Uncategorized

“വിവരിക്കുവാൻ പ്രയാസമാണ്”

വചനം

യെഹെസ്കേൽ 5 : 17

യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു.

നിരീക്ഷണം

യെഹെസ്ക്കേൽ പ്രവാചകന്റെ പ്രവചന പുസ്തകത്തെ കൃത്യമായി വ്യഖ്യാനിക്കുവാനും പ്രസംഗിക്കുവാനും പ്രയാസമാണ്. കാരണം ദൈവം തന്റെ ജനത്തിന്റെ പാപം നിമിത്തം വളരെ കോപിച്ചിട്ട് പ്രവാചകനായ യെഹെസ്ക്കേലിലൂടെ യിസ്രായേൽ ജനത്തിന് വരുവാനിരിക്കുന്ന നാശത്തെക്കുറിച്ചുളള അരുളപ്പാടുകളാണ്  ഇതിൽ വിവരിച്ചിരിക്കുന്നത്. യെഹെസ്ക്കേലിനോട് തന്റെ തല മൊട്ടയടിക്കുവാനും തലമുടി മൂന്നായി വിഭാഗിക്കുവാനും ദൈവം അരുളിചെയ്യുന്നു.  ഓരോ ഭാഗവും യിസ്രായേൽ ജനത്തിന്റെ പാപത്തിനൊത്ത് അവരുടെ മേൽ വരുവാനിരിക്കുന്ന ശിക്ഷാവിധിയെ പ്രതിനിധീകരിക്കുന്നു.  എന്നാൽ ദൈവത്തിന്റെ ന്യായവിധിയുടെ തീവ്രതയെക്കുറിച്ച് പറയുവാനും അതു വിശദീകരിക്കുവാനും വളരെ ബുദ്ധിമുട്ടാണ്.

പ്രായോഗീകം

നമ്മുടെ ദൈവത്തിന്റെ പരിപൂർണ്ണത ഈ അദ്യായത്തിൽ കാണുവാൻ കഴിയും. പുതിയ നിയമ വിശ്വാസികളായിരിക്കുന്ന നാം കൃപായുഗത്തിലായതിനാൽ ദൈവീക ന്യായവിധിയെക്കുറിച്ച് വളരെ ചുരുക്കമായി മാത്രമേ പ്രസംഗിച്ചുകേള്‍ക്കാറുള്ളൂ. അതുകൊണ്ടുതന്നെ ന്യായവിധിയെക്കുറിച്ച് വിശദീകരിക്കുവാൻ പ്രയാസമാണ്. നാം അറിയുവാൻ ആഗ്രഹിക്കുന്നതും വിശ്വസിക്കുന്നതും ദൈവത്തിന്റെ സ്നേഹം എന്ന സ്വഭാവത്തെയാണ്.  ആയതുകൊണ്ട് ദൈവീക സ്വഭാവമായ കോപം പലപ്പോഴും നമുക്ക് അത്രയും ഉള്‍ക്കൊള്ളുവാൻ കഴിയുന്നില്ല.  മാത്രമല്ല ഈ കാലഘട്ടത്തിൽ ദൈവത്തിന്റെ കോപ സ്വാഭാവം നാം കണ്ടിട്ടില്ല.  ചില സന്ദർഭങ്ങളിൽ ഒരുകൂട്ടം ജനങ്ങളുടെ നടുവിലോ ഒരു കുടുംബത്തിലോ ഒരു വ്യക്തിയ്ക്കോ എന്തെങ്കിലും നാശ നഷ്ടം സംഭവിക്കുമ്പോള്‍ അത് ദൈവ കോപം ആയിരുന്നുവെന്ന് ചിലപ്പോള്‍ മടിയോടെ നാം പറയുമായിരിക്കാം.  അതുകൊണ്ട് ദൈവ സ്നേഹത്തെക്കുറിച്ചു മാത്രമേ പറയാവൂ ദൈവ കോപത്തെക്കുറിച്ചുപറയുന്ന ഈ അദ്യായം അത്ര പ്രാധാന്യമുളളതല്ല എന്ന് അർത്ഥമില്ല.  കാരണം പുതിയ നിയമത്തിലെ വെളിപ്പാടു പുസ്തകത്തിലും ദൈവത്തിന്റെ ന്യായവിധി ഈ ലോകത്തിൽ വരും എന്നത് വ്യക്തമാക്കിയിട്ടുണ്ട്. പ്രീയ സുഹൃത്തേ, ദൈവത്തിന്റെ ന്യായവിധിയെക്കുറിച്ച് വിശദീകരിക്കുക പ്രയാസമാണെങ്കിലും അത് ഒരു നഗ്നസത്യമാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് സ്നേഹവാനായിരിക്കുന്നതുപോലെ തന്നെ മനുഷ്യന്റെ പാപത്തിനു തക്ക ശിക്ഷ വിധിക്കുന്ന ദൈവവുമാണെന്നും എനിക്ക് ബോധ്യം നൽകിയതിന് നന്ദി. ഞാൻ അങ്ങയുടെ വചനപ്രകാരം ജീവിച്ച് വരുവാനിരിക്കുന്ന കോപ ദിവസത്തിൽനിന്ന് ഒഴിഞ്ഞുപോകുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ