Uncategorized

“യേശുവും ഞാനും”

വചനം

റോമർ 2 : 6

അവൻ ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും.

നിരീക്ഷണം

ഈ ദൈവ വചനം മുഴുവനായി മനസ്സിലാക്കണം എങ്കിൽ നാം റോമർക്ക് എഴുതിയ ലേഖനം മുഴുവനും വായിക്കണം. നാം ചെയ്യുന്ന പ്രവർത്തികള്‍ ദൈവ സന്നിധിയിൽ കണക്കാക്കപ്പെടുന്നു എന്ന് അപ്പോള്‍ മനസ്സിലാകും.

പ്രായോഗികം

ഈ ലോകത്തിലെ വിശ്വാസ ജീവിതം യഥാർത്ഥത്തിൽ യേശുക്രിസ്തുവിനൊപ്പമുള്ള നൃത്തമായി കണക്കാക്കാം. യേശുക്രിസ്തുവിനെ അറിയാതെ നാം ചെയ്യുന്ന ഒരു പ്രവൃത്തിയും നമ്മെ രക്ഷിക്കുകയില്ല.  നമ്മുടെ ഹൃദയത്തിൽ നിന്നാണ് പ്രവൃത്തി പുറപ്പെടുന്നത്. അതുകൊണ്ട് ദൈവം നമ്മെ വിധിക്കുന്നത് നമ്മുടെ ഹൃദയത്തെ നോക്കിയാണ്. യേശുക്രിസ്തുവിനുവേണ്ടി കൊതിക്കുന്ന ഒരു ഹൃദയം നമുക്ക് ഉണ്ടായിരിക്കാം എന്നാൽ നമ്മുടെ പ്രവൃത്തി യേശുക്രിസ്തുവിന്റെ ഹിതത്തിന് ഒത്തത് അല്ലെങ്കിൽ നാം പൂർണ്ണമായും നിയമം തെറ്റിച്ചിരിക്കുന്നു. നിയമത്തിന്റെ ഒരു ഭാഗം തെറ്റിച്ചാൽ നിയമം മുഴുവനും തെറ്റിച്ചു എന്ന് നമുക്ക് അറിയാം. നമ്മുടെ ജീവിത്തിൽ മുഖ്യസ്ഥാനം യേശുക്രിസ്തുവിനാണെങ്കിൽ ഇടറിവീണാൽ അവൻ നമ്മെ സ്നേഹത്തോടെ വാരിയെടുത്ത് മുന്നോട്ട് പോകുവാൻ സഹായിക്കും. നാം ഈ ലോകത്തിൽ ചെയ്യുന്ന ഓരോ പ്രവൃത്തിക്കും തക്ക പ്രതിഫലം വാങ്ങുവാൻ ന്യായാസനത്തിന്റെ മുൻപാകെ നിൽക്കണം എന്നോർത്ത് നമ്മുടെ പ്രവൃത്തികള്‍ ദൈവ ഹിതപ്രകാരം ചെയ്യുവാൻ ശ്രമിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

ഒരു ദിവസം ദൈവത്തിന്റെ അടുക്കൽ എന്റെ പ്രവൃത്തിക്കു തക്കഫലം വാങ്ങുവാൻ എത്തേണ്ടതാകയാൽ യേശുവിനോട് ചേർന്ന് ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ