി ഈ ലോകത്തിലേയ്ക്ക് അയക്കുന്നു. പിതാവായ ദൈവം യേശുക്രിസ്തുവിനെ ഈ ലോകത്തിലേയ്ക്ക് അയച്ചത് പുതിയനിയമത്തിന്റെ ആരംഭംകുറിക്കുവാനും മനിഷ്യരാശിയുടെ മുഴുവൻ പാപങ്ങള്‍ക്കും ഒരിക്കലായി മരിക്കുവാനും ആയിരുന്നു. അതുകൊണ്ടാണ് യേശുവിനെ മരിച്ച് ജീവിക്കുന്നവൻ എന്ന് പറയുന്നു.

പ്രായോഗീകം

ലോകത്തിന്റെ മുഴുവൻ പാപത്തിന്റെയും പരിഹാരത്തിനായി ക്രൂശുമരണം ഏറ്റെടുക്കുവാൻ യേശു ഈ ഭൂമിയിലേയ്ക്ക് വന്നു എന്ന് യേശുവിന് നന്നായി അറിയാമായിരുന്നു.  യേശുവിനെ ഈ ഭൂമിയിലേയ്ക്ക് അയച്ചത് പോലെ നമ്മെയും ഈ ലോകത്തിലേയ്ക് അയക്കുന്നു എന്ന് യേശു പറയുമ്പോള്‍ നാം എന്തിനും തയ്യാറായിരിക്കണം എന്നാണ് അർത്ഥമാക്കുന്നത്.  യേശുവിനെപോലെ മരിക്കേണ്ടിവന്നാലും ഞാനും നിങ്ങളും അവനായി ജീവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു.  നമ്മുടെ മരണം വരെ നാം വചനപ്രകാരമുളള ഒരു ക്രിസ്തീയജീവിതം നയിക്കണമെന്നതാണ് വാസ്തവം. നമ്മെ യേശുക്രിസ്തു ഈ ലോകത്തിന്റെ അന്ധകാരശക്തിയിൽ നിന്നും വീണ്ടെടുത്തത് തിരികെ ഈ ലോകത്തിൽ ദൈവത്തിന്റെ ആത്മാവിനാലും ശക്തിയാലും നിറഞ്ഞ് ദൈവത്തിന്റെ ഒരു വെളിച്ചമായി ജീവിക്കുവാനാണ്. യേശുക്രിസ്തുവിനെപ്പോലെ “മരിച്ചു ജീവിക്കുവാൻ താങ്കള്‍ തയ്യാറാണോ?”

പ്രാർത്ഥന

പ്രീയ യേശുവേ,

മരിച്ചു ജീവിക്കുവാൻ എനിക്ക് മനസ്സുണ്ട് അതിനായി എന്നെ സമർപ്പിക്കുന്നു.  ഈ ലോകത്തിൽ വെളിച്ചമായി അങ്ങ് വന്നതുപോലെ എന്നെയും ലേകത്തിന്റെ വെളിച്ചമായി ഇവിടെ ആക്കിയിരിക്കുന്നതിനായി നന്ദി. അങ്ങേയ്ക്കുവേണ്ടി എന്റെ അവസാന ശ്വാസം വരെ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ