Uncategorized

“യേശുതന്നെ പുനരുദ്ധാനവും ജീവനും”

വചനം

1 കൊരിന്ത്യർ 15 : 14

“ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം, നിങ്ങളുടെ വിശ്വാസവും വ്യർത്ഥം”

നിരീക്ഷണം

പൌലോസ് അപ്പോസ്തലന്റെ കാലത്തും, മരിച്ചവരിൽ നിന്നുളള പുനരുത്ഥാനം ഇല്ലെന്ന് വിശ്വസിച്ചവർ ഉണ്ടായിരുന്നു.  പുനരുത്ഥാനം പ്രപിച്ച യേശുക്രിസ്തുവിനെ മുഖാമുഖം കണ്ട പൌലോസ് അതിനെതിരെ വാദിച്ചു. മരിച്ചവരിൽ നിന്നുളള പുനരുത്ഥാനം ഇല്ലെങ്കിൽ, ക്രിസ്തു പോലും ഉയർത്തെഴുന്നേറ്റിട്ടില്ല.  ക്രിസ്തു മരിച്ചവരിൽ നിന്ന് ഉയർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗത്തിനും നിങ്ങളുടെ വിശ്വാസത്തിനും ഒരു വിലയുമില്ല എന്ന് അപ്പോസ്തലൻ ഇവിടെ ഓർമ്മിപ്പിക്കുന്നു.

പ്രായോഗികം

ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനം എന്ന് പറയുന്നതു തന്നെ കർത്താവായ യേശുക്രിസ്തുവിന്റെ ഉയർപ്പിലാണ് അഥവാ പുനരുദ്ധാനത്തിലാണ്. ആകയാൽ കർത്താവിന്റെ വരവിങ്കൽ നിങ്ങള്‍ മരിച്ചവരിൽ നിന്ന് ഉയർക്കപ്പെടുമോ ഇല്ലയോ എന്ന് സംശയിക്കുവാൻ പോലും പാടുളളതല്ല, അപ്രകാരം നാം ചിന്തിക്കരുത്. കർത്താവിന്റെ ശിഷ്യന്മാർ പലരും രക്തസാക്ഷികളായി മരിക്കുവാൻ തയ്യാറായതു തന്നെ അവർ യേശുക്രസ്തുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം വഹിച്ചതിനാലാണ് എന്നത് വ്യക്തമാണ്.  കർത്താവായ യേശുക്രിസ്തു മരിച്ചവരിൽ നിന്ന് ഉയർത്തെഴുന്നേൽക്കുകയും ശിഷ്യന്മാർ കാണ്‍കെ സ്വർഗ്ഗാരോഹണം ചെയ്യുകയും ചെയ്തപ്പോള്‍ അവർക്ക് ഒരുകാര്യം വ്യക്തമായി യേശുക്രിസ്തു പറഞ്ഞതും പഠിപ്പിച്ചതും എല്ലാം സത്യമാണെന്ന്. ആയതുകൊണ്ട് ഈ വിശ്വാസത്തിനായി തങ്ങളുടെ ജീവൻ വരെ വച്ചുകൊടുക്കുവാൻ ശിഷ്യന്മാർ തയ്യാറായി.  യാഥാർത്യം എന്തെന്നാൽ കർത്താവായ യേശുക്രിസ്തു വേഗം മടങ്ങിവരും  യേശുക്രിസ്തുവിൽ മരിച്ചവർ അക്ഷയരായി ഉയർത്തെഴുന്നേൽക്കുകയും ജീവനോടിരിക്കുന്നവർ രൂപാന്തരം പ്രാപിച്ച് അവരോടോരുമിച്ച് പിതാവിന്റെ അടുക്കലേക്ക് കയറിപ്പോകുകയും ചെയ്യും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ പുനരാഗമനം എത്രയും വേഗത്തിൽ സംഭവിക്കുവാൻ പോകുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ ജീവിതവും വാക്കുകളും കൊണ്ട് അങ്ങയുടെ മടങ്ങിവരവ് വേഗത്തിൽ സംഭവിപ്പാൻ പോകുന്നു എന്ന് മറ്റുളളവരെ ബോദ്ധ്യപ്പെടുത്തുവാൻ എന്നെ സഹായിക്കേണമേ. ആമേൻ