Uncategorized

“മുന്തിരിവള്ളിയും കൊമ്പുകളും”

വചനം

യോഹന്നാൻ 15 : 4

എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും; കൊമ്പിന്നു മുന്തിരവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കു കഴികയില്ല.

നിരീക്ഷണം

യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുമ്പോള്‍, യേശുവും ശിഷ്യന്മാരും തമ്മിലുളള ബന്ധത്തെ മുന്തിരിവളളിയോടും കൊമ്പിനോടും ഉപമിച്ചിരിക്കുന്നു. കൊമ്പിന് മുന്തിരിവളളിയിൽ നിന്ന് വേറിട്ട് ഫലം കായ്ക്കാൻ കഴിയാത്തതുപോലെ നിങ്ങള്‍ എന്നിലും ഞാൻ നിങ്ങളിലും വസിക്കുന്നില്ലെങ്കിൽ നിങ്ങള്‍ക്ക് ഫലം കായ്ക്കുവാൻ കഴിയുകയില്ല എന്ന് യേശു പറഞ്ഞു. യേശുവിൽ വസിച്ചുകൊണ്ട് അവനുവേണ്ടി ഫലം കായ്ക്കേണം എന്നുളളത് പുതിയനിയമ ദൗത്യം ആണ്. കർത്താവായ യേശുക്രിസ്തുവിൽ നാം ചേർന്ന് വസിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു.

പ്രായോഗീകം

ഇതേ അദ്യായത്തിൽ തന്നെ തുടർന്നും യേശു പറയുന്നു “എന്നെകൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യുവാൻ കഴിയുകയില്ല” (യോഹന്നാൻ 15:5). യേശുവിന്റെ ഈ വാക്കുകള്‍ അവന്റെ ശിഷ്യരായ നാം ഓരോരുത്തരും അനുസരിച്ച് അനുവർത്തിച്ചാൽ നാം ഈ ലേകത്തിലെ മറ്റുളളവരിൽ നിന്നും തികച്ചും വിത്യസ്തരായി ജീവിക്കും.  എന്നെ പരിഞ്ഞ് നിങ്ങള്‍ക്ക് ഒന്നും ചെയ്യുവാൻ കഴിയുകയില്ല എന്ന യേശുവിന്റെ വാക്കുകള്‍ നാം ജീവിത്തിൽ വളരെ ഗൗരവമായി അംഗീകരിക്കേണ്ട വാക്കുകള്‍ ആണ്. നിർഭാഗ്യവശാൽ ഇന്നത്തെ ക്രിസ്ത്യാനികള്‍ ഈ വചനത്തെ അടിസ്ഥാനമാക്കിയാണോ ജീവിതം നയിക്കുന്നത് എന്ന് സംശയമുണ്ട്. കാരണം ക്രിസ്തു എന്ന സാക്ഷാൽ മുന്തിരിവള്ളിയിൽ വസിക്കുമ്പോള്‍ തന്നെ എങ്ങനെയാണ് നമുക്ക്  പരസ്പരം മത്സരിക്കുവാനും, തമ്മിൽ അസൂയപ്പെടുവാനും കുറ്റം പറയുവാനും ഒക്കെ സാധിക്കുന്നത്?  ഈ വക പ്രവർത്തിക്കുന്നവർ എപ്പോഴെങ്കിലും വചനം വായിച്ചിട്ടുണ്ടോ എന്നു പോലും സംശയിക്കേണ്ടതാണ്. യഥാർത്ഥമായി, നാം പൂർണ്ണമനസ്സോടെ അവനിൽ വിസിക്കുന്നു എങ്കിൽ ഇവയെക്കെയും നമ്മുടെ ജീവിതത്തിൽ നിന്നും ഇല്ലാതെയാകും.  കർത്താവായ യേശുവിന്റെ സ്നേഹം നമ്മിൽ നിറയുവാനും അത് നമ്മിൽ നിന്ന് മറ്റുള്ളവരിലേയ്ക്ക് പകർന്നു നൽകപ്പെടുവാനായി യേശു നമ്മോട് പറയുന്നു, “നിങ്ങള്‍ എങ്കൽ വസിപ്പീൻ”. അപ്രകാരം ഒരു നല്ല തീരുമാനം എടുക്കുവാൻ ദൈവം താങ്കളെ സഹായിക്കട്ടെ.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് മുന്തിരിവളളിയും ഞാൻ കൊമ്പുമാണെന്ന് വിശ്വസിക്കുന്നു.  അങ്ങയെ കൂടാതെ എനിക്ക് ഒന്നും ചെയ്യുവാൻ കഴിയുകയില്ലെന്ന് സമ്മതിക്കുന്നു.  ഞാൻ പൂർണ്ണ ഹൃദയത്തോടെ അങ്ങയുടെ വചനത്തിൽ ആശ്രയിക്കുന്നു.  വരും നാളുകളിൽ അങ്ങയിൽ വസിച്ച് നല്ല ഫലം പുറപ്പെടുവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ