Uncategorized

“അനുസരിക്കുന്നവർ പരാജയപ്പെടില്ല”

വചനം

സംഖ്യപുസ്തകം 2 : 34

“യഹോവ മോശയോടു കല്പിച്ചതു പോലെ ഒക്കെയും യിസ്രായേൽ മക്കള്‍ ചെയ്തു”.

നിരീക്ഷണം

വിശുദ്ധ വേദപുസ്തകത്തിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങളെ ‘തോറ’ എന്ന എബ്രായ ഭാഷയിൽ അറിയപ്പെടുന്നു. ‘തോറ’ യുടെ ഭാഗമായ സംഖ്യാപുസ്തകത്തിൽ യിസായേൽ മക്കള്‍ ഓരോ നീണ്ട യാത്ര അവസാനിക്കുമ്പോഴും എപ്രകാരമാണ് പാളയം ഇറങ്ങേണ്ടത് എന്ന് ദൈവം മോശയ്ക്ക് നിര്‍ദ്ദേശം നൽകി എന്ന് മനസ്സിലാക്കാം. പ്രത്യേകിച്ച് ഈ രണ്ടാം അദ്ധ്യായം അവസാനിക്കുമ്പോള്‍ ദൈവം അവരോട് കൽപ്പിച്ചതൊക്കെയും യിസ്രായേൽ മക്കള്‍ ചെയ്തു വെന്ന് നമ്മുക്ക് കാണുവാൻ കഴിയും.

പ്രായോഗികം

ദൈവത്തിന്റെ ജനമായ യിസ്രായേൽ മക്കളെക്കുറിച്ചുളള പ്രസംഗവും പഠിപ്പിക്കലും സാധാരണയായി ദൈവഹിതത്തിനെതിരായുളള അവരുടെ നിരന്തരമായ മത്സരങ്ങളെ ഓർമ്മിപ്പിക്കുന്നവയാണ്. എന്നിരുന്നാലും, അവര്‍ എല്ലായിപ്പോഴും ദൈവം നൽകിയ കല്പനകള്‍ പാലിക്കുന്നതിൽ പരാജിതരായിരുന്നില്ല എന്നതാണ് ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നത്.  ഇവിടെ നാം ഓര്‍ക്കേണ്ടത്, ദൈവത്തോട് മത്സരിച്ച് ആർക്കും ജയിക്കുവാൻ കഴിയുകയില്ല എന്നതാണ്. ഇസ്രായേൽ ജനം എന്നും, എപ്പോഴും ദൈവത്തോട് മത്സരിക്കുന്നവർ മാത്രം ആയിരുന്നു എങ്കിൽ അവർക്ക് ഒരിക്കലും വാഗ്ദത്ത കനാനിൽ എത്തുവാൻ കഴിയുമായിരുന്നില്ല. അവര്‍ക്ക് ചിലപ്പോഴെങ്കിലും അനുസരിക്കുന്ന ഒരു മനോഭാവം ഉണ്ടായിരുന്നു എന്ന് നമ്മുക്ക് മനസ്സിലാക്കാം. മറ്റുളളവരുടെ ജീവിതത്തിലെ കുറവുകള്‍ മാത്രം കണ്ടെത്തുന്ന നമ്മുടെ മനോഭാവം മാറ്റേണ്ടത് ആവശ്യമാണ്.  അറിവില്ലാത്ത കാലങ്ങളിൽ എത്രമാത്രം തെറ്റുകള്‍ നാം ചെയ്തവരാണ് എങ്കിലും ദൈവ കൃപയാൽ രക്ഷയെ കണ്ടെത്തിയവരാണ് നാം ഓരോരുത്തരും. ഇന്നും നാം പൂർണ്ണരല്ല എങ്കിലും നാം പരാജയപ്പെടാതിരിക്കുന്നത് യേശു ക്രിസ്തുവിന്റെ കാൽവരിക്രൂശിലെ മരണം നിമിത്തമാണ്. ഈ കർത്താവിനെ നാം അനുസരിച്ചാൽ ജീവതത്തിൽ പരാജയം സമ്മതിക്കേണ്ടിവരില്ല.

പ്രാര്‍ത്ഥന

കർത്താവായ യേശുവേ,

ഞാൻ തെറ്റുകളും കുറവുകളും ഉളള വ്യക്തിയാണെന്ന് തിരിച്ചറിയുകയും അത് സമ്മതിക്കുകയും ചെയ്യുന്നു. എന്നിൽ നിന്നും ഈ ലോകപരമായ ചിന്തകളെ പുറത്താക്കുവാൻ എന്നെ സഹായിക്കുന്നതിന് ഞാൻ നന്ദി പറയുന്നു. എന്റെ ക്രിസ്തീയ ജീവിതത്തിൽ എന്നെ പരാജയപ്പെടുത്തുന്ന എല്ലാ സ്വഭാവങ്ങളും മാറ്റി വിജയത്തിലേക്ക് നടക്കുവാൻ എന്നെ പ്രാപ്തനാക്കേണമേ. ആമേൻ.