Uncategorized

“യേശുക്രിസ്തു നിങ്ങളെ സഹായിക്കും, കാരണം ഉണ്ട്”

വചനം

എബ്രായർ 2 : 18

താൻ തന്നേ പരീക്ഷിതനായി കഷ്ടമനുഭവിച്ചിരിക്കയാൽ പരീക്ഷിക്കപ്പെടുന്നവർക്കു സഹായിപ്പാൻ കഴിവുള്ളവൻ ആകുന്നു.

നിരീക്ഷണം

യേശു നിങ്ങളെ സഹായിക്കുവാൻ കാരണമുണ്ട്. താൻ തന്റെ കഷ്ടാനുഭവങ്ങളിൽ തികഞ്ഞവനാകുകയും അതിൽ വിജയിക്കുകയും ചെയ്തു. അതുകൊണ്ട് കഷ്ടം അനുഭവിക്കുന്നവരെ തനിക്ക് സഹായിക്കുവാൻ കഴിയും.

പ്രായോഗികം

യേശുക്രിസ്തുവിനെക്കിറിച്ച് ചിന്തിക്കുമ്പോള്‍ താൻ വളരെ കഷ്ടം അനുഭവിച്ചു എന്ന് ദൈവ വചനത്തിൽ നമുക്ക് കാണുവാൻ കഴിയും. താൻ കടന്നുപോയ പാതയിൽ നിന്ന് ഒരിക്കലും പിന്നോട്ട് പോയില്ല അനുഭവിക്കേണ്ട കഷ്ടം മുഴുവൻ ഒറ്റയ്ക്ക് അനുഭവിച്ചു. കർത്താവ് അനുഭവിച്ച കഷ്ടം നോക്കുമ്പോള്‍ നമ്മുടെ ചെറിയ, ചെറിയ കഷ്ടങ്ങളെ നമുക്ക് ധൈര്യത്തോടെ അഭിമുഖീകരിക്കുവാൻ കഴിയണം. യേശുക്രിസ്തുവിനോട് മത നേതാക്കന്മാരും പടയാളികളും ചോദിച്ചതിനെല്ലാം കൃത്യമായ മറുപടിനൽകുവാൻ തനിക്ക് കഴിഞ്ഞു. യേശുവിനെ ക്രൂശിക്കേണ്ടതിന് അന്നത്തെ പരമോന്നത കോടതിയിൽ കൊണ്ടു പോയി പരിഹസിക്കുകയും ചമ്മട്ടികൊണ്ട് അടിക്കുകയും ചെയ്തിട്ടും താൻ പതറയില്ല. അവസാനം തന്നെ കാൽവറിക്രൂശിൽ മൂന്ന് ആണികളിൽ തൂക്കി കൊന്നു. ക്രൂശിലെ മരണത്തോളം തന്നെത്താൻ താഴ്ത്തിക്കൊടുക്കുവാൻ ഇടയായി. അവൻ മനുഷ്യനെ അല്ല പിതാവിനെ അത്രെ അനുസരിച്ചത്. തന്നെത്താൻ താഴ്തി എല്ലാം സഹിച്ചതുകൊണ്ട് പിതാവ് തന്നെ മൂന്നാം നാള്‍ മരണത്തിൽ നിന്ന് ഉയർത്തെഴുന്നേൽപ്പിച്ച് എല്ലാത്തിനും മീതെ ആക്കി വച്ചു. സകല അധികാരവും തനിക്ക് പിതാവ് നൽകുവാൻ ഇടയായി തീർന്നു. ഇത്രയും കഷ്ടപ്പെട്ട യേശിക്രിസ്തുവിന് നമ്മുടെ കഷ്ടതയിൽ നമ്മെ സഹായിക്കുവാൻ തീർച്ചയായും കഴിയും. നാം അനുഭവിക്കുന്ന എല്ലാ കഷ്ടതകളെയും പരിഹരിക്കുവാൻ നമ്മുടെ ദൈവം ശക്തനാണ്. ആ ദൈവത്തിൽ നമുക്ക് ആശ്രയിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്തെല്ലാം കഷ്ടം ജീവിത്തിൽ വന്നാലും അങ്ങ് എന്റെ സഹായകനായുള്ളതുകൊണ്ട് ഞാൻ ഭയപ്പെടുകയില്ല. അങ്ങ് എന്ന അന്ത്യത്തോളം നയിക്കുമാറാകേണമേ. ആമേൻ